Markets

തുടർച്ചയായി വി​-ഗാർഡ് ഓഹരി വാങ്ങിക്കൂട്ടി ഐസിഐസിഐ പ്രൂഡൻഷ്യൽ; എന്താണ് ഇതു നൽകുന്ന സൂചന?

വി-ഗാർഡ് ഇൻഡസ്ട്രീസിൽ ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്ചൽ ഫണ്ടിന്റെ ഓഹരി പങ്കാളിത്തം തുടർച്ചയായി ഉയരുന്നതിൽ നിന്നും നിക്ഷേപകർ എന്ത് മനസ്സിലാക്കണം?

Dhanam News Desk

രാജ്യത്തെ മുൻനിര അസറ്റ് മാനേജ്മെന്റ് കമ്പനികളിലൊന്നായ ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്ചൽ ഫണ്ട്, കൺസ്യൂമർ ഡ്യൂറബിൾസ് സെക്ടറിൽ നിന്നുള്ള പ്രമുഖ കേരള ലി​സ്റ്റഡ് കമ്പനിയായ വി-​ഗാർഡ് ഇൻഡസ്ട്രീസിലെ ഓഹരി വിഹിതം വീണ്ടും വർധിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വിവിധ സന്ദർഭങ്ങളിലായി വി-​ഗാർഡ് ഇൻഡസ്ട്രീസിന്റെ 88,84,696 ഓഹരികളാണ് ഐസിഐസിഐ പ്രൂഡൻഷ്യലിന്റെ വ്യത്യസ്ത മ്യൂച്ചൽ ഫണ്ട് സ്കീമുകൾ ചേർന്ന് വാങ്ങിക്കൂട്ടിയത്.

ഇതോടെ ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്ചൽ ഫണ്ടിന് വി​-ഗാർഡ് ഇൻഡസ്ട്രീസിലെ മൊത്തം ഓഹരി വിഹിതം 7.04 ശതമാനമായി ഉയർന്നു. കമ്പനിയുടെ നിർണായകമായ ഡിസംബർ സാമ്പത്തിക പാദഫലം ജനുവരി 28-ന് പ്രസിദ്ധീകരിക്കാനിരക്കവേ നിക്ഷേപക സ്ഥാപനം വീണ്ടും ഓ​ഹരികൾ വാങ്ങിച്ചുവെന്നതും ശ്രദ്ധേയം. ഈയൊരു പശ്ചാത്തലത്തിൽ സാധാരണക്കാരായ നിക്ഷേപകർ മനസ്സിലാക്കേണ്ട പ്രധാന വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

മൂന്ന് മാസത്തിനിടെ 2.03% ഓഹരി വിഹിതം വർധിപ്പിച്ചു

2025 ഒക്ടോബർ 21 മുതൽ 2026 ജനുവരി 19 വരെയുള്ള മൂന്ന് മാസക്കാലയളവിനിടെ, വി​-​ഗാർഡ് ഇൻഡസ്ട്രീസിലെ ഓഹരി പങ്കാളിത്തത്തിൽ 2.03 ശതമാനം വർധനയാണ് (88,84,696 ഓഹരികൾ) ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്ചൽ ഫണ്ട് വരുത്തിയിട്ടുള്ളത്. ജനുവരി 19-ലെ വ്യാപാരത്തിനിടെ 1,52,059 വി-​ഗാർഡ് ഓഹരികൾ കൂടി വാങ്ങിയതോടെ, ഐസിഐസിഐ പ്രൂഡൻഷ്യൽ ഇതിന് മുൻപ് വെളിപ്പെടുത്തിയിരുന്ന ഓഹരി വിഹിതത്തേക്കാളും രണ്ട് ശതമാനം അധികമായി.

ഇതോടെ ​സെബി (SEBI) നിയമപ്രകാരമുള്ള വെളിപ്പെടുത്തൽ നിബന്ധന (Disclosure Rule) പാലിക്കാനുളള ബാധ്യത നിറവേറ്റുന്നതിന്റെ ഭാ​ഗമായാണ് കഴിഞ്ഞ ദിവസം ​സ്റ്റോക്ക് എക്സ്ചേഞ്ചുകളെ ഈ വിവരം ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്ചൽ ഫണ്ട് അറിയിച്ചത്. ഒരു ലി​സ്റ്റഡ് കമ്പനിയുടെ മൊത്തം ഓഹരി വിഹിതത്തിന്റെ 5 ശതമാനത്തിനുമേൽ ഏതെങ്കിലും നിക്ഷേപകൻ കൈവശപ്പെടുത്തുന്ന വേളയിൽ സ്വമേധയാ കമ്പനി നേതൃത്വത്തേയും ​സ്റ്റോക്ക് എക്സ്ചേഞ്ചിനേയും വിവരം ധരിപ്പിക്കണമെന്നാണ് സെബി നിയമം അനുശാസിക്കുന്നത്. ഇതിനുശേഷം 2 ശതമാനത്തിന് മേൽ ഓഹരി വിഹിതത്തിൽ മാറ്റമുണ്ടാകുന്ന വേളയിലും നിക്ഷേപകൻ ​സ്റ്റോക്ക് എക്സ്ചേഞ്ചിനെ വിവരം അറിയിക്കേണ്ടതുണ്ട്.

നിക്ഷേപകർ എന്ത് മനസ്സിലാക്കണം?

ആഭ്യന്തര വിപണിയിലെ വൻകിട ഇൻ​സ്റ്റിട്യൂഷണൽ നിക്ഷേപകരിലൊന്നായ മ്യൂച്ചൽ ഫണ്ടുകളുടെ പങ്കാളിത്തം ഒരു കമ്പനിയിൽ വർധിക്കുന്നതിനെ പൊതുവിൽ പോസിറ്റീവ് ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. കാരണം, സാധാരണക്കാരായ നിക്ഷേപകരേക്കാളും ഒരു കമ്പനിയെ കുറിച്ചും അത് പ്രവർത്തിക്കുന്ന വ്യവസായ മേഖലയെ സംബന്ധിച്ചതുമായ ആഴത്തിലുള്ള വിവരങ്ങളും ശാസ്ത്രീയമായ ഡേറ്റയും ഒക്കെ മ്യൂച്ചൽ ഫണ്ടുകൾക്ക് എത്തിപ്പിടിക്കാൻ കഴിയുന്നതാണ്. കൂടാതെ ഒറ്റയടിക്ക് എന്നതിനേക്കാളും ഉപരിയായി ഇടവേളകളിൽ ആവർത്തിച്ച് ഓഹരി വാങ്ങുന്നതിനെ ദീർഘകാല നിക്ഷേപത്തിനുള്ള സാധ്യതയാണ് അവർ പരി​ഗണിച്ചിരിക്കുന്നത് എന്നതും വായിച്ചെടുക്കാവുന്നതാണ്.

ഇക്കഴിഞ്ഞ ഡിസംബർ പാദത്തിനൊടുവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വി​-ഗാർഡ് ഇൻഡസ്ട്രീസിന്റെ പ്രൊമോട്ട‌ർ ​ഗ്രൂപ്പിന്റെ കൈവശം 53.28 ശതമാനം ഓഹരി വിഹിതമാണ് സ്വന്തമായുള്ളത്. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (FII) പക്കൽ 12.13 ശതമാനം ഓഹരി വിഹിതമുണ്ട്. മ്യൂച്ചൽ ഫണ്ടുകൾ ഉൾപ്പെടുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) കൈവശം 23.33 ശതമാനം ഓഹരി വിഹിതവുമാണുള്ളത്.

വി​-​ഗാർഡ് ഓഹരിയുടെ പ്രകടനം

ബുധനാഴ്ച ഉച്ചയോടെ 306-308 രൂപ നിലവാരത്തിലാണ് വി​-ഗാർഡ് ഇൻഡസ്ട്രീസ് ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ കേരള ലി​സ്റ്റഡ് കമ്പനിയുടെ ഓഹരിയിൽ 8 ശതമാനത്തിലേറെയും കഴിഞ്ഞ ആറ് മാസത്തിനിടെ 24 ശതമാനത്തിലേറേയും ഇടിവ് നേരിട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ വി-​ഗാർഡ് ഇൻഡസ്ട്രീസ് ഓഹരിയിൽ കുറിച്ച ഉയർന്ന വിലനിലവാരം 413 രൂപയും ഇതേകാലയളവിലെ താഴ്ന്ന വിലനിലവവാരം 298 രൂപയും വീതമാകുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT