പ്രതീകാത്മക ചിത്രം Image Source: Canva
Markets

രണ്ട് വർഷമായി സെൻസെക്സും നിഫ്റ്റിയും നിശ്ചലം; എന്നിട്ടും ഐ.പി.ഒ പ്രവാഹം: പ്രാഥമിക വിപണി സജീവമാകുന്നതിന് പിന്നിൽ?

സെൻസെക്സ്-നിഫ്റ്റി സൂചികകൾ തിരുത്തൽ നേരിടുമ്പോഴും ഐ.പി.ഒ വിപണിയിൽ വൻ പ്രവാഹം; എസ്.ഐ.പി നിക്ഷേപം, പുതിയ സെക്ടറുകൾ, PE-VC ഫണ്ടുകളുടെ എക്സിറ്റ് എന്നിവയാണ് പ്രധാന കാരണങ്ങൾ

Pintu Prakash

കഴിഞ്ഞ രണ്ട് വർഷമായി നിഫ്റ്റിയും സെൻസെക്സും ചാഞ്ചാട്ടത്തിൽ നിൽക്കുമ്പോഴും പ്രാഥമിക വിപണിയിൽ ഐ.പി.ഒകളുടെ കുത്തൊഴുക്ക്. 204 കമ്പനികൾ 83,000 കോടി രൂപ 2026ൽ ഇതിനകം സമാഹരിച്ചു. എന്നാൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ആഭ്യന്തര നിക്ഷേപകരുടെ എസ്.ഐ.പി ഒഴുക്കും ഇന്ത്യൻ വിപണിയെ രണ്ടായി വിഭജിച്ച നിലയിലാണ്. അനലിസ്റ്റുകൾ ഇത് വിപണിയുടെ തകരാറല്ല, വ്യത്യസ്ത നിക്ഷേപ പ്രവണതകളുടെ പ്രതിഫലനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യൻ ഓഹരി വിപണിയിലെ പ്രമുഖ ബെഞ്ച്മാർക്ക് സൂചികകളായ നിഫ്റ്റിയും സെൻസെക്സും കാര്യമായ മുന്നേറ്റമില്ലാതെ ചാഞ്ചാട്ടത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ ഇതിന് വിപരീതമായ കാഴ്ചയാണ് പ്രാഥമിക വിപണിയിൽ (Primary Market) കാണാനാകുന്നത്. കമ്പനികളുടെ ഐ.പി.ഒ. (Initial Public Offering) കുത്തൊഴുക്കാണ് പ്രാഥമിക വിപണിയിൽ തുടരുന്നത്.

2026 സെപ്റ്റംബർ വരെയുള്ള കണക്കുകൾ പ്രകാരം 204 കമ്പനികളാണ് പ്രാരംഭ പൊതുഓഹരി വിൽപ്പനയുമായി (ഐ.പി.ഒ) വിപണിയിൽ എത്തിക്കഴിഞ്ഞത്. ഇതിൽ 72 എണ്ണം മെയിൻബോർഡ് വിഭാഗത്തിലും 132 എണ്ണം എസ്.എം.ഇ. വിഭാഗത്തിലുമാണ്. ഈ ഐ.പി.ഒകളിലൂടെ കമ്പനികൾ 83,000 കോടി രൂപയിലധികം സമാഹരിച്ചതായാണ് കണക്കുകൾ.

സെക്കൻഡറി വിപണിയിലെ നിലവിലെ അനിശ്ചിതാവസ്ഥയും പ്രൈമറി വിപണിയിലെ ഈ ആവേശത്തിമിർപ്പും ഒറ്റനോട്ടത്തിൽ വൈരുദ്ധ്യമായി തോന്നാമെങ്കിലും, വിപണിയുടെ തകരാറായല്ല ഈ പ്രവണതയെ കാണേണ്ടതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. മറിച്ച്, രണ്ട് വ്യത്യസ്ത വിപണി സാഹചര്യങ്ങളെയും നിക്ഷേപക താൽപ്പര്യങ്ങളെയുമാണ് ഈ ചിത്രം പ്രതിഫലിപ്പിക്കുന്നതെന്ന് അനലിസ്റ്റുകൾ സൂചിപ്പിച്ചു.

ആവേശം ചോർന്ന് ബെഞ്ച്മാർക്ക് സൂചികകൾ

കോവിഡിന് പിന്നാലെയുണ്ടായ വൻ മുന്നേറ്റത്തിനിടെ കമ്പനികളുടെ ലാഭക്ഷമതയേക്കാൾ വേഗത്തിൽ ഓഹരി വിലകൾ ഉയർന്നിരുന്നു. ഈ അമിത മൂല്യമതിപ്പിന്റെ (Expensive valuation) തുടർപ്രതിഫലനമാണ് വിപണിയിലെ നിലവിലെ മന്ദഗതിക്ക് പിന്നിലെ മുഖ്യ കാരണങ്ങളിലൊന്ന് എന്നാണ് പൊതുവായ വിലയിരുത്തൽ.

  • മൂല്യമതിപ്പിൽ തിരുത്തൽ: കഴിഞ്ഞ രണ്ട് വർഷമായി ഓഹരി വിലകൾ കുത്തനെ ഇടിയുന്നതിന് പകരം, സമയം എടുത്ത് കമ്പനികളുടെ ലാഭക്ഷമതയ്ക്ക് അനുസൃതമായി വില ക്രമീകരിക്കപ്പെടുന്ന അഥവാ തിരുത്തൽ നേരിടുന്ന (Time Correction) രീതിയാണ് വിപണിയിൽ കാണുന്നത്.

  • വിദേശ നിക്ഷേപകരുടെ പിന്മാറ്റം: വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (FPI) ബാങ്കിംഗ്, ഐ.ടി., കമ്മോഡിറ്റി തുടങ്ങിയ പ്രധാന മേഖലകളിൽ നിന്ന് ഗണ്യമായ തോതിൽ നിക്ഷേപം പിൻവലിച്ചതും വിപണിയുടെ മുന്നേറ്റത്തിന് തിരിച്ചടിയായി.

  • ലാഭമാർജിനിലെ സമ്മർദം: പരമ്പരാഗതമായി ബെഞ്ച്മാർക്ക് സൂചികകളെ നയിക്കുന്ന സെക്ടറുകളിലെ കമ്പനികളുടെ ലാഭക്ഷമതയിലുണ്ടായ തളർച്ചയും വിപണിയുടെ മുന്നേറ്റത്തെ പരിമിതപ്പെടുത്തി.

ആഭ്യന്തര നിക്ഷേപകരുടെ ഒഴുക്ക്

വിദേശ നിക്ഷേപകർ പിന്മാറുമ്പോഴും ആഭ്യന്തര നിക്ഷേപകരുടെ സാന്നിധ്യം ശക്തമാണ്. മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) വഴിയുള്ള നിക്ഷേപം 2026-ൽ പ്രതിമാസം 31,000 കോടി രൂപയ്ക്ക് മുകളിലായിരുന്നു. ജൂലൈയിൽ ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 32,000 കോടി രൂപയ്ക്കടുത്തെത്തി.

ഫണ്ട് മാനേജർമാരുടെ കൈവശമുള്ള ഈ ഭീമമായ തുക, അമിതമായ മൂല്യമതിപ്പിലുള്ളതും മന്ദഗതിയിൽ വളരുന്നതുമായ വൻകിട കമ്പനികളിൽ മാത്രം നിക്ഷേപിക്കാൻ സാധിക്കില്ല. ഇതാണ് പുതിയ ഐ.പി.ഒകളിലേക്ക് നിക്ഷേപം തിരിച്ചുവിടാൻ അസറ്റ് മാനേജ്മെന്റ് കമ്പനികളെ നിർബന്ധിതരാക്കുന്നത്.

പുതിയ സാധ്യതകളും പ്രൈവറ്റ് ഇക്വിറ്റി താൽപര്യങ്ങളും

സെൻസെക്സ്, നിഫ്റ്റി സൂചികകളിൽ ഓയിൽ & ഗ്യാസ്, പരമ്പരാ​ഗത ബാങ്കിംഗ്, ഐ.ടി സർവീസസ് തുടങ്ങിയ സെക്ടറുകൾക്കാണ് പ്രാധാന്യം. എന്നാൽ പുതിയതായി വിപണിയിലെത്തുന്ന ഐ.പി.ഒകൾ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള കമ്പനികളാണ്:

  • ഡിഫൻസ് & ഡീപ് ടെക്: സർക്കാരിന്റെ 'ആത്മനിർഭർ' പദ്ധതി പ്രയോജനപ്പെടുത്തുന്ന കമ്പനികൾ.

  • ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് (EMS): ചൈനയ്ക്ക് പകരമായി വളരുന്ന നിർമ്മാണ മേഖല.

  • കൺസ്യൂമർ ടെക്നോളജി & ഇ.വി: പുതിയ തലമുറ ഉപയോഗങ്ങൾ ലക്ഷ്യമിടുന്ന സ്ഥാപനങ്ങൾ.

ഇതിന് പുറമേ, കഴിഞ്ഞ ദശകത്തിൽ നിക്ഷേപം നടത്തിയ പ്രൈവറ്റ് ഇക്വിറ്റി (PE), വെഞ്ച്വർ ക്യാപിറ്റൽ (VC) ഫണ്ടുകളുടെ 7-10 വർഷത്തെ കാലാവധി പൂർത്തിയാകുന്നതിനാൽ, നിക്ഷേപം പിൻവലിക്കാൻ ഐ.പി.ഒകളെയാണ് അവർ പ്രധാനമായും ആശ്രയിക്കുന്നത്.

ഇൻസൈറ്റിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ ജയദീപ് എസ്. മേനോൻ

നിക്ഷേപകർക്കുള്ള മുന്നറിയിപ്പ്

പുതിയ ഐ.പി.ഒകളോടുള്ള വിപണിയുടെ അമിത താൽപര്യം മുതലെടുത്ത് കമ്പനികൾ ഉയർന്ന പ്രീമിയത്തിലാണ് ഓഹരികൾ വിൽക്കുന്നത്. ഇതിനെതിരെ വിപണി വിദഗ്ദ്ധർ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്.

"ലിസ്റ്റിംഗ് ദിനത്തിൽ പെട്ടെന്ന് ലാഭമുണ്ടാക്കുക എന്ന തരത്തിലുള്ള ചൂതാട്ട മനോഭാവമാണ് ഇന്ന് പല നിക്ഷേപകർക്കും ഉള്ളത്. ഗ്രേ മാർക്കറ്റ് പ്രീമിയവും (GMP) അമിത സബ്‌സ്‌ക്രിപ്ഷൻ കണക്കുകളും മാത്രം നോക്കി ഐ.പി.ഒകൾക്ക് അപേക്ഷിക്കുന്നത് തികച്ചും അപകടകരമായ നീക്കമാണ്," എന്ന് കൊച്ചിയിലെ വസുപ്രദ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസിന്റെ പ്രിൻസിപ്പൽ ഓഫീസറും സെബി രജിസ്റ്റേർഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറുമായ ജയദീപ് എസ്. മേനോൻ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ ഭൂരിഭാഗം ഐ.പി.ഒകളും ഇഷ്യൂ വിലയേക്കാൾ താഴെയാണ് നിലവിൽ വ്യാപാരം നടത്തുന്നതെന്നും, എസ്.എം.ഇ (SME) വിഭാഗത്തിൽ ഈ അവസ്ഥ കൂടുതൽ മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചുരുക്കത്തിൽ, വ്യക്തമായ പഠനങ്ങളില്ലാതെ കേവലം ട്രെൻഡ് മാത്രം നോക്കി ഐ.പി.ഒകളിൽ നിക്ഷേപിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെച്ചേക്കാമെന്ന് സാരം.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT