Markets

എഫ്.ഡി വേണ്ട, എം.എഫ് മതി! ബാങ്ക് നിക്ഷേപത്തിൽ നിന്ന് മ്യൂച്വൽ ഫണ്ടിലേക്ക് അതിവേഗം കൂടുമാറി മലയാളി; ഒപ്പം ഒരു മുന്നറിയിപ്പുണ്ട്...

കോവിഡിന് ശേഷം മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധന

Dhanam News Desk

ഇന്ത്യന്‍ കുടുംബങ്ങള്‍ മുമ്പെന്നെത്തേക്കാളും മ്യൂച്വല്‍ഫണ്ടുകളിലേക്ക് ആകൃഷ്ടരാകുകയാണ് ഇപ്പോള്‍. 2025 മേയ് 31 വരെയുള്ള കണക്കുകളനുസരിച്ച് ബാങ്ക് നിക്ഷേപത്തിന്റെ 31 ശതമാനം വരും രാജ്യത്തെ മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി (assets under management /AUM).

കോവിഡ് 19ന് ശേഷമാണ് ഈ അസാധാരണമായ ചുവടുമാറ്റം ദൃശ്യമായി തുടങ്ങുന്നത്. 2015 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് നിക്ഷേപങ്ങളുടെ 13 ശതമാനം മാത്രമായിരുന്നു മ്യൂച്വല്‍ഫണ്ട് ആസ്തി എങ്കില്‍ അത് 2017ല്‍ 16 ശതമാനവും 2021ല്‍ 21 ശതമാനവുമായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇത് എത്തിനില്‍ക്കുന്നത് 29 ശതമാനത്തില്‍. ഇക്വിറ്റി നിക്ഷേപങ്ങളിലേക്ക് കോവിഡിന് ശേഷമുണ്ടായ വലിയ മാറ്റമായാണ് ഇതിനെ കണക്കാക്കുന്നത്. 2025 മേയില്‍ മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 72.2 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം മാത്രം 13.3 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തി.

കേരളത്തിലെ മ്യൂച്വൽ ഫണ്ട് ആസ്തി മേയിലെ കണക്ക് പ്രകാരം 91,300 കോടി രൂപയാണ്. ജി.ഡി.പിയുടെ വെറും 10 ശതമാനം മാത്രമാണിത്.

യു.എസ് ബഹുദൂരം മുന്നില്‍

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്തെ മ്യൂച്വല്‍ഫണ്ട് എ.യു.എമ്മില്‍ 20 ശതമാനവും അവസാന അഞ്ച് വര്‍ഷത്തിനിടെ 24 ശതമാനവും സംയോജിത വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. ഇക്കാലയളവില്‍ യു.എസില്‍ മ്യൂച്വല്‍ ഫണ്ട് ഇന്‍ഡസ്ട്രിയുടെ വളര്‍ച്ച എട്ട് ശതമാനം മാത്രമാണ്. എന്നാല്‍ യു.എസില്‍ മ്യൂച്വല്‍ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി ബാങ്ക് നിക്ഷേപങ്ങളുടെ 100 ശതമാനം വരുമെന്നിരിക്കെ ഇന്ത്യയിലെ 31 ശതമാനമെന്നത് വളരെ കുറവാണ്.

ജാഗ്രത വേണമെന്ന് ഉദയ് കോട്ടക്

പ്രമുഖ ബാങ്കറും കോട്ടക് സെക്യൂരിറ്റീസ് ചെയര്‍പേഴ്‌സണുമായ ഉദയ് കോട്ടക് മ്യൂച്വല്‍ഫണ്ടിന്റെ എ.യു.എം കണക്കുകള്‍ പങ്കുവച്ചുകൊണ്ട് സമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ സാമ്പത്തിക വിദഗ്ധരുടെയും നിക്ഷേപകരുടേയും ശ്രദ്ധ നേടുന്നത്.

'ഇന്ത്യയില്‍ പണം സ്വരുക്കൂട്ടിയിരുന്നവർ നിക്ഷേപകരായി മാറി. കോവിഡിനുശേഷം മ്യൂച്വല്‍ ഫണ്ടിലേക്കുള്ള എം.യു.എം ഇരട്ടിയോളം വര്‍ധിച്ച് ബാങ്ക് നിക്ഷപത്തിന്റെ 31 ശതമാനമായി. സാമ്പത്തിക ഇടപെടലുകളിലെ ഘടനാപരമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണിത്. ഇത് ആഭ്യന്തര മൂലധന റിസ്‌ക് വളര്‍ത്തുകയും ഒരു ഇക്വിറ്റി സംസ്‌കാരം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ അമിതമായ ആവേശത്തെക്കുറിച്ച് നമുക്ക് ജാഗ്രത പാലിക്കാം.'' ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കഴിഞ്ഞ 10 വര്‍ഷത്തെ മ്യൂച്വല്‍ഫണ്ട് എം.യു.എം കണക്കുകളുടെ ഗ്രാഫും പങ്കുവച്ചിട്ടുണ്ട്.

സുരക്ഷിത നിക്ഷേപത്തില്‍ നിന്ന് കൂടുതല്‍ നേട്ടം നല്‍കുന്ന മാര്‍ക്കറ്റ് അധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് ഇന്ത്യന്‍ കുടുംബങ്ങള്‍ മാറുന്നതിന്റെ ആശങ്കയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.

എ,സ്.ഐ.പിയിലും മുന്നേറ്റം

രാജ്യത്തെ മൊത്തം മ്യൂച്വല്‍ഫണ്ട് ഉപയോക്താക്കളുടെ മേയ് വരെയുള്ള കാലയളവില്‍ 5.4 കോടിയാണ്. മുന്‍വര്‍ഷത്തേക്കാള്‍ 90 ലക്ഷത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

മ്യൂച്വല്‍ഫണ്ടിലേക്ക് എസ്.ഐ.പി വഴിയുള്ള നിക്ഷേപം മേയില്‍ 0.21 ശതമാനം ഉയര്‍ന്ന് 26,880 കോടിയായി. കഴിഞ്ഞ കുറച്ചു കാലമായി തുടരുന്ന ഈ എസ്.ഐ.പി മുന്നേറ്റം ഇനിയും തുടരുമെന്നാണ് നിക്ഷേപകരും കരുതുന്നത്.

India sees a structural shift as mutual fund AUM grows 31% in a decade, with Uday Kotak urging investor caution.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT