ഇന്ത്യ വിക്സ് (India VIX) ചൊവ്വാഴ്ച 14 ശതമാനം ഇടിഞ്ഞ് 19.99 എന്ന നിലയിലെത്തി. ഒരു മാസത്തിനുള്ളിൽ 70 ശതമാനത്തിലധികം വർദ്ധിച്ചതിന് ശേഷമാണ് വിക്സ് സൂചികയില്‍ ഇടിവ് രേഖപ്പെടുത്തിയത്. വിപണിയുടെ അസ്ഥിരതയെ അളക്കുന്ന സൂചികയാണ് വിക്സ്. പശ്ചിമേഷ്യയിലെ യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷവും ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നതും കാരണം വിക്സ് സൂചിക 21 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതും പശ്ചിമേഷ്യയിലെ പിരിമുറുക്കം കുറഞ്ഞതുമാണ് വിപണിയിൽ പ്രതീക്ഷ നൽകിയത്. മിഡിൽ ഈസ്റ്റിലെ യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പ്രസ്താവിച്ചത് വിതരണ തടസങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അകറ്റി. ഇതോടെ വിപണി ഉണരുകയും സെൻസെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഉയരുകയും ചെയ്തു.
വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ, നിഫ്റ്റിക്ക് നിലവിൽ 23,697 എന്ന നിലയിൽ ശക്തമായ പിന്തുണയുണ്ട്. നിഫ്റ്റി 24,300–24,370 പരിധി മറികടന്നാൽ 25,000 എന്ന റെക്കോർഡ് നിലയിലേക്ക് കുതിക്കാൻ സാധ്യതയുണ്ട്. അതേസമയം, ഈ പരിധി മറികടക്കാൻ കഴിഞ്ഞില്ലെങ്കിൽ വിപണിയിൽ ഏകീകരണമോ (Consolidation) നേരിയ ഇടിവോ ഉണ്ടായേക്കാം.
കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിപണിയിലുണ്ടായ 2,000 പോയിന്റിന്റെ ഇടിവ് ദീർഘകാല നിക്ഷേപകർക്ക് മികച്ച നിലവാരമുള്ള ഓഹരികൾ വാങ്ങാനുള്ള അവസരമായി കാണാമെന്നും അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. വിക്സ് സൂചിക കുറയുന്നത് നിക്ഷേപകർക്കിടയിലെ ആശങ്കകൾ കുറയുന്നതിനെയും വിപണിയിലെ റിസ്ക് എടുക്കാനുള്ള താല്പര്യം കൂടുന്നതിനെയുമാണ് സൂചിപ്പിക്കുന്നത്.
Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.
India VIX dropped sharply as market volatility eased, raising expectations of a potential rally in Sensex and Nifty if key resistance levels are crossed.
Read DhanamOnline in English
Subscribe to Dhanam Magazine