canva
Markets

വിപണികളിൽ ചോ‌രപ്പുഴ; ഓഹരിയും സ്വർണവും വെള്ളിയും ഒരുപോലെ വീഴുന്നു; പിന്നിൽ 6 കാരണങ്ങൾ

ഇന്നത്തെ വ്യാപാരത്തിനിടെ 1,129 ഓഹരികൾ ഒരു വർഷക്കാലയളവിലെ പുതിയ താഴ്ന്ന നിലവാരം കുറിച്ചു. 405 ഓഹരികൾ ഇന്ന് വാങ്ങാൻ നിക്ഷേപകർ തയ്യാറാകാത്തതിനെ തുടർന്ന് ലോവർ സർക്യൂട്ട് നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. എല്ലാ ഓഹരി വിഭാ​ഗം സൂചികകളും ഇന്ന് നഷ്ടം നേരിട്ടു.

Dhanam News Desk

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് (2026 മാർച്ച് 23) കനത്ത ഇടിവ്. പ്രധാനപ്പെട്ട ഓഹരി സൂചികകളിൽ രണ്ടര ശതമാനത്തിലേറെ നഷ്ടം കുറിച്ചു. എല്ലാ വിഭാ​ഗം ഓഹരികളിലും തിരിച്ചടി നേരിട്ടു. നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 14 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ എൻഎസ്ഇ നിഫ്റ്റി സൂചിക 602 പോയിന്റ് (-2.60%) താഴ്ന്ന് 22,513 നിലവാരത്തിലും ബിഎസ്ഇ സെൻസെക്സ് സൂചിക 1,837 പോയിന്റ് (-2.46%) ഇടിഞ്ഞ് 72,696 നിലവാരത്തിലും ക്ലോസിങ് കുറിച്ചു.

പ്രധാനപ്പെട്ട സെക്ടറൽ സൂചികയായ ബാങ്ക് നിഫ്റ്റി 1,989 പോയിന്റ് (-3.72%) താഴ്ന്ന് 51,438 നിലവാരത്തിലും വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ 11 മാസത്തിനിടയിൽ ബാങ്ക് നിഫ്റ്റി കുറിക്കുന്ന ഏറ്റവും താഴ്ന്ന നിലവാരമാണിത്. അതുപോലെ യു.എസ്. ഡോളറിനെതിരേ രൂപയുടെ വിനിമയ മൂല്യം സർവകാല താഴ്ചയിലേക്ക് വീണു. 93.84-ലേക്കാണ് ഡോളറിനെതിരായ രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. ഇതിനിടെ സ്വർണത്തിലും വെള്ളിയിലും ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്വർണം നാല് മാസത്തെ താഴ്ന്ന നിലയിലേക്ക് വീണു. വെള്ളിയുടെ വില സർവകാല റെക്കോഡിൽ നിന്നും ഏകദേശം പകുതിയായി.

വിശാല വിപണി

തിങ്കളാഴ്ച രാവിലെ തിരിച്ചടി നേരിട്ടാണ് ഇന്ത്യൻ വിപണിയിൽ വ്യാപാരം ആരംഭിച്ചത്. പിന്നീട് ഒരു ഘട്ടത്തിൽ പോലും തലയുയർത്താൻ പ്രധാന ഓഹരി സൂചികകൾക്ക് സാധിച്ചില്ല. ഒടുവിൽ ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപം തന്നെയാണ് പ്രധാന ഓഹരി സൂചികകൾ എല്ലാം ക്ലോസിങ് രേഖപ്പെടുത്തിയത്. വിശാല വിപണിയിലും ഇന്ന് കനത്ത തിരിച്ചടി പ്രകടമായി. ബിഎസ്ഇയിൽ ഇന്ന് മൊത്തം വ്യാപാരം ചെയ്യപ്പെട്ടത് 4,556 ഓഹരികളാണ്. ഇതിൽ 642 എണ്ണം മാത്രമാണ് നേട്ടത്തിൽ ഇന്ന് വ്യാപാരം പൂർത്തിയാക്കിയത്. 3,788 ഓഹരികൾ നഷ്ടം നേരിട്ടു.

അതുപോലെ ഇന്നത്തെ വ്യാപാരത്തിനിടെ 1,129 ഓഹരികൾ ഒരു വർഷക്കാലയളവിലെ പുതിയ താഴ്ന്ന നിലവാരം കുറിച്ചു. 405 ഓഹരികൾ ഇന്ന് വാങ്ങാൻ നിക്ഷേപകർ തയ്യാറാകാത്തതിനെ തുടർന്ന് ലോവർ സർക്യൂട്ട് നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. എല്ലാ ഓഹരി വിഭാ​ഗം സൂചികകളും ഇന്ന് നഷ്ടം നേരിട്ടു. കൺസ്യൂമർ ഡ്യൂറബിൾസ് വിഭാ​ഗം സൂചിക അഞ്ച് ശതമാനത്തിലേറേയും മെറ്റൽ, പൊതുമേഖല ബാങ്ക്, റിയൽ എ​സ്റ്റേറ്റ് വിഭാ​ഗം സൂചികകൾ നാല് ശതമാനത്തിലേറെയും ഓട്ടോമൊബീൽ, ഫിനാൻഷ്യൽ സർവീസസ്, മീഡിയ, പ്രൈവറ്റ് ബാങ്ക് വിഭാ​ഗം സൂചികകൾ മൂന്ന് ശതമാനത്തിലേറെയും ഇടിവ് നേരിട്ടു. താരതമ്യേന നഷ്ടം കുറിവായിരുന്നത് ഐടി വിഭാ​ഗം ഓഹരികളിലായിരുന്നു എന്നതും ശ്രദ്ധേയം.

വിപണിയിലെ ഭയത്തിന്റെ അളവുകോലായ ഇന്ത്യ വിക്സ് (VIX) സൂചിക 17.17 ശതമാനം കുതിച്ചുയർന്ന് 26.73 നിലവാരത്തിൽ ക്ലോസിങ് കുറിച്ചു. നിഫ്റ്റിയുടെ ഭാ​ഗമായ 50 ഓഹരികളിൽ മൂന്നെണ്ണം മാത്രമാണ് ഇന്ന് നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കിയത്. എച്ച്സിഎൽ ടെക് ഓഹരി 1.75 ശതമാനം നേട്ടം കരസ്ഥമാക്കി. പവർ ​ഗ്രിഡ് കോർപറേഷൻ, ടെക് മഹീന്ദ്ര ഓഹരികളും നേട്ടത്തിൽ അവസാനിപ്പിച്ചു. അതേസമയം ടൈറ്റൻ, ശ്രീറാം ഫിനാൻഷ്യൽ, ട്രെന്റ്, ജിയോ ഫിനാൻസ്, എച്ച്ഡിഎഫ്സി ലൈഫ്, അൾട്രാടെക് സിമന്റ്, അദാനി എന്റർപ്രൈസസ് എന്നിവ അഞ്ച് ശതമാനത്തിലേറെ ഇടിവ് കുറിച്ചു.

എന്തുകൊണ്ട് കനത്ത തിരിച്ചടി?

അരഡ‍സനോളം പ്രതികൂല ഘടകങ്ങളുടെ ഒന്നിച്ചുള്ള സ്വാധീനമാണ് തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ഇന്ത്യൻ വിപണിയിൽ കനത്ത നഷ്ടം നേരിടാൻ ഇടയാക്കിയത്. ഇതിൽ പശ്ചിമേഷ്യയിലെ യുദ്ധം വഷളാകുന്നതും രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ നിരക്ക് 110 ഡോളർ നിരക്കിന് മുകളിൽ തുടരുന്നതും ഡോളറിനെതിരേ രൂപയുടെ വിനിമയമൂല്യം റെക്കോഡ് താഴ്ചയിലേക്ക് വീണതും വിദേശ നിക്ഷേപകർ (എഫ്ഐഐ) ഉയർത്തുന്ന തുടർച്ചയായ വിൽപ്പന സമ്മർദവും യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് ഉയർന്നു നിൽക്കുന്നതും ആ​ഗോള വിപണികൾ നഷ്ടത്തിലായിരുന്നതും ഒക്കെ ഇന്ത്യൻ വിപണിയേയും ഇന്നത്തെ വ്യാപാരത്തിൽ പ്രതികൂലമായി സ്വാധീനിച്ചു.

ലോഹങ്ങളിലും വൻ ഇടിവ്

തിങ്കളാഴ്ചത്തെ വ്യാപാരത്തിനിടെ ആ​ഗോള തലത്തിൽ വില കൂടിയ ലോഹങ്ങളുടെ വിലയിലും തകർച്ച പ്രകടമായി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രാജ്യാന്തര വിപണിയിൽ നിന്നുംസ്വർണ നിക്ഷേപകരുടെ 2,00,000 കോടി ഡോളറിന്റെ മൂല്യമാണ് നഷ്ടമായത്. സ്പോട്ട് മാർക്കറ്റിൽ സ്വർണ വില 8 ശതമാനത്തോളം ഇടിഞ്ഞ് 4,266 ഡോളറിലേക്ക് താഴ്ന്നു. നാല് മാസത്തെ താഴ്ന്ന വിലനിലവാരമാണിത്. പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ച ശേഷം സ്വർണ വിലയിൽ 22 ശതമാനം കുറവ് രേഖപ്പെടുത്തി.

സമാനമായി വെള്ളിയിലും വൻ ഇടിവ് നേരിട്ടു. 6 ശതമാനത്തോളം താഴ്ന്ന് 64 ഡോളറിലാണ് വെള്ളിയുടെ വ്യാപാരം പുരോ​ഗമിക്കുന്നത്. സർവകാല റെക്കോഡിൽ നിന്നും വെള്ളിയുടെ വിലയിൽ 50 ശതമാനത്തോളം ഇടിവ് നേരിട്ടു. ഡോളർ മൂല്യം വർധിക്കുന്നതും യു.എസ് സർക്കാർ കടപ്പത്രങ്ങളുടെ ആദായ നിരക്ക് ഉയരുന്നതും വിപണിയിലെ ച‍ാഞ്ചാട്ടം കാരണം നിക്ഷേപകർ ലാഭമെടുപ്പിന് തുനിയുന്നതും ഒക്കെ സ്വർണം, വെള്ളി വില ഇടിയാൻ പ്രേരണയേകുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT