മാർച്ച് മാസം മുതൽ ഇന്ത്യൻ ബാങ്ക് ഓഹരികൾ വലിയ രീതിയിലുള്ള തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. നിഫ്റ്റി ബാങ്ക് സൂചികയുടെ വിപണി മൂല്യത്തിൽ ഏകദേശം 95 ബില്യൺ ഡോളറിന്റെ (ഏകദേശം 8.83 ലക്ഷം കോടി രൂപ) കുറവാണ് ഉണ്ടായത്. സമീപകാലത്തെ ഉയർന്ന നിരക്കിൽ നിന്ന് 20 ശതമാനത്തിന്റെ ഇടിവാണ് ഇത്. ഇതിനോടകം തന്നെ വിദേശ നിക്ഷേപകർ സാമ്പത്തിക സേവന മേഖലയിൽ നിന്ന് ഏകദേശം 3.5 ബില്യൺ ഡോളർ പിൻവലിച്ചു കഴിഞ്ഞു. ബെഞ്ച്മാർക്ക് സൂചികയുടെ മൂന്നിലൊന്ന് ഭാഗവും ബാങ്കിംഗ് ഓഹരികളുടെ സംഭാവനയായതിനാൽ, ഓഹരി വിപണിയുടെ ഭാവി സംബന്ധിച്ച് ഈ മേഖല നിര്‍ണായകമാണ്.
ആഗോള വിപണിയിലെ വർദ്ധിച്ചുവരുന്ന ക്രൂഡ് ഓയില്‍ വിലയും രൂപയുടെ മൂല്യം സംരക്ഷിക്കാനായി റിസർവ് ബാങ്ക് നടത്തുന്ന ഇടപെടലുകളുമാണ് ബാങ്കിംഗ് ഓഹരികളിലെ പ്രധാന വെല്ലുവിളി. പണ നയം കർശനമായി തുടരുന്നത് ഹ്രസ്വ-ഇടത്തരം കാലയളവിൽ ഈ ഓഹരികളിൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
റെക്കോർഡ് താഴ്ചയിലുള്ള രൂപയെ സംരക്ഷിക്കാൻ ആർ.ബി.ഐ നടത്തുന്ന ശ്രമങ്ങൾ വിപണിയിലെ ലിക്വിഡിറ്റി കുറയ്ക്കുന്നതിനും സാമ്പത്തിക സാഹചര്യങ്ങൾ കടുപ്പമേറിയതാക്കാനും കാരണമാകുന്നു. ഇത് വരും പാദങ്ങളിൽ ബാങ്കുകളുടെ ലാഭക്ഷമതയെ ബാധിച്ചേക്കാം. കൂടാതെ, പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയിലെ വായ്പാ വളർച്ചയെ (Credit growth) തടസപ്പെടുത്തിയേക്കുമെന്നും ആശങ്കയുണ്ട്.
ആർ.ബി.ഐയുടെ നിർദ്ദേശപ്രകാരം കറൻസി ട്രേഡുകൾ അവസാനിപ്പിക്കേണ്ടി വരുന്നത് വഴി ബാങ്കുകൾക്ക് ഏകദേശം 50 ബില്യൺ രൂപയുടെ നഷ്ടം സംഭവിച്ചേക്കാമെന്ന് ജെഫറീസ് (Jefferies) വിലയിരുത്തുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലും പൊതുമേഖലാ ബാങ്കുകളേക്കാൾ ആഘാതം ഉൾക്കൊള്ളാൻ ശേഷിയുള്ള സ്വകാര്യ ബാങ്കുകൾക്കാണ് സിറ്റി ബാങ്ക് മുൻഗണന നൽകുന്നത്. ആഗോള സാമ്പത്തിക സമ്മര്‍ദ്ദം മുന്‍കൂട്ടി മനസിലാക്കാന്‍ സ്വകാര്യ ബാങ്കുകള്‍ക്ക് കഴിയുമെന്നതിനാലാണ് ഇത്.
എന്നിരുന്നാലും, നിലവിലെ വിലയിടിവ് കാരണം ബാങ്ക് ഓഹരികളുടെ മൂല്യം (Valuation) 2020 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയത് പുതിയ നിക്ഷേപകർക്ക് ആകർഷകമായ അവസരം നൽകുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹ്രസ്വകാലത്തേക്ക് ബാങ്ക് ഓഹരികളിൽ സമ്മർദ്ദം തുടരാൻ സാധ്യതയുണ്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇത് ലാഭകരമായേക്കാമെന്നും അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു.
Disclaimer: മേൽസൂചിപ്പിച്ച വിവരങ്ങള്‍ പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഓഹരി വിപണിയിലെ നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine