Canva
Markets

3 കാരണങ്ങൾ; ലാർജ് ക്യാപ് വിട്ട് ചെറിയ ഓഹരികൾ വാങ്ങിക്കൂട്ടി വിദേശ നിക്ഷേപകർ; എന്തുകൊണ്ട്?

വിദേശ നിക്ഷേപകർ ഇന്ത്യ കൈവിടുകയല്ല, മറിച്ച് തങ്ങളുടെ ഇക്വിറ്റി പോർട്ട്‌ഫോളിയോ കൂടുതൽ വൈവിധ്യവത്കരിക്കുകയാണ് ചെയ്യുന്നതെന്ന് അനലി​സ്റ്റുകൾ

Dhanam News Desk

ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ (FPIs) പരമ്പരാഗത നിക്ഷേപ ശൈലിയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ പ്രകടമാണെന്ന് മാർക്കറ്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലാർജ്-ക്യാപ് കമ്പനികളിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്ന വിദേശ നിക്ഷേപകർ, പകരം ആഭ്യന്തര വിപണിയിലെ മിഡ്-ക്യാപ്—സ്മോൾ ക്യാപ് ഓഹരികളിലേക്ക് നിക്ഷേപം മാറ്റുകയാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

നിലവിൽ ഇന്ത്യൻ വിപണിയിലെ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം ഒരു പതിറ്റാണ്ട് മുൻപത്തെ 20 ശതമാനത്തിൽ നിന്നും 15 ശതമാനമായി താഴ്ന്നിട്ടുണ്ട്. കൂടാതെ 'എം.എസ്.സി.ഐ എമേർജിംഗ് മാർക്കറ്റ്സ്' (MSCI Emerging Markets) സൂചികയിലെ ഇന്ത്യയുടെ വിഹിതം 2024-ലെ ഉയർന്ന നിരക്കായ 20 ശതമാനത്തിൽ നിന്നും 12 ശതമാനമായും കുറഞ്ഞു. എന്നിരുന്നാലും, വിദേശ നിക്ഷേപകർ ഇന്ത്യ കൈവിടുകയല്ല, മറിച്ച് തങ്ങളുടെ ഇക്വിറ്റി പോർട്ട്‌ഫോളിയോ കൂടുതൽ വൈവിധ്യവത്കരിക്കുകയാണ് ചെയ്യുന്നതെന്ന് അനലി​സ്റ്റുകൾ വിശദീകരിച്ചു.

നേരത്തെ 900-ഓളം ലി​സ്റ്റഡ് കമ്പനികളിൽ നിക്ഷേപമുണ്ടായിരുന്ന വിദേശ നിക്ഷേപകർ, ഇപ്പോൾ അത് 1,300-ഓളം കമ്പനികളിലേക്ക് വ്യാപിപ്പിച്ചു. നിഫ്റ്റി സൂചികയുടെ ഭാ​ഗമായ 10 മുൻനിര ഓഹരികളിൽ ഉണ്ടായിരുന്ന വിദേശ നിക്ഷേപകരുടെ വിഹിതം 40.9 ശതമാനത്തിൽ നിന്നും 21.3 ശതമാനമായി ചുരുങ്ങിയിട്ടുമുണ്ട്.

പിന്നിൽ 3 പ്രധാന കാരണങ്ങൾ

  • രൂപയുടെ മൂല്യശോഷണവും ഡോളർ അധിഷ്ഠിത ആദായത്തിലെ കുറവും: 2022 മാർച്ചിനും 2026 മേയ് മാസത്തിനും ഇടയിൽ നിഫ്റ്റി സൂചികയിൽ 35 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയെങ്കിലും, ഇതേ കാലയളവിൽ യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27-28 ശതമാനം ഇടിഞ്ഞു. ഇത് വിദേശ നിക്ഷേപകരുടെ ഡോളർ അധിഷ്ഠിത ആദായത്തെ (USD Returns) പ്രതികൂലമായി ബാധിച്ചു. ഇതേസമയം യു.എസ് വിപണിയിലെ എസ് & പി-500 സൂചിക 60 ശതമാനത്തിലധികം നേട്ടം നൽകിയതും യു.എസ് ട്രഷറി ബോണ്ടുകൾ ഉയർന്ന പലിശ ഉറപ്പുനൽകിയതും വിദേശ നിക്ഷേപകരെ യു.എസ് വിപണിയിലേക്ക് ആകർഷിച്ചു.

  • മുൻനിര സെക്ടറുകളിലെ പ്രതിസന്ധി: നിഫ്റ്റി സൂചികയിൽ നിർണായക സാന്നിധ്യമുള്ള ഐടി സെക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ കടന്നുവരവോടെ വലിയ തിരുത്തലുകൾക്ക് വിധേയമായി. കൂടാതെ എച്ച്.ഡി.എഫ്.സി ലിമിറ്റഡുമായുള്ള ലയനത്തിന് ശേഷം എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികൾ വിപണിയിൽ പ്രതീക്ഷിച്ച മുന്നേറ്റം നടത്തിയില്ല. വിപണിയെ നയിക്കേണ്ട ഈ പ്രധാന സെക്ടറുകൾ നേരിട്ട മന്ദത പ്രധാന ഓഹരി സൂചികയുടെ പ്രകടനത്തേയും പ്രതികൂലമായി ബാധിച്ചു.

  • പുതിയ നിക്ഷേപ സാധ്യതകളുടെ ആവിർഭാവം: 2023—2025 കാലയളവിലെ ഐ.പി.ഒ മുന്നേറ്റത്തിലൂടെ നിരവധി പുതിയ കമ്പനികളാണ് ഇന്ത്യൻ വിപണിയിൽ ലിസ്റ്റ് ചെയ്തത്. 'ചൈന പ്ലസ് വൺ' നയത്തിന്റെ ഭാഗമായി ഇലക്ട്രോണിക്സ്, ക്യാപിറ്റൽ ഗുഡ്സ്, സ്പെഷ്യാൽറ്റി കെമിക്കൽസ്, പവർ എക്യുപ്‌മെന്റ്സ് തുടങ്ങിയ നിർമ്മാണ മേഖലകളിൽ ഉയർന്നുവന്ന മിഡ്-ക്യാപ് കമ്പനികൾ വിദേശ നിക്ഷേപകർക്ക് നിഫ്റ്റി ഓഹരികൾക്കുള്ള മികച്ച ബദലുകളായി മാറി.

എന്ത് മനസ്സിലാക്കണം?

വിദേശ നിക്ഷേപകരുടെ നിക്ഷേപ ശൈലിയിലുള്ള ഈ മാറ്റം, പ്രധാനമായും ഉയർന്ന ലിക്വിഡിറ്റിയുള്ള (ലഭ്യതയുള്ള) മിഡ്-ക്യാപ് ഓഹരികളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുതായി വിവിധ മാർക്കറ്റ് റിപ്പോർട്ടുകളിൽ നിന്നും വായിച്ചെടുക്കാനാകും. അതേസമയം, സ്മോൾ-ക്യാപ് ഓഹരികളിൽ ഇപ്പോൾ നിലനിൽക്കുന്ന മുന്നേറ്റം പൂർണമായും ആഭ്യന്തര റിട്ടെയിൽ നിക്ഷേപകരുടെ എസ്.ഐ.പി പ്രവാഹത്തെ (SIP Inflow) ആശ്രയിച്ചുള്ളതാണ്. പ്രതിമാസം 30,000—32,000 കോടി രൂപയിലെത്തി നിൽക്കുന്ന ആഭ്യന്തര മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള എസ്‌.ഐ.പി നിക്ഷേപങ്ങളാണ് സ്മോൾ-ക്യാപ് വിപണിയെ ശക്തമായി നിലനിർത്തുന്നത്. ചുരുക്കത്തിൽ, വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയെ ഉപേക്ഷിക്കുകയല്ല, മറിച്ച് പരമ്പരാ​ഗത സൂചികകളുടെ ഭാ​ഗമായിട്ടുള്ള മുൻനിര കമ്പനികൾക്ക് ഉപരിയായുള്ള പുതിയ വളർച്ചാ സാധ്യതകളിലേക്ക് നിക്ഷേപം മാറ്റുകയാണ് ചെയ്യുന്നതെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT