Image courtesy: Canva
Markets

മഹീന്ദ്രയും മാരുതിയും ടാറ്റയും ചുവപ്പിൽ; ഓട്ടോ സെക്ടർ ഓഹരികൾ കൂപ്പുകുത്തുന്നു, പിന്നിലെ കാരണങ്ങൾ ഇതാ

ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകളും വിലക്കുറവും ലഭിക്കുമെങ്കിലും, ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികൾക്ക് ഇത് വരാനിരിക്കുന്ന വലിയ മത്സരത്തിന്റെ സൂചനയാണ്

Dhanam News Desk

ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയെ സംബന്ധിച്ചിടത്തോളം ഇന്ന് ആശങ്കയുടെ ദിനമായിരിക്കുകയാണ്. പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (M&M), ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുക്കി ഇന്ത്യ തുടങ്ങിയവയുടെ ഓഹരി വില 5 ശതമാനം വരെ ഇടിഞ്ഞത് വിപണിയെ ഒന്നാകെ പിടിച്ചുലച്ചു. ഇതിന്റെ ഫലമായി നിഫ്റ്റി ഓട്ടോ സൂചിക 1.6 ശതമാനം താഴേക്ക് പോയി. പ്രധാനമായും ഇന്ത്യയും യൂറോപ്യൻ യൂണിയനും (EU) തമ്മിൽ ഒപ്പുവെക്കാനിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാറിനെ (Free Trade Agreement- FTA) കുറിച്ചുള്ള വാർത്തകളാണ് ഈ തകർച്ചയ്ക്ക് കാരണമായത്.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഓഹരികൾ ബിഎസ്ഇയിൽ രാവിലത്തെ സെഷനില്‍ 5 ശതമാനം ഇടിഞ്ഞ് 3366.50 രൂപ എന്ന നിലയിലെത്തി ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടു. മാരുതി സുസുക്കി ഓഹരികൾ ഏകദേശം 3 ശതമാനവും ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി 2 ശതമാനവും ഇടിഞ്ഞു.

എന്താണ് വിപണിയെ ഭയപ്പെടുത്തുന്നത്?

കരാർ പ്രകാരം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ ഇന്ത്യ ഗണ്യമായി കുറയ്ക്കുമെന്ന റിപ്പോർട്ടുകളാണ് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നത്. നിലവിൽ 66 ശതമാനം മുതല്‍ 110 ശതമാനം വരെ ഇറക്കുമതി തീരുവയുള്ള ആഡംബര കാറുകൾക്ക് മേലുള്ള നികുതി 30-35 ശതമാനമായും, നിശ്ചിത ക്വാട്ട പ്രകാരം ഘട്ടം ഘട്ടമായി 10 ശതമാനമായും കുറയ്ക്കാനാണ് ആലോചന. ഇത് വിപണിയിലെത്തിയാൽ ഔഡി, ബിഎംഡബ്ല്യു, മെഴ്സിഡസ് ബെൻസ് തുടങ്ങിയ പ്രീമിയം ബ്രാൻഡുകൾക്ക് വലിയ വിലക്കുറവ് ലഭിക്കും.

മഹീന്ദ്രയെയും ടാറ്റ മോട്ടോഴ്സിനെയും ബാധിക്കുന്നത് എങ്ങനെ?

പ്രീമിയം എസ്‌യുവി (SUV) വിഭാഗത്തിൽ കരുത്തറിയിക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ഇത് കനത്ത വെല്ലുവിളിയാകും. കുറഞ്ഞ വിലയിൽ വിദേശ കാറുകൾ ലഭ്യമാകുന്നതോടെ ആഭ്യന്തര നിർമ്മാതാക്കളുടെ വിപണി വിഹിതം കുറയുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു. ടാറ്റ മോട്ടോഴ്സിനെ സംബന്ധിച്ചിടത്തോളം ഈ നീക്കം സമ്മിശ്രമാണ്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാർ ലാൻഡ് റോവർ (JLR) ബ്രാൻഡിന് ഇത് ഗുണകരമാകുമെങ്കിലും, ടാറ്റക്ക് കൂടുതല്‍ സ്വാധീനമുളള ഇലക്ട്രിക് വാഹന വിഭാഗത്തിൽ യൂറോപ്യൻ കമ്പനികളായ ഫോക്‌സ്‌വാഗൺ, റെനോ എന്നിവയിൽ നിന്ന് കടുത്ത മത്സരം നേരിടേണ്ടി വരും.

ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്‌സുകളും വിലക്കുറവും ലഭിക്കുമെങ്കിലും, ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികൾക്ക് ഇത് വരാനിരിക്കുന്ന വലിയ മത്സരത്തിന്റെ സൂചനയാണ്.

Indian auto stocks fall sharply amid concerns over EU-India FTA that may cut import duties on premium European cars.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT