ഇന്ത്യന്‍ കടപ്പത്ര (Bonds) വിപണിയിലേക്ക് 2023ല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഒഴുക്കിയ നിക്ഷേപം 60,000 കോടി രൂപയ്ക്ക് മുകളിലാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം ഏറ്റുവാങ്ങിയാണ് 2023 വിട പറഞ്ഞത്. എന്തുകൊണ്ടാണ് വിദേശികള്‍ ഇന്ത്യന്‍ കടപ്പത്രങ്ങള്‍ ഇങ്ങനെ വാങ്ങിക്കൂട്ടുന്നത്?
2024 ജൂണ്‍ മുതല്‍ ഇന്ത്യന്‍ കടപ്പത്രങ്ങളെ ജെ.പി. മോര്‍ഗന്‍ എമെര്‍ജിംഗ് മാര്‍ക്കറ്റ് ഗ്ലോബല്‍ ബോണ്ട് സൂചികയില്‍ ഉള്‍പ്പെടുത്തും. 2023 സെപ്റ്റംബറില്‍ ഇത് സംബന്ധിച്ച് തീരുമാനമായിരുന്നു. ഇതിലൂടെ ഇന്ത്യയുടെ എക്‌സ്റ്റേണല്‍ ബാലന്‍സ് ഷീറ്റ് മെച്ചപ്പെടുത്താനും മൂലധന ചെലവ് കുറയ്ക്കാനും ബോണ്ട് വിപണി ശക്തിപ്പെടുത്താനും സാധിക്കും. തുടക്കത്തില്‍ സൂചികയില്‍ ഒരു ശതമാനം തൂക്കം (weightage) നല്‍കിയാണ് ഇന്ത്യന്‍ കടപ്പത്രങ്ങളെ ഉള്‍പ്പെടുത്തുന്നത്. ഓരോ മാസവും ഇത് ഒരു ശതമാനം വീതം വര്‍ധിപ്പിച്ച് 2025 ഏപ്രിലില്‍ 10 ശതമാനമാക്കും. മോര്‍ഗന്‍ സൂചികയില്‍ ഉള്‍പ്പെട്ട ശേഷം ഇന്ത്യന്‍ കടപ്പത്രങ്ങളിലേക്ക് 2,500 കോടി ഡോളര്‍ നിക്ഷേപം അധികമായി എത്തുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്‍.ബി.എഫ്.സികള്‍ നല്‍കുന്ന വ്യക്തിഗത വായ്പകള്‍, സുരക്ഷിതമല്ലാത്ത വായ്പകള്‍ എന്നിവയുടെ റിസ്‌ക് ഭാരം റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ചിരുന്നു. ഫലത്തില്‍, എന്‍.ബി.എഫ്.സികളും വായ്പയ്ക്കുള്ള പണം തേടി ഇനി കടപ്പത്രങ്ങളെ ആശ്രയിച്ച് തുടങ്ങും. ഇതും ഇന്ത്യന്‍ ബോണ്ട് വിപണി വിപുലമാക്കാന്‍ കാരണമാകും.
Read DhanamOnline in English
Subscribe to Dhanam Magazine