സെബി നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ റീറ്റെയ്ൽ നിക്ഷേപകർ ഡെറിവേറ്റീവ് വിപണിയിൽ നിന്ന് പിൻവാങ്ങി, മാർജിൻ ട്രേഡിങ് ഫെസിലിറ്റിയിലേക്ക് (MTF) മാറുന്നു. എം.ടി.എഫ് വഴി ലിവറേജ് നിലനിൽക്കുമ്പോഴും, വിപണിയിൽ റിസ്ക് വർധിക്കുന്നു.
മാർക്കറ്റ് റെഗുലേറ്ററായ സെബി (SEBI) നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഡെറിവേറ്റീവ് (F&O) വിപണിയിൽ നിന്ന് റീറ്റെയ്ൽ, എച്ച്.എൻ.ഐ (HNI) നിക്ഷേപകർ കൂട്ടത്തോടെ പിൻവാങ്ങുന്നു. ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളുടെ വലുപ്പം കൂട്ടിയതും (contract sizes), വീക്ക്ലി എക്സ്പയറികളിലെ കുറവ് (weekly expiries), വർധിച്ച ഇടപാടുചെലവ് (transaction costs) എന്നിവയാണ് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് & ഒ) വിപണിയുടെ ആകർഷണം കുറച്ചത്.
എന്നാൽ, വിപണിയിലെ ലിവറേജ് (ലഭ്യമായതിനേക്കാൾ കൂടുതൽ തുകയ്ക്ക് ഓഹരി വാങ്ങാനുള്ള സൗകര്യം) പൂർണമായും അപ്രത്യക്ഷമായിട്ടില്ല. പകരം, ബ്രോക്കർമാർ നൽകുന്ന മാർജിൻ ട്രേഡിങ് ഫെസിലിറ്റി (MTF) വഴി ഇക്വിറ്റി ക്യാഷ് മാർക്കറ്റിലേക്ക് ഈ ഫണ്ടുകൾ നിശബ്ദമായി കുടിയേറുകയാണ്.
സെപ്റ്റംബർ അവസാനം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (NSE) ആകെ എം.ടി.എഫ് ബുക്ക് 1.51 ലക്ഷം കോടി രൂപയെന്ന സർവകാല ഉയർന്ന നിലവാരത്തിൽ എത്തിച്ചേർന്നു. ഈ രംഗത്തെ ആകെ ബിസിനസിന്റെ 95 ശതമാനവും എൻ.എസ്.ഇയിലാണ് നടക്കുന്നത്. 2024 ഒക്ടോബറിലെ 77,482 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് ഇരട്ടി വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ഇക്വിറ്റി ക്യാഷ് വിപണിയിൽ മുന്നേറ്റമുണ്ടാകുമ്പോഴും ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ വലിയ ഇടിവ് കാണാനാകും. സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ഇൻഡക്സ് ഫ്യൂച്ചേഴ്സിന്റെ പ്രതിദിന ശരാശരി വ്യാപാരം (ADT) വാർഷികാടിസ്ഥാനത്തിൽ 30 ശതമാനത്തിലേറെ ഇടിഞ്ഞ് 15,578 കോടി രൂപയായി. ഇതേ കാലയളവിൽ സ്റ്റോക്ക് ഫ്യൂച്ചേഴ്സ് വ്യാപാരം വാർഷികാടിസ്ഥാനത്തിൽ 14 ശതമാനവും ജൂൺ മാസത്തെ അപേക്ഷിച്ച് 19 ശതമാനവും കുറവുണ്ടായി.
പല ട്രേഡർമാർക്കും എഫ് ആൻഡ് ഒ വിപണിയേക്കാൾ സാമ്പത്തികമായി കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കുന്ന ഘടനയാണ് മാർജിൻ ട്രേഡിങ് ഫെസിലിറ്റി മുന്നോട്ട് വെക്കുന്നത്. ഇതിൽ ഓഹരി വാങ്ങുന്ന തുകയുടെ 60 മുതൽ 70 ശതമാനം വരെ ബ്രോക്കറേജ് സ്ഥാപനങ്ങൾ തന്നെ ഫണ്ട് ചെയ്യും. നിക്ഷേപകർ 30 മുതൽ 40 ശതമാനം വരെ മാർജിൻ തുക മാത്രം കൈയിൽ നിന്ന് മുടക്കിയാൽ മതിയാകും. ഈ തുകയ്ക്ക് 9 മുതൽ 12 ശതമാനം വരെയാണ് (ചില സന്ദർഭങ്ങളിൽ ഇതിൽ കൂടുതലും) വാർഷിക പലിശ ഈടാക്കുന്നത്. എക്സ്പയറി ഇല്ല, നിർബന്ധിത ഡെലിവറി ഇല്ല, റോളോവർ ബുദ്ധിമുട്ടുമില്ല. ആഴ്ചകളോ മാസങ്ങളോ പൊസിഷൻ കൈവശം വയ്ക്കാം. എഫ് ആൻഡ് ഒയിൽ ഉയർന്ന ഇടപാട് നികുതിയും മാർജിൻ ചെലവും സമയബന്ധിതമായ സെറ്റിൽമെന്റിന്റെ സമ്മർദ്ദവുമുണ്ട്.
വിപണിയിലെ ഈ മാറ്റം ബ്രോക്കറേജ് കമ്പനികൾക്കും വലിയ വരുമാന സ്രോതസ്സാണ് തുറന്നു നൽകുന്നത്. കൊമേഴ്സ്യൽ പേപ്പറുകൾ (CP) വഴി വിപണിയിൽ നിന്ന് 7 മുതൽ 7.5 ശതമാനം നിരക്കിൽ പണം സമാഹരിക്കുന്ന ബ്രോക്കർമാർ, ഇത് നിക്ഷേപകർക്ക് വായ്പയായി നൽകുന്നത് 9 മുതൽ 12 ശതമാനം വരെയുള്ള ഉയർന്ന നിരക്കിലാണ്. ഇതിലൂടെ ലഭിക്കുന്ന പലിശ നിരക്കിലെ വ്യത്യാസം (Interest Spread) ബ്രോക്കർമാർക്ക് മികച്ച ലാഭം ഉറപ്പാക്കുന്നു. വിശാല വിപണിയിലെ തളർച്ച കാരണം ബ്രോക്കറേജ് വരുമാനം ഇടിയുന്ന സാമ്പത്തിക പാദങ്ങളിൽ പോലും എം.ടി.എഫ് ബുക്കിന്റെ പലിശകളിൽ നിന്നുള്ള വരുമാനം കമ്പനികൾക്ക് സ്ഥിരതയുള്ള വരുമാന സ്രോതസ്സായി മാറുന്നുമുണ്ട്.
മാർജിൻ ട്രേഡിങ് ഫെസിലിറ്റി ഒറ്റനോട്ടത്തിൽ കൂടുതൽ ലാഭകരമായി തോന്നാമെങ്കിലും ഇത് പൂർണമായും സുരക്ഷിതമായ ബദലല്ല; മറിച്ച് മറ്റൊരു രൂപത്തിലുള്ള ലിവറേജ് (കടമെടുപ്പ്) മാത്രമാണ്. വിപണിയിൽ നിന്നും എം.ടി.എഫ് വഴി വാങ്ങിയിട്ടുള്ള ഓഹരികളുടെ വില കുത്തനെ ഇടിഞ്ഞാൽ നിക്ഷേപകർക്ക് ഉടനടി 'മാർജിൻ കോൾ' (കൂടുതൽ തുക നിക്ഷേപിക്കാനുള്ള നിർദേശം) വരും. ഈ സമയത്ത് ഇടപാടുകാരൻ പണം നൽകിയില്ലെങ്കിൽ ബ്രോക്കർമാർ ഓഹരികൾ നിർബന്ധിതമായി വിറ്റഴിക്കും (Liquidate). ഇത് വിപണിയിൽ വൻ വിൽപ്പന സമ്മർദ്ദത്തിന് (Selling Pressure) വഴിതുറന്നേക്കാം. ചുരുക്കത്തിൽ, ലിവറേജ് വിപണിയെ വിട്ടുപോയിട്ടില്ല; പകരം ഡെറിവേറ്റീവ് (F&O) വിഭാഗത്തിൽ നിന്ന് ഇക്വിറ്റി ക്യാഷ് വിഭാഗത്തിലേക്ക് കൂടുമാറിയെന്ന് മാത്രം.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Margin Trading Facility is growing amid changes in India’s derivatives market, but leveraged equity positions carry interest costs and the risk of margin calls and forced liquidation.
Read DhanamOnline in English
Subscribe to Dhanam Magazine