canva
Markets

വിപണിയിൽ വീണ്ടും തിരിച്ചടി; നിഫ്റ്റിയും സെൻസെക്സും പത്തര മാസത്തെ താഴ്ന്ന നിലയിൽ; ഇനിയും താഴേക്കോ?

ബാങ്ക്, ധനകാര്യം, വാഹനം, റിയൽ എ​സ്റ്റേറ്റ് തുടങ്ങിയ ഓഹരി വിഭാ​ഗങ്ങളിൽ കനത്ത വിൽപ്പന സമ്മർദം പ്രകടമായി. കഴിഞ്ഞ ദിവസം കരസ്ഥമാക്കിയ നേട്ടമെല്ലാം ഇന്നത്തെ തിരിച്ചടിയോടെ കൈവിട്ടുപോയി.

Dhanam News Desk

ഇന്ത്യൻ വിപണിയിൽ നഷ്ടക്കഥ തുടരുന്നു. ബുധനാഴ്ചത്തെ (2026 മാർച്ച് 11) വ്യാപാരത്തിൽ, പ്രധാന ഓഹരി സൂചികകളിൽ ഒന്നര ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി. രാവിലെ നേരിയ നഷ്ടത്തോടെയായിരുന്നു തുടക്കമെങ്കിലും വ്യാപാരം പുരോ​ഗമിക്കുന്തോറും പിന്തുണ മേഖലകൾ തകരുകയും സൂചികകൾ കൂടുതൽ താഴേക്ക് പതിക്കുകയുമായിരുന്നു. ബാങ്ക്, ധനകാര്യം, വാഹനം, റിയൽ എ​സ്റ്റേറ്റ് തുടങ്ങിയ ഓഹരി വിഭാ​ഗങ്ങളിൽ കനത്ത വിൽപ്പന സമ്മർദം പ്രകടമായി. കഴിഞ്ഞ ദിവസം കരസ്ഥമാക്കിയ നേട്ടമെല്ലാം ഇന്നത്തെ തിരിച്ചടിയോടെ കൈവിട്ടുപോയി.

ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ എൻഎസ്ഇ നിഫ്റ്റി സൂചിക 395 പോയിന്റ് (-1.63%) താഴ്ന്ന് 23,867-ൽ ക്ലോസിങ് കുറിച്ചു. 2025 ഏപ്രിൽ 17-ന് ശേഷം ഇതാദ്യമായാണ് നിഫ്റ്റി സൂചിക 24,000 നിലവാരത്തിന് താഴെ ക്ലോസിങ് രേഖപ്പെടുത്തുന്നത്. ബിഎസ്ഇ സെൻസെക്സ് സൂചിക 1,342 പോയിന്റ് (-1.72%) ഇടിഞ്ഞ് 76,864 നിലവാരത്തിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. പത്തര മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന ക്ലോസിങ് നിലവാരമാണിത്. അതുപോലെ ബാങ്ക് നിഫ്റ്റി സൂചിക 1,215 പോയിന്റ് (-2.13%) നഷ്ടത്തോടെ 55,736ലും ക്ലോസിങ് കുറിച്ചു. ആഭ്യന്തര വിപണിയിലെ ഇന്നത്തെ തിരിച്ചടിയിൽ 5 ലക്ഷം കോടി രൂപയുടെ ആസ്തിമൂല്യമാണ് നിക്ഷേപകർക്ക് നഷ്ടമായത്.

എന്തുകൊണ്ട് തിരിച്ചടി?

1. പശ്ചിമേഷ്യൻ യുദ്ധത്തിന് ശമനമില്ല: കഴി‍ഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പ്രതീക്ഷിച്ചതിലും വളരെ നേരത്തെ സംഘർഷം അവസാനിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇറാനും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ 12-ാം ദിവസവും രൂക്ഷമായി തുടരുന്നു. ട്രംപിന്റെ പ്രസ്താവനയോടുള്ള മറുപടിയെന്നോണം, ഞങ്ങളുടെ വിരൽ കാഞ്ചിയിൽ തന്നെയുണ്ടെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതോടെ ഹോർമുസ് കടലിടുക്കിലെ സംഘർഷാവസ്ഥ തുടരുമെന്നും ഇത് ക്രൂഡോയിൽ, പ്രകൃതി വാതക കടത്തിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമായതും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയേകി.

2. വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) വിൽപ്പന സമ്മർദം ശക്തമായി തുടരുന്നു. മാർച്ച് മാസത്തിൽ ഇതുവരെയുള്ള ആറ് വ്യാപാര ദിനങ്ങളിലായി ആകെ 32,849 കോടി രൂപയുടെ ഇന്ത്യൻ കമ്പനികളുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിവാക്കിയത്. മറുവശത്ത് ആഭ്യന്തര സ്ഥാപന നിക്ഷേപകരുടെ (ഡിഐഐ) ശക്തമായ വാങ്ങലാണ് വിപണിയെ വലിയ തകർച്ചയിൽ നിന്നും രക്ഷിച്ചെടുക്കുന്നത്. ഈമാസം ഇതുവരെയായി 48,134 കോടി രൂപയുടെ ഓഹരികളാണ് ഡിഐഐ വാങ്ങിയത്.

3. വിക്സ് (VIX) സൂചിക വീണ്ടും 21-ന് മുകളിൽ. വിപണിയിലെ ഭയസൂചികയെന്ന് അറിയപ്പെടുന്ന ഇന്ത്യ വിക്സ് ഇന്ന് 11% വർധിച്ച് 21.06 നിലവാരത്തിലേക്ക് ഉയർന്നു. സമീപഭാവിയിലേക്ക് വിപണിൽ ചാഞ്ചാട്ടം നേരിടാമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നു എന്നാണിതിന്റെ അർത്ഥം.

4. രൂപ വീണ്ടും ദുർബലമായത് വിപണിക്ക് തിരിച്ചടിയേകി. യുഎസ് ഡോളറിനെതിരായ രൂപയുടെ വിനിമയ മൂല്യം 0.14% താഴ്ന്ന് 91.935 നിലവാരത്തിലായിരുന്നു ഇന്നത്തെ തുടക്കം.

വിശാല വിപണിയിലും തിരിച്ചടി

എൻഎസ്ഇയിൽ ഇന്ന് ആകെ വ്യാപാരം ചെയ്യപ്പെട്ടത് 3,299 ഓഹരികളാണ്. ഇതിൽ 1,337 ഓഹ​രികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. മറുവശത്ത് 1,869 ഓഹരികൾ നഷ്ടത്തിൽ കലാശിച്ചു. 93 ഓഹരികളുടെ വിലയിൽ ഇന്ന് മാറ്റമൊന്നുമില്ല. 140 ഓഹരികൾ 52 ആഴ്ചയിലെ താഴ്ന്ന നിലയിലേക്കും 32 ഓഹരികൾ ഇതേ കാലയളവിലെ ഉയർന്ന നിലവാരത്തിലേക്കും എത്തിച്ചേർന്നു. 81 ഓഹരികൾ അപ്പർ സർക്യൂട്ട് നിലവാരത്തിലും 54 ഓഹരികൾ ലോവർ സർക്യൂട്ട് നിലവാരത്തിലും ക്ലോസിങ് കുറിച്ചു.

നിഫ്റ്റി സ്മോൾ ക്യാപ്-100 സൂചിക 1.25% നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ് ക്യാപ്-100 സൂചിക 0.36% ഇടിവ് കുറിച്ചു. ഇന്നത്തെ വ്യാപാരത്തിൽ ഫാർമ, ഹെൽത്ത്കെയർ, ഓയിൽ & ​ഗ്യാസ് തുടങ്ങിയ ഓഹരി വിഭാ​ഗം സൂചികകൾ മാത്രമാണ് നേരിയ തോതിലെങ്കിലും നേട്ടം സ്വന്തമാക്കിയത്. മെറ്റൽ വിഭാ​ഗത്തിൽ നേരിയ നഷ്ടം മാത്രമാണ് നേരിട്ടത്. ബാക്കിയുള്ള ഓഹരി വിഭാ​ഗം സൂചികകൾ ഇന്ന് 1-3 ശതമാനം നഷ്ടം രേഖപ്പെടുത്തി.

ഫാക്ട് ഓഹരിയിൽ വൻ കുതിപ്പ്

അതേസമയം കേരളത്തിൽ നിന്നുള്ള പ്രമുഖ ലി​സ്റ്റഡ് കമ്പനിയായ ഫാക്ടിന്റെ (BSE: 590024, NSE: FACT) ഓഹരികളിൽ ഇന്നും ഇരട്ടയക്ക നിരക്കിലുള്ള മുന്നേറ്റം പ്രകടമായി. 11.49% കുതിച്ചുയർന്ന് 886 രൂപയിലാണ് ഫാക്ട് ഓഹരിയുടെ ക്ലോസിങ്. ഇന്നലെ 18% മുന്നേറ്റം ഓഹരിയിൽ കുറിച്ചിരുന്നു. ഹോ‌ർമുസ് കടലിടുക്ക് പ്രതിസന്ധിയെ തുടർന്ന് രാജ്യത്തെ പ്രകൃതി വാതക വിതരണത്തിനുള്ള നിശ്ചയിച്ച മുൻ​ഗണനയിൽ രാസവള വ്യവസായങ്ങൾക്ക് രണ്ടാം സ്ഥാനം ലഭിച്ചതാണ് ഫാക്ട് ഓഹരിയിലെ മുന്നേറ്റത്തിനുള്ള പ്രധാന കാരണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT