ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് കൂട്ടത്തോടെ വിറ്റൊഴിവാകുന്ന സൂചനകളാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നല്കുന്നത്. ജിഎസ്ടി പരിഷ്‌കരണത്തിന്റെ അലയൊലികളും രണ്ടാംപാദ ഫലങ്ങളിലെ പോസിറ്റീവും നവംബറില്‍ വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലിന്റെ വേഗം കുറച്ചിരുന്നു. എന്നാല്‍ ഡിസംബറിലേക്ക് വന്നപ്പോള്‍ വീണ്ടും പഴയ ട്രാക്കിലേക്ക് മാറിയിരിക്കുന്നു കാര്യങ്ങള്‍.
നവംബറില്‍ വിദേശ സ്ഥാപനങ്ങള്‍ വിറ്റഴിച്ചത് 3,765 കോടി രൂപയുടെ ഓഹരികളായിരുന്നു. ഒക്ടോബറിലെ 14,610 കോടി രൂപയില്‍ നിന്ന് നവംബറില്‍ വില്പനയില്‍ വലിയ കുറവുണ്ടായി. എന്നാല്‍ ഡിസംബറിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു.
ഡിസംബര്‍ ഒന്ന് മുതലുള്ള മൂന്നു ദിവസങ്ങള്‍ കൊണ്ട് 8,397 കോടി രൂപയാണ് ഓഹരി വിറ്റ് മാറിയത്. ഡിസംബറില്‍ ഈ വര്‍ഷത്തെ വലിയ വില്പന നടക്കുമെന്ന ഭയം വിപണിക്കുണ്ട്. രൂപയുടെ മൂല്യം നാള്‍ക്കുനാള്‍ ഇടിയുന്നതും വീണ്ടും മാന്ദ്യ സൂചനകള്‍ വരുന്നതും വിപണിക്ക് നല്ലതല്ല.
വിദേശ നിക്ഷേപ വരവിലും ഡിസംബറിന്റെ ഗ്രാഫ് താഴേക്കാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ ദിവസങ്ങളില്‍ വെറും 2,727 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് നടത്തിയത്. നവംബറില്‍ സമാനകാലയളവില്‍ ഇത് 4,743 കോടി രൂപയായിരുന്നു. വിദേശ നിക്ഷേപകര്‍ മറ്റ് വളര്‍ച്ചാ സാധ്യതയുള്ള വിപണികളിലേക്ക് ചുവടുമാറ്റുന്നുവെന്ന സൂചനയാണ് ഇത് നല്കുന്നത്.
2025ല്‍ ഇതുവരെ 1.43 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ഇതുവരെ തീരുമാനമാകാത്തത് വിദേശ നിക്ഷേപകരുടെ മനോഭാവം മാറുന്നതിലേക്ക് നയിക്കുന്നുണ്ട്.
വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം വലിയ തോതില്‍ വിപണിക്ക് പ്രതികൂലമായി ബാധിക്കാത്തതിന് കാരണം ഇന്ത്യന്‍ നിക്ഷേപക സ്ഥാപനങ്ങളുടെ പിന്തുണയാണ്. ഇതിനൊപ്പം റീട്ടെയ്ല്‍ നിക്ഷേപകരും വലിയ തോതില്‍ വിപണിയിലേക്ക് എത്തി. സെപ്റ്റംബറില്‍ 23,885 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഓഗസ്റ്റില്‍ ഇത് 34,990 കോടി രൂപയായി. ജൂലൈയില്‍ 17,700 കോടി രൂപയും.
വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുന്നത് പലവിധ കാരണങ്ങളുണ്ട്. അത് ഇന്ത്യ-യുഎസ് വ്യാപാര കരാറിനെ മാത്രം ആശ്രയിച്ചല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ വിപണിയില്‍ ഓഹരികളുടെ വില ഓവര്‍വാല്യു ആണെന്ന പരാതിയാണ് അതിലൊന്ന്. അതായത്, യഥാര്‍ത്ഥ്യത്തിലുള്ള മൂല്യത്തേക്കാള്‍ മുകളിലാണ് ഇപ്പോഴത്തെ അവസ്ഥ. സ്വഭാവികമായും ഈ ഓഹരികളില്‍ നിക്ഷേപിച്ചാല്‍ വലിയ ലാഭമൊന്നും ലഭിക്കില്ല. ഇതുകൊണ്ടാണ് വിദേശ നിക്ഷേപകര്‍ മറ്റ് ഏഷ്യന്‍ വിപണികള്‍ തേടി പോകുന്നത്.
പ്രാഥമിക ഓഹരി വില്പനയെ (ഐപിഒ) വിദേശ നിക്ഷേപക സ്ഥാപനങ്ങളും താല്പര്യത്തോടെയാണ് കാണുന്നത്. സെക്കന്‍ഡറി വിപണികളില്‍ നിന്ന് പിന്‍വലിച്ച് കൂടുതല്‍ ലിസ്റ്റിംഗ് നേട്ടം സമ്മാനിക്കുന്ന ഐപിഒകളിലേക്ക് രീതി വിദേശ നിക്ഷേപകരും പിന്തുടരുന്നു. ഡിസംബറില്‍ ഒരു ഡസന്‍ ഐപിഒകളാണ് വിപണിയിലെത്തുന്നത്. അതുകൊണ്ട് തന്നെ വിദേശ നിക്ഷേപകരുടെ വില്പന സ്വഭാവികമായും കൂടും.
Read DhanamOnline in English
Subscribe to Dhanam Magazine