പ്രതീകാത്മക ചിത്രം (Source: Canva); ഇൻസൈറ്റിൽ റിസർച്ച് അനലി​സ്റ്റ് ശ്രീകുമാരൻ എം. 
Markets

ഐടി ഓഹരികൾ ഇനി രക്ഷപ്പെടുമോ? എ.ഐ പിടിമുറുക്കുമ്പോൾ ഇന്ത്യൻ ഐടി സെക്ടറിന്റെ ഭാവിയെന്ത്?

ഇന്ത്യൻ ഐടി മേഖല തളർച്ചയിലല്ല, മറിച്ച് വലിയ പരിവർത്തനത്തിലാണ്. പരമ്പരാഗത ഔട്ട്‌സോഴ്‌സിങ് ജോലികൾ കുറയുമ്പോഴും എഐ, ക്ലൗഡ്, എഞ്ചിനീയറിം​ഗ്, ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ മുന്നേറുന്ന കമ്പനികൾ കരുത്താർജ്ജിക്കും

Pintu Prakash

ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും സുരക്ഷിത നിക്ഷേപ സങ്കേതങ്ങളിലൊന്നായി ഏറെക്കാലം കണക്കാക്കപ്പെട്ടിരുന്ന ഐടി മേഖലയിൽ ഇപ്പോൾ പ്രകടമാകുന്നത് താത്കാലികമായ ഇടിവല്ല, മറിച്ച് ഘടനാപരമായ ഒരു വലിയ മാറ്റമാണെന്ന് സെബി അം​ഗീകൃത സ്വതന്ത്ര റിസർച്ച് അനലിസ്റ്റ് ശ്രീകുമാരൻ എം. (SEBI Reg. No. INH000023959) പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യയുടെ വളർച്ച കോഡിംഗ്, ടെസ്റ്റിംഗ്, സിസ്റ്റം മെയിന്റനൻസ് തുടങ്ങിയ പരമ്പരാഗത ഐടി ജോലികളെ വലിയ തോതിൽ ഓട്ടോമേറ്റ് ചെയ്യുന്നതാണ് ഈ മാറ്റത്തിനുള്ള കാരണം.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജീവനക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി വിദേശ ക്ലയന്റുകളിൽ നിന്ന് ഓർഡറുകൾ നേടിയിരുന്ന ഇന്ത്യൻ ഐടി കമ്പനികളുടെ ബിസിനസ് മോഡലിനാണ് ഇപ്പോൾ ഇളക്കം തട്ടിയിരിക്കുന്നത്. പരമ്പരാഗതമായി മനുഷ്യർ ചെയ്തിരുന്ന ജോലികൾ എ.ഐ ടൂളുകൾ വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും ചെയ്തുതീർക്കുന്നു. ഇതിനാൽ ആഗോള കമ്പനികൾ സാധാരണ ഐടി കോൺട്രാക്റ്റുകൾ വെട്ടിക്കുറയ്ക്കുകയും എ.ഐ സാങ്കേതികവിദ്യയിലേക്ക് കൂടുതൽ ഫണ്ട് മാറ്റുകയും ചെയ്യുന്നുണ്ട്.

തിരിച്ചടിക്കുള്ള 4 പ്രധാന കാരണങ്ങൾ

മുൻനിര ഐടി ഓഹരികളുടെ വില കഴിഞ്ഞ ആറ് മാസത്തിനിടെ 40 ശതമാനം വരെ ഇടിവ് നേരിട്ടതിന് പിന്നിൽ നാല് പ്രധാന ഘടകങ്ങളുണ്ട്.

1. എ.ഐ ഓട്ടോമേഷൻ: സാധാരണ കോഡിംഗ്, സോഫ്റ്റ്‌‍വെയർ ടെസ്റ്റിംഗ് ജോലികൾ എ.ഐ ഏറ്റെടുക്കുന്നത്.

2. കുറയുന്ന ആഗോള ചെലവിടൽ: യു.എസ്, യൂറോപ്യൻ കമ്പനികൾ പുതിയ സാങ്കേതിക പദ്ധതികൾക്കായി പണം മുടക്കുന്നതിൽ കാണിക്കുന്ന ജാഗ്രത.

3. വാല്യുവേഷൻ റീസെറ്റ്: വരുമാന വളർച്ചയിലെ മന്ദഗതി മുൻകൂട്ടി കണ്ട് നിക്ഷേപകർ വാല്യുവേഷൻ ഉയർന്നു നിൽക്കുന്ന ഓഹരികളിലെ നിക്ഷേപം പുനഃക്രമീകരിക്കുന്നത്.

4. മാറുന്ന തൊഴിൽ രീതി: സാധാരണ ഐടി തസ്തികകൾക്ക് പകരം എ.ഐ വൈദഗ്ധ്യമുള്ള ജീവനക്കാരെ മാത്രം കമ്പനികൾ ഉയർന്ന ശമ്പളത്തിൽ നിയമിക്കുന്നത്.

നിക്ഷേപകർ സ്വീകരിക്കേണ്ട തന്ത്രങ്ങൾ

വിപണിയിൽ ഇപ്പോൾ പ്രകടമായ ഇടിവ് ഐടി മേഖലയുടെ തകർച്ചയല്ല, മറിച്ച് ഒരു പരിവർത്തന ഘട്ടമാണെന്ന് ശ്രീകുമാരൻ വ്യക്തമാക്കുന്നു. അതിനാൽ നിക്ഷേപകർ പരിഭ്രാന്തരായി ഓഹരികൾ വിറ്റഴിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാർജ്-ക്യാപ് ഐടി ഓഹരികൾ: മികച്ച സാമ്പത്തിക അടിത്തറയുള്ളതും ശക്തമായ ബാലൻസ് ഷീറ്റ് ഉള്ളതും കടബാധ്യതകൾ ഇല്ലാത്തതുമായ മുൻനിര ലാർജ്-ക്യാപ് ഐടി ഓഹരികൾ നിലനിർത്താനും (Hold), ഇടിവുകളിൽ ഘട്ടങ്ങളായി കൂടുതൽ വാങ്ങാനും (Accumulate) അനലിസ്റ്റ് നിർദ്ദേശിക്കുന്നു.

മിഡ്-ക്യാപ് ഐടി ഓഹരികൾ: കൂടുതൽ ശ്രദ്ധയോടെ വേണം മിഡ്-ക്യാപ് ഐടി ഓഹരികൾ തിരഞ്ഞെടുക്കേണ്ടത്. ശക്തമായ എ.ഐ കാര്യശേഷി തെളിയിച്ചതും, ക്ലൗഡ്—ഡിജിറ്റൽ പരിവർത്തനത്തിൽ വൈദഗ്ധ്യം ഉള്ളതുമായ കമ്പനികൾ നിലനിർത്താം. എന്നാൽ പരമ്പരാഗത ജോലികളെ മാത്രം ആശ്രയിക്കുന്ന ഐടി കമ്പനികളിലെ നിക്ഷേപം കുറയ്ക്കുന്നതാണ് ഉചിതമെന്നും അനലി​സ്റ്റ് വ്യക്തമാക്കി.

മേഖലപ്രധാന സാധ്യതകൾഉദാഹരണങ്ങൾ
ഡൈവേഴ്സിഫൈഡ് ലീഡേഴ്സ്ബാങ്കിംഗ്, ഇൻഷുറൻസ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് മൈഗ്രേഷൻ എന്നിവയുള്ള വൻകിട കമ്പനികൾമുൻനിര ലാർജ്-ക്യാപ് ഐടി കമ്പനികൾ
എഞ്ചിനീയറിംഗ് & എ.ഐ സ്പെഷ്യലിസ്റ്റുകൾഎയറോസ്പേസ്, ഹെൽത്ത്കെയർ ടെക്നോളജി, ഓട്ടോമോട്ടീവ് സോഫ്റ്റ്‌വെയറുകൾ എന്നിവ ചെയ്യുന്നവർടാറ്റാ എൽക്സി
എ.ഐ & ഡാറ്റാ ഇനേബിൾമെന്റ്കമ്പനികളുടെ ഡാറ്റ എ.ഐ ഉപയോഗത്തിന് അനുയോജ്യമായി ക്രമീകരിച്ചു നൽകുന്നവർപെർസിസ്റ്റന്റ് സിസ്റ്റംസ്, കൊഫോർജ്
ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ (GCC)ആഗോള കമ്പനികൾ ഇന്ത്യയിൽ നേരിട്ട് സ്ഥാപിക്കുന്ന എ.ഐ, എഞ്ചിനീയറിംഗ് കേന്ദ്രങ്ങൾടയർ-2 നഗരങ്ങളിലെ പുതിയ ജി.സി.സികൾ

ഇനി സാധ്യതയുള്ള മേഖലകൾ?

വരുന്ന 3 മുതൽ 5 വർഷത്തിനുള്ളിൽ ഐടി സെക്ടറിന്റെ അടുത്തഘട്ടം കുതിപ്പിന് നേതൃത്വം നൽകാൻ സാധ്യതയുള്ള നാല് ഉപമേഖലകളാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇതിനോടൊപ്പം ഇന്ത്യയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസനത്തിന്റെ ഭാഗമായി ഉയർന്നുവരുന്ന ഡാറ്റ സെന്ററുകളുമായി ബന്ധപ്പെട്ട് പവർ ഇൻഫ്രാസ്ട്രക്ചർ, കൂളിംഗ് സിസ്റ്റംസ്, ഇലക്ട്രിക്കൽ എക്വിപ്മെന്റ്, ഇൻഡസ്ട്രിയൽ കൺസ്ട്രക്ഷൻ, ഡാറ്റ സെന്റർ സർവീസസ് തുടങ്ങിയ രം​ഗങ്ങളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ശ്രീകുമാരൻ പറഞ്ഞു.

നിക്ഷേപകർക്കുള്ള അവസരവും ജാഗ്രതയും

ഇന്ത്യൻ ഐടി മേഖല തളർച്ചയിലല്ല, മറിച്ച് വലിയ പരിവർത്തനത്തിലാണ്. പരമ്പരാഗത ഔട്ട്‌സോഴ്‌സിങ് ജോലികൾ കുറയുമ്പോഴും എഐ, ക്ലൗഡ്, എഞ്ചിനീയറിം​ഗ്, ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ മുന്നേറുന്ന കമ്പനികൾ കരുത്താർജ്ജിക്കും. സമീപകാലത്ത് നേരിട്ട ശക്തമായ തിരുത്തൽ, ദീർഘകാല നിക്ഷേപകർക്ക് അടിസ്ഥാനപരമായി മികച്ച ഓഹരികളെ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനുള്ള (Selective Accumulate Rating) അവസരമൊരുക്കുന്നു.

എങ്കിലും, ആഗോള തലത്തിൽ സാങ്കേതികവിദ്യയ്ക്കായുള്ള ചെലവിടൽ കുറയുന്നുണ്ടോ, കമ്പനികൾക്ക് പൊരുത്തപ്പെടാൻ കഴിയുന്നതിലും വേ​ഗത്തിൽ വ്യവസായത്തിൽ എഐ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടോ, പരമ്പരാഗത ഐടി സേവനങ്ങളുടെ പ്രതിഫലം ഇടിയുന്നുണ്ടോ, എഐ വിദഗ്ദ്ധരുടെ ദൗർലഭ്യം എന്നിവ നിക്ഷേപകർ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. കമ്പനികളുടെ സാങ്കേതിക നവീകരണ ശേഷി വിലയിരുത്തി വേണം ഇനി ഐടി ഓഹരികളിലെ നിക്ഷേപ സംബന്ധമായ തീരുമാനങ്ങൾ പരി​ഗണിക്കേണ്ടത് എന്നും അനലി​സ്റ്റ് ശ്രീകുമാരൻ പറഞ്ഞു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT