ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഐപിഒകളുടെ (Initial Public Offerings) കുത്തൊഴുക്കിനായിരുന്നു 2025 സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ 12 മാസത്തിനിടെ 344 കമ്പനികള്‍ ഐപിഒ വഴി സമാഹരിച്ചത് 1.75 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ്. കമ്പനികളുടെ വളര്‍ച്ചയ്ക്കും പ്രമോട്ടര്‍മാരുടെ ഓഹരി വിറ്റു പണമാക്കുന്നതിനും ഐപിഒയെ കൂടുതലായി ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് ഈ വര്‍ഷം കണ്ടത്.
നിക്ഷേപകരുടെ മനോഭാവത്തിലുണ്ടായ മാറ്റവും 2025ന്റെ പ്രത്യേകതയാണ്. കമ്പനിയുടെ അടിസ്ഥാനം പോലും നോക്കാതെ ഐപിഒയിലേക്ക് ചാടിയിറങ്ങുന്ന ആഭ്യന്തര നിക്ഷേപകരുടെ കുത്തൊഴുക്കായിരുന്നു ഈ വര്‍ഷം. ലിസ്റ്റിംഗ് സമയത്തെ നേട്ടം കാശാക്കി മാറ്റാനാണ് പലരും ഐപിഒകളില്‍ താല്പര്യം കാണിക്കുന്നത്. ഐപിഒ ട്രെന്റിലെ ഈ ആളനക്കം യാഥാര്‍ത്ഥ്യവുമായി ഒട്ടും പൊരുത്തപ്പെട്ടു പോകുന്നതല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഈ വര്‍ഷം ലിസ്റ്റ് ചെയ്ത പല മെയിന്‍ബോര്‍ഡ് കമ്പനികളുടെയും ഇഷ്യൂ പ്രൈസിനേക്കാള്‍ (ഐപിഒ സമയത്ത് ഓഹരികള്‍ക്ക് നിശ്ചയിക്കുന്ന വില) താഴെയാണ് ഇപ്പോഴത്തെ ഓഹരിവില. 103 പ്രധാന ഓഹരികളില്‍ 47 എണ്ണവും നിലവില്‍ ഐപിഒ വിലയിലും താഴെയാണ്.
പലരും ലിസ്റ്റിംഗ് സമയത്തെ ഉയര്‍ച്ച കണ്ട് ഷോര്‍ട്ട് ടേം ലാഭമെടുപ്പ് ലക്ഷ്യമിട്ടാണ് ഐപിഒയ്ക്കായി അപേക്ഷിക്കുന്നത്. ഐപിഒയില്‍ ഓഹരികള്‍ ലഭിക്കുന്ന പല നിക്ഷേപകരും ഈ ഓഹരികള്‍ ദീര്‍ഘകാലം കൈവശം വയ്ക്കാനും താല്പര്യപ്പെടുന്നില്ല.
1,000 കോടി രൂപയ്ക്ക് മുകളില്‍ സമാഹരിച്ച ഐപിഒകളില്‍ ഇപ്പോഴും മികച്ച പ്രകടനം തുടരുന്നതില്‍ പ്രധാനി മീഷോ (Meesho) ആണ്. ഇഷ്യൂ പ്രൈസിനേക്കാള്‍ 78 ശതമാനം നേട്ടമുണ്ടാക്കാന്‍ മീഷോയ്ക്ക് സാധിച്ചു. ബ്രോക്കറേജ് പ്ലാറ്റ്‌ഫോമായ ഗ്രോയും (Groww) നേട്ടമുണ്ടാക്കി. ഇഷ്യു പ്രൈസിനേക്കാള്‍ 65 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിക്കാന്‍ ഈ ഓഹരിക്കായി.
ശതമാന കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടം സമ്മാനിച്ച ഓഹരികളിലൊന്ന് സ്റ്റാലിയോണ്‍ ഇന്ത്യ ഫ്‌ളൂറോകെമിക്കല്‍സ് ആണ്. ഐപിഒ വിലയേക്കാള്‍ 146 ശതമാനം വരെ ഉയര്‍ന്നു ഈ ഓഹരിവില. ആദിത്യ ഇന്‍ഫോടെക് 122 ശതമാനം നേട്ടം കൊയ്തപ്പോള്‍ ഏഥര്‍ എനര്‍ജി 121 ശതമാനം വരെ ഉയരത്തിലെത്തി.
ഇക്കാലയളവില്‍ വളരെ മോശം പ്രകടനം നടത്തിയവരില്‍ മുന്നിലുള്ളത് ഗ്ലോട്ടിസ് (Glottis) ആണ്. ഇഷ്യു വിലയേക്കാള്‍ 52% ഇടിവാണ് ഓഹരിവിലയില്‍ രേഖപ്പെടുത്തിയത്. ജെം ആരോമാറ്റിക്‌സ് 48 ശതമാനം താഴ്ന്നപ്പോള്‍ വിഎംഎസ് ടിഎംടി 46 ശതമാനവും ഇടിഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine