വിപണിയിലെ കിടമത്സരവും അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം കാരണം ലാഭ മാർജിനിൽ നേരിടുന്ന സമ്മർദ്ദവും ഒക്കെ കാരണം ഇന്ത്യൻ പെയിന്റ് കമ്പനികളുടെ ഓഹരികൾ കഴിഞ്ഞ ഒരു വർഷ കാലയളവിലെ ഉയർന്ന നിലവാരത്തിൽ നിന്നും 10 ശതമാനം മുതൽ 50 ശതമാനം വരെ ഇടിഞ്ഞു. ചെറുകിട കമ്പനിയായ ഷാലിമാർ പെയിന്റ്സ് (BSE: 509874, NSE: SHALPAINTS) ഉയർന്ന വിലയിൽ നിന്നും 48 ശതമാനം താഴേക്ക് വീണപ്പോൾ, വിപണിയിലെ മുൻനിരക്കാരായ ഏഷ്യൻ പെയിന്റ്സ് (BSE: 500820, NSE: ASIANPAINT) 10 ശതമാനം താഴ്ന്ന് താരതമ്യേന മികച്ച പ്രതിരോധം പുറത്തെടുത്തു.
സമാനമായി ബെർജർ പെയിന്റ്സ് (BSE: 509480, NSE: BERGEPAINT) 15 ശതമാനവും, ഇൻഡിഗോ പെയിന്റ്സ് (BSE: 543258, NSE: INDIGOPNTS), കാൻസായി നെരോലാക് പെയിന്റസ് (BSE: 500165, NSE: KANSAINER), ജെ.എസ്.ഡബ്ല്യു ഡ്യുലക്സ് (BSE: 500710, NSE: JSWDULUX) തുടങ്ങിയ പെയിന്റ് നിർമാണ കമ്പനികളുടെ ഓഹരികൾ 20 ശതമാനം വീതവും തിരുത്തൽ നേരിട്ടു.
ക്രൂഡ് ഓയിൽ വിലക്കയറ്റം, ഡോളറിനെതിരേ രൂപ നേരിട്ട മൂല്യത്തകർച്ച, ആഗോള സംഘർഷങ്ങൾ എന്നിവ കാരണം ഈ വർഷം മാർച്ചിനും ജൂൺ മാസത്തിനും മധ്യേയുള്ള കാലയളവിനിടെ പെയിന്റ് കമ്പനികൾ ഉത്പന്ന വില 14-16 ശതമാനം വർധിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ പശ്ചിമേഷ്യയിൽ സംഘർഷത്തിന് ശമനമായതോടെ മേയ് മാസത്തിനിടെ 120 ഡോളർ വരെ കുതിച്ചുയർന്ന ക്രൂഡ് ഓയിൽ വില ജൂൺ മാസത്തോടെ ബാരലിന് 75 ഡോളറിനും താഴേക്ക് മടങ്ങിയെത്തി. ഇതിനോടൊപ്പം രൂപയുടെ മൂല്യം നില മെച്ചപ്പെടുത്തിയതും അസംസ്കൃത വസ്തുക്കളുടെ ലഭ്യത കൂടിയതും ഒക്കെ പെയിന്റ് നിർമാണ കമ്പനികൾക്ക് ആശ്വാസമേകുന്നു.
പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിസർച്ച് റിപ്പോർട്ട് പ്രകാരം ഈ വിലക്കുറവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് ഉടനടി ലഭിച്ചേക്കില്ല. അസംസ്കൃത വസ്തുക്കളുടെ വില വിപണിയിൽ താഴേക്ക് വന്നാലും സാധാരണയായി മൂന്നോ നാലോ മാസങ്ങൾക്ക് ശേഷമേ കമ്പനികൾ വില കുറയ്ക്കാൻ തയ്യാറാകാറുള്ളത്. അതിനാൽ ജൂലൈ-സെപ്റ്റംബർ പാദത്തിൽ ഈ ലാഭം ഡീലർമാർക്കുള്ള ആനുകൂല്യങ്ങൾക്കായും പരസ്യങ്ങൾക്കായും പെയിന്റ് കമ്പനികൾ വിനിയോഗിക്കാം. ദീപാവലിക്ക് ശേഷമേ വിലക്കുറവ് പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും ബ്രോക്കറേജ് റിപ്പോർട്ടിൽ സൂചിപ്പിച്ചു.
ഉയർന്ന വിലയിൽ നിർമിച്ച് വിപണിയിലെത്തിച്ചിട്ടുള്ള പഴയ സ്റ്റോക്കുകൾ കാരണം നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ (Q1FY27) പെയിന്റ് കമ്പനികളുടെ ലാഭ മാർജിനിൽ സമ്മർദ്ദം നേരിടാമെങ്കിലും, രണ്ടാം സാമ്പത്തിക പാദത്തിൽ (Q2FY27) അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുറവ്, കമ്പനികളുടെ വരുമാനവും മാർജിനും ഗണ്യമായി ഉയർത്തിയേക്കാം. ഈ അനുകൂല സാഹചര്യം മുൻനിർത്തി പ്രമുഖ ബ്രോക്കറേജുകൾ പെയിന്റ് കമ്പനികളുടെ ഓഹരിയിൽ ഇടക്കാല മുന്നേറ്റവും ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പ്രവചിക്കുന്നുണ്ട്. ചുരുക്കത്തിൽ, അസംസ്കൃത വസ്തുക്കളുടെ വിലക്കുറവും വരുന്ന ഉത്സവകാല ഡിമാൻഡും കാരണം പെയിന്റ് മേഖലയ്ക്ക് വീണ്ടും തിളക്കം ലഭിക്കാമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തൽ.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine