ഇന്ന് രാവിലെ മുതൽ വിപണി ഇടിവിൽ തുടരുമ്പോൾ മെറ്റൽ, ഐടി, ഓട്ടോ, റിയൽറ്റി, ഓയിൽ തുടങ്ങിയ പ്രധാന മേഖലകൾ എല്ലാം നഷ്ടത്തിൽ. ഇതിന് വിപരീതമായി രാസവള ഓഹരികൾ കുതിച്ചുയർന്നു; FACT 14% ഉയർന്നു, RCF, NFL, പാരദീപ് ഫോസ്ഫേറ്റ്സ് എന്നിവയും 5% ക്ക് മുകളിൽ നേട്ടം നേടി. രൂപ ശക്തി നിലനിർത്തി, സ്വർണവിലയും ക്രൂഡ് ഓയിൽ നിരക്കും താഴ്ന്നു.
ഇന്ത്യൻ ഓഹരി വിപണി ഇന്ന് (ഓഗസ്റ്റ് 25) താഴ്ന്നു വ്യാപാരം തുടങ്ങി. പിന്നീടു കൂടുതൽ താഴ്ചയിലായി. മെറ്റൽ, ഐടി, ഓട്ടോ, റിയൽറ്റി, ഓയിൽ തുടങ്ങി എല്ലാ വ്യവസായ മേഖലകളും ചൊവ്വാഴ്ച രാവിലത്തെ വ്യാപാരത്തിൽ നഷ്‌ടം നേരിടുന്നു. രാസവള കമ്പനികൾ ഇന്നു കുതിപ്പിലായി. എഫ്.എ.സി.ടി (BSE: 590024, NSE: FACT) 14 ശതമാനം ഉയർന്നു. ആർസിഎഫ്, എൻഎഫ്എൽ, പാരദീപ് ഫോസ്ഫേറ്റ്സ് തുടങ്ങിയവയും അഞ്ചു ശതമാനത്തിലധികം കയറി.
പോർഷെയുടെ ഐടി യൂണിറ്റിനെ വാങ്ങാൻ ടി.സി.എസ് കരാർ ഉണ്ടാക്കി. അഞ്ചു വർഷത്തേക്ക് 146 കോടി ഡോളർ ടി.സി.എസിനു കിട്ടാവുന്ന വിശാല സഖ്യകരാറിൻ്റെ ഭാഗമാണിത്. ഇതിനെ വിദേശ ബ്രോക്കറേജ് സിറ്റി നെഗറ്റീവ് ആയാണു വിലയിരുത്തിയത്. ടി.സി.എസ് ഓഹരിക്കു സിറ്റി വിൽപന ശിപാർശ നൽകി. 1,825 രൂപയാണു ലക്ഷ്യവില നിർണയിച്ചത്. ടി.സി.എസ് രാവിലെ ഒരു ശതമാനം താഴ്ന്നു.
ഇന്ത്യൻ ഹോട്ടൽസിന് ജെഫറീസ് 875 രൂപയും നൊമുറ 830 രൂപയും ലക്ഷ്യവില നിശ്ചയിച്ചു. യു.പി.എൽ ഓഹരിക്കു ജെഫറീസ് 715 രൂപ ലക്ഷ്യവില നിർണയിച്ചു. ഹിന്ദുസ്ഥാൻ കോപ്പർ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. ആറു ശതമാനം ഓഹരി ഓഫർ ഫോർ സെയിലിൽ വിൽക്കുന്ന സാഹചര്യത്തിലാണ് ഇടിവ്.
ഐ.ഐ.എഫ്.എൽ ഫിനാൻസിൻ്റെ ഉപകമ്പനിയായ ഐ.ഐ.എഫ്.എൽ ഹോം ഫിനാൻസിന് 963 കോടി രൂപയുടെ ആദായ നികുതി നോട്ടീസ് ലഭിച്ചു. കമ്പനി നിയമവഴി തേടുമെന്നു സി.എഫ്.ഒ അറിയിച്ചു. ഓഹരി നാലു ശതമാനം താഴ്ന്നു.
രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ താഴ്ന്നു 95.73 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.70 രൂപയായി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4,637 ഡോളറിലേക്കു താഴ്ന്നു. ഇതിന്റെ പ്രതിഫലനമെന്നോണം കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ കുറഞ് 1,20,080 രൂപ ആയി.
രാവിലെ 91.97 ഡോളർ വരെ താഴ്ന്ന ക്രൂഡ് ഓയിൽ വില വീണ്ടും 92 ഡോളറിനു മുകളിലായി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ നിരക്ക് 92.44 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ വില 85.46 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine