Image : Canva 
Markets

രാജ്യത്തെ ആദ്യ ഗ്യാസ് എക്സ്ചേഞ്ച് ഐ.പി.ഒ വരുന്നു; 1.67 കോടി ഓഹരികൾ വിപണിയിലിറക്കാൻ ഐഇഎക്സ്, വിശദാംശങ്ങള്‍ ഇങ്ങനെ

രാജ്യത്ത് സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ പ്രകൃതി വാതകത്തിന്റെ വില നിർണയിക്കാനും വിപണനം സുഗമമാക്കാനും വേണ്ടിയാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്

Dhanam News Desk

ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (IEX) പ്രൊമോട്ട് ചെയ്യുന്ന ഇന്ത്യൻ ഗ്യാസ് എക്സ്ചേഞ്ച് (IGX) പ്രാഥമിക വിപണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. ഇതിനായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (SEBI) കമ്പനി പ്രാഥമിക രേഖകൾ (DRHP) സമർപ്പിച്ചു. പ്രകൃതി വാതക (Natural Gas) വ്യാപാരത്തിനായി ഇന്ത്യയിൽ ആരംഭിച്ച ആദ്യത്തെ ഓൺലൈൻ ഡെലിവറി അധിഷ്ഠിത ഗ്യാസ് ട്രേഡിംഗ് പ്ലാറ്റ്‌ഫോമാണ് ഐജിഎക്സ്.

ലിസ്റ്റിംഗ് പൂർത്തിയാകുന്നതോടെ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെടുന്ന രാജ്യത്തെ ആദ്യത്തെ ഗ്യാസ് എക്സ്ചേഞ്ചായി ഐജിഎക്സ് മാറും. രാജ്യത്ത് സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ പ്രകൃതി വാതകത്തിന്റെ വില നിർണയിക്കാനും വിപണനം സുഗമമാക്കാനും വേണ്ടിയാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.കേന്ദ്ര ഗവൺമെന്റിന്റെ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ (PNGRB) കീഴിലാണ് ഇതിന്റെ പ്രവർത്തനം. ബിഎസ്ഇയിൽ (BSE) മാത്രമായിരിക്കും ഈ ഓഹരികൾ ലിസ്റ്റ് ചെയ്യപ്പെടുക.

ഐപിഒയുടെ സവിശേഷതകൾ

ഈ ഐപിഒ പൂർണമായും ഒരു ഓഫർ ഫോർ സെയിൽ (OFS) ആയിരിക്കും. പ്രൊമോട്ടറായ ഐഇഎക്സ് തങ്ങളുടെ കൈവശമുള്ള 1.67 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. കമ്പനി പുതിയ മൂലധനമൊന്നും സമാഹരിക്കാത്തതിനാൽ ഐപിഒയിലൂടെ ലഭിക്കുന്ന തുക മുഴുവൻ വിൽപന നടത്തുന്ന ഓഹരി ഉടമയായ ഐഇഎക്സിനായിരിക്കും ലഭിക്കുക. നിലവിൽ ഐജിഎക്സിൽ 47.28 ശതമാനം ഓഹരി പങ്കാളിത്തമാണ് ഐഇഎക്സിനുള്ളത്. എൻഎസ്ഇ ഇൻവെസ്റ്റ്‌മെന്റ്സ് (24.75%), ഒഎൻജിസി (ONGC), ഗെയിൽ (GAIL), അദാനി ടോട്ടൽ ഗ്യാസ്, ഐഒസി (IOC) തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കും ഇതിൽ പങ്കാളിത്തമുണ്ട്.

കമ്പനിയുടെ വളർച്ച

2019 നവംബറിൽ സ്ഥാപിതമായ ഐജിഎക്സ്, പ്രകൃതിവാതകത്തിന്റെ നേരിട്ടുള്ള കൈമാറ്റം (Physical delivery) സാധ്യമാക്കുന്ന വിപണിയായാണ് പ്രവർത്തിക്കുന്നത്. സ്‌പോട്ട് കോൺട്രാക്റ്റുകൾക്ക് പുറമെ ആറ് മാസം വരെയുള്ള ഫോർവേഡ് കോൺട്രാക്റ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. സാമ്പത്തികമായി മികച്ച വളർച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്. 2026 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ലാഭം 36.5 ശതമാനം വർദ്ധിച്ച് 42 കോടി രൂപയായും വരുമാനം 25 ശതമാനം ഉയർന്ന് 61 കോടി രൂപയായും മാറി. കമ്പനിയുടെ ട്രേഡിംഗ് വോളിയം 37.12 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (CAGR) രേഖപ്പെടുത്തിക്കൊണ്ട് 76.79 ദശലക്ഷം എംഎംബിടിയു (MMBtu) ആയി ഉയർന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT