Image courtsey: narendramodi.in, x.com/prashant kishore, canva 
Markets

ലോക്സഭാ പോരിനിടെ 'രാഷ്ട്രീയത്തിലും' താരമായി ഓഹരി വിപണി; കമന്റടിച്ച് പ്രധാനമന്ത്രി മുതല്‍ പ്രശാന്ത് കിഷോര്‍ വരെ

ബി.ജെ.പി 370 സീറ്റ്‌ തികച്ചില്ലെങ്കിൽ വിപണിക്കു പണി കിട്ടുമെന്ന് പ്രശാന്ത് കിഷോർ

Dhanam News Desk

പൊതുതിരഞ്ഞെടുപ്പും ഓഹരിവിപണിയും തമ്മിലെന്താണ് ബന്ധം. ഏത് മുന്നണി അധികാരത്തില്‍ വരുമെന്നതിനെ ആശ്രയിച്ച് മാര്‍ക്കറ്റില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടാകുമെന്നാകും വിപണിയെ സദാസമയവും നിരീക്ഷിക്കുന്ന ആളുകളുടെ ഉത്തരം. എന്നാല്‍, പതിവില്‍നിന്ന് വിരുദ്ധമായി ഇത്തവണ തിരഞ്ഞെടുപ്പിലെ ചൂടുള്ള വിഷയമായി വിപണി മാറി.

രാഷ്ട്രീയ നേതാക്കളുടെ ഓഹരിവിപണിയിലെ നിക്ഷേപം മുതല്‍ പ്രചാരണത്തില്‍ ആധിപത്യം നേടാന്‍ വരെ വിപണിയുടെ ചലനങ്ങളെ നേതാക്കള്‍ കൂട്ടുപിടിച്ചു. വിപണിയില്‍ ഇടിവുണ്ടായപ്പോള്‍ ഭരണമാറ്റത്തിലേക്കുള്ള സൂചനയെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശവാദം. എന്നാല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ജൂണ്‍ നാലിന് വിപണി കുതിക്കാനുള്ള പതുങ്ങലാണിതെന്ന് വ്യാഖ്യാനിച്ചു.

മുമ്പെങ്ങുമില്ലാത്തവിധം ഓഹരിവിപണി തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയതിന് പല കാരണങ്ങളുമുണ്ട്. അതിലേറ്റവും പ്രധാനം ഓഹരിവിപണിയില്‍ താല്പര്യമുള്ളവരുടെ എണ്ണത്തിലുണ്ടായ വര്‍ധന തന്നെയാണ്. സാധാരണക്കാരായ ആളുകള്‍ പോലും ഇന്ന് വിപണിയില്‍ നിക്ഷേപിക്കുന്നുണ്ട്.

പ്രവചനവുമായി പ്രശാന്ത് കിഷോര്‍

ഇപ്പോഴിതാ ബി.ജെ.പിയുടെ അവകാശവാദം വോട്ടെണ്ണലിനു ശേഷം വിപണിയെ ഏതുതരത്തില്‍ ബാധിക്കുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഇത്തവണ ബി.ജെ.പി 370 സീറ്റില്‍ താഴെയാണ് നേടുന്നതെങ്കില്‍ മാര്‍ക്കറ്റിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന് അദേഹം പറയുന്നു. ഇതിനുള്ള കാരണവും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുന്നു.

ഒരു കമ്പനിയുടെ വളര്‍ച്ചാ പ്രതീക്ഷ വളരെ ഉയര്‍ന്ന തലത്തിലായിരിക്കുകയും എന്നാല്‍ അതിനൊത്ത് അവര്‍ക്ക് എത്താന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ സ്വഭാവികമായും ഓഹരിവിപണിയില്‍ ആ കമ്പനിക്ക് തിരിച്ചടി ലഭിക്കും. ഇതു തന്നെയാകും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലും ഉണ്ടാകുക. ബി.ജെ.പി മുന്നോട്ടുവച്ച ലക്ഷ്യം സ്വന്തമാക്കാതെ വന്നാല്‍ അത് തീര്‍ച്ചായും വിപണിയില്‍ നെഗറ്റീവ് പ്രതിഫലനം ഉണ്ടാക്കുമെന്ന് പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെടുന്നു.

ജൂണ്‍ നാലിനുശേഷം കുതിപ്പുണ്ടാകുമെന്ന് മോദി

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓഹരിവിപണിയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചര്‍ച്ചാവിഷയമാകുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പലപ്പോഴായി ഓഹരിവിപണിയെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം മോദി പറഞ്ഞത് ജൂണ്‍ നാലിനുശേഷം (വോട്ടെണ്ണല്‍ദിനം) ഓഹരിവിപണി പുതിയ ഉയരങ്ങള്‍ താണ്ടുമെന്നാണ്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 25,000ത്തില്‍ നിന്ന് 75,000 പോയിന്റ് കടക്കാന്‍ മാര്‍ക്കറ്റിനായി. സാധാരണക്കാരായ ആളുകള്‍ പോലും ഓഹരിവിപണിയില്‍ നിക്ഷേപം നടത്തുന്നത് സമ്പദ്ഘടനയെ ശക്തമാക്കുന്നുണ്ട്. നിക്ഷേപകരെ സംബന്ധിച്ച് ജൂണ്‍ 4 സവിശേഷ ദിനമായിരിക്കുമെന്നും മോദി ഒരു ചാനല്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.

സമാനമായ അഭിപ്രായം അമിത് ഷായുടെ ഭാഗത്തുനിന്നും വന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം മൂലം വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങിയ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. വിപണിയിലുണ്ടായ ഇടിവിനു കാരണം തിരഞ്ഞെടുപ്പല്ല. മുന്‍പും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. ജൂണ്‍ നാലിനു മുമ്പ് ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് വോട്ടെണ്ണലിനുശേഷം വലിയ നേട്ടമുണ്ടാകുമെന്നും അദേഹം അവകാശപ്പെട്ടിരുന്നു. മോദിക്ക് ഒാഹരി വിപണികളില്‍ നിക്ഷേപമൊന്നുമില്ല. എന്നാല്‍ അമിത് ഷാ എം.ആര്‍.എഫ് ഉള്‍പ്പെടെയുള്ള കമ്പനികളില്‍ നിക്ഷേപിച്ചിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT