ഒഴുകുന്ന പണത്തിന്റെ കണക്കെടുത്താൽ ലോകഗതിയെ നിയന്ത്രിക്കാനുള്ള സ്വാധീനശക്തിയും ആഴവും പരപ്പമുള്ളതാണ് ആഗോള സാമ്പത്തിക വിപണി അഥവാ ഫിനാൻഷ്യൽ മാർക്കറ്റ്. ഇവിടെ വില എന്നത്, അസറ്റിന്റെ അഥവാ ആസ്തിയുടെ മൂല്യത്തിന്റെ ഒരു പ്രതിഫലനമാണ്. എന്നാൽ അടിസ്ഥാനമാക്കിയ അസറ്റുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന സംഭവങ്ങൾ അല്ലെങ്കിൽ അനുബന്ധ വാർത്തകളുടെ ടൈമിങ് ആണ് അതിന്റെ വിലയുടെ തുടർഗതിയേയും നീക്കത്തിന്റെ ശക്തിയേയും നിർണയിക്കുന്നത്.
സൂചിപ്പിച്ചുവന്നത് ഇക്കഴിഞ്ഞ ജനുവരി 30ന് യുഎസിൽ അരങ്ങേറിയ രണ്ട് സംഭവങ്ങളാണ്, രാജ്യാന്തര വിപണിയിൽ വില കുതിച്ചുപാഞ്ഞ സ്വർണത്തേയും വെള്ളിയേയും ഇപ്പോൾ പിടിച്ചുകെട്ടിയിരിക്കുന്നത്. ആദ്യത്തേത് യുഎസ് ഫെഡറൽ റിസർവിന്റെ തലപ്പത്തേക്ക് കെവിൻ വാർഷിനെ കൊണ്ടുവരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനമാണ്. രണ്ടാമത്തേത് ആഗോള ഡെറിവേറ്റീവ് വിപണിയുടെ (അവധി വ്യാപാരം) തലതൊട്ടപ്പനായ സിഎംഇ (CME) ഗ്രൂപ്പ്, ഗോൾഡ്, സിൽവർ കോൺട്രാക്ടുകൾക്കുള്ള മാർജിൻ (Margin) വർധിപ്പിച്ചതാണ്. ഒരേസമയത്ത് ഈ രണ്ട് സംഭവങ്ങളും അരങ്ങേറിയപ്പോൾ എന്തുകൊണ്ടാണ് സ്വർണം, വെള്ളി വിലയെ പിടിച്ചുനിർത്താൻ സാധിക്കുന്നതെന്ന് വിശദമായി നോക്കാം.
ലോകത്തെ ഏറ്റവും വലിയ ഫിനാൻഷ്യൽ ഡെറിവേറ്റീവ് എക്സ്ചേഞ്ചുകളുടെ ഓപ്പറേറ്ററായ സിഎംഇ ഗ്രൂപ്പ്, സ്വർണം, വെള്ളി എന്നിവയുടെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ ട്രേഡിങ് മാർജിൻ നിബന്ധനയിൽ ഗണ്യമായ മാറ്റംവരുത്തി. പ്രഷ്യസ് മെറ്റലുകളുടെ വിലയിൽ വൻ കുതിപ്പുണ്ടായ പശ്ചാത്തലത്തിൽ, നേരത്തെയുണ്ടായിരുന്ന ഡോളർ അടിസ്ഥാനത്തിലുള്ള നിശ്ചിതമായൊരു തുകയ്ക്ക് പകരമായി വിപണി വിലയുടെ നിശ്ചിത ശതമാനം എന്ന രീതിയിൽ ട്രേഡിങ് മാർജിൻ കണക്കുകൂട്ടുന്ന മാതൃക 2026 ജനുവരി 13ന് തന്നെ സ്വീകരിച്ചിരുന്നു.
എന്നാൽ തുടർന്നും ഗോൾഡ്, സിൽവർ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ വിപണി വിലയിൽ വൻ മുന്നേറ്റം രേഖപ്പെടുത്തിയപ്പോൾ, ജനുവരി 30ന് സ്വർണത്തിന്റെ ട്രേഡിങ് മാർജിൻ 6 ശതമാനത്തിൽ നിന്നും 8 ശതമാനത്തിലക്കും വെള്ളിയുടെ മാർജിൻ 11 ശതമാനത്തിൽ നിന്നും 15 ശതമാനത്തിലേക്കും വീണ്ടും വർധിപ്പിക്കാൻ സിഎംഇ ഗ്രൂപ്പ് തീരുമാനിച്ചു. ഫലത്തിൽ ട്രേഡിങ് മാർജിനിൽ ഒറ്റയടിക്ക് 33 മുതൽ 36 ശതമാനം വരെ വർധിപ്പിച്ചതോടെ ട്രേഡർമാർക്ക് അധികപണം കണ്ടെത്തേണ്ടിവന്നു. ഇതിന് കഴിയാതിരുന്നവർ വിറ്റുമാറേണ്ടി വന്നതോടെയാണ് ജനുവരി 30-ലെ വ്യാപാരത്തിൽ സ്വർണവില 11 ശതമാനത്തിലേറെയും വെള്ളിയുടെ വില 31 ശതമാനത്തിലേറെയും ഇടിഞ്ഞത്. സുരക്ഷിത നിക്ഷേപമെന്ന മേൽവിലാസമുള്ള സ്വർണത്തിന്റെ വിപണി വിലയിൽ, നാല് പതിറ്റാണ്ടിനിടെ നേരിട്ട ഏറ്റവും വലിയ പ്രതിദിന തിരിച്ചടിയുമായി ഇത്.
പണപ്പെരുപ്പത്തിനും കറൻസി കൂടുതലായി അടിച്ചിറക്കുന്നതിനും എതിരേ മുൻകാലത്ത് കർക്കശ സമീപനം സ്വീകരിച്ചിട്ടുള്ള സാമ്പത്തിക വിദഗ്ധൻ കെവിൻ വാർഷിനെ, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ അടുത്ത അധ്യക്ഷനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുത്തത് ഡോളറിന്റെ മൂല്യം വർധിപ്പിക്കുന്ന സാഹചര്യത്തിന് കളമൊരുക്കുന്നു. കൂടാതെ പരമ്പരാഗത രീതിയിൽ നിന്നുള്ള സാമ്പത്തിക ഡേറ്റകളെ മാത്രം അടിസ്ഥാനമാക്കാതെ, വിപണിയിൽ നിന്നുള്ള സിഗ്നലുകളെ കൂടി കണക്കിലെടുത്ത് പലിശ നിരക്ക് നിർണയം നടത്താമെന്ന സമീപനവും അദ്ദേഹം അടുത്തകാലങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
ഇതോടെ പലിശ നിരക്ക് കുറയ്ക്കാത്തതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപും നിലവിലെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിൽ നടന്നതുപോലെയുള്ള വടംവലി കെവിൻ വാർഷിന് കീഴിൽ അരങ്ങേറാനുള്ള സാധ്യത കുറവായിരിക്കുമെന്നതും അതുവഴി ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയുടെ കേന്ദ്ര ബാങ്കിന്റെ സ്വയാധികാരത്തിനും പ്രവർത്തന സ്വാതന്ത്ര്യത്തിനും ഭാവിയിലും പോറലേൽക്കില്ലെന്ന അനുമാനം ശക്തിപ്പെട്ടതും ഡോളറിന്റെ മൂല്യം ഉയർത്താവുന്ന പശ്ചാത്തലമൊരുക്കുന്നു. ചുരുക്കത്തിൽ കെവിൻ വാർഷിന്റെ കീഴിൽ ഡോളറിന്റെ മൂല്യം ഉയരാനും മങ്ങലേറ്റ സുരക്ഷിത നിക്ഷേപമെന്ന ലേബൽ തിരിച്ചുപിടിക്കാനുള്ള സാധ്യത തുറന്നിട്ടതുമാണ് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ കുതിപ്പിന് തടയിടുന്ന പ്രതിബന്ധങ്ങളിലൊന്നായി മാറിയത്.
എന്തായാലും ജനുവരി 30-ന് അരങ്ങേറിയ മേൽസൂചിപ്പിച്ച രണ്ട് സംഭവങ്ങൾക്കും ശേഷം തലപൊക്കാൻ സ്വർണത്തിനും വെള്ളിക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ജനുവരി 29-ലെ വ്യാപാരത്തിനിടെ 5,600 ഡോളർ നിലവാരം മുന്നേറിയ സ്വർണം ഇപ്പോൾ 4,940 ഡോളർ നിലവാരത്തിലും 121 ഡോളർ വരെ കുതിച്ചുയർന്ന വെള്ളി ഇപ്പോൾ 79 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
ചുരുക്കത്തിൽ ഫെഡറൽ റിസർവ് അധ്യക്ഷസ്ഥാനത്തേക്ക് കെവിൻ വാർഷ് കടന്നുവരുന്ന വാർത്ത വന്നതോടെ ഡോളർ ഭാവിയിൽ ശക്തിപ്പെട്ടേക്കും എന്ന അനുമാനം സ്വർണം, വെള്ളി എന്നിവയുടെ വിൽപ്പനയ്ക്കുള്ള തിരികൊളുത്തിയെങ്കിൽ, യുഎസിലെ ഏറ്റവും വലിയ ഡെറിവേറ്റീവ് എക്സ്ചേഞ്ചുകളിൽ പ്രഷ്യസ് മെറ്റലുകളുടെ ട്രേഡിങ് മാർജിൻ വർധിപ്പിച്ചത് എരിതീയിലേക്ക് എണ്ണയൊഴിച്ച നടപടിയായും മാറിയെന്ന് സാരം.
Read DhanamOnline in English
Subscribe to Dhanam Magazine