Canva
Markets

5 കാരണങ്ങൾ; ഉച്ചയ്ക്കുശേഷം വൻ തിരിച്ചടി; നിഫ്റ്റിയും സെൻസെക്സും വീണു; നിക്ഷേപകർക്ക് ₹6 ലക്ഷം കോടി നഷ്ടം

നിഫ്റ്റി സൂചികയുടെ ഭാ​ഗമായ 50 ബ്ലൂചിപ് ഓഹരികളിൽ 6 എണ്ണം മാത്രമാണ് നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കിയത്

Dhanam News Desk

ഇന്ത്യൻ ഓഹരി വിപണിയിൽ വീണ്ടും ഇടിവ്. ബെഞ്ച്മാർക്ക് ഓഹരി സൂചികകളായ എൻ.എസ്.ഇയുടെ നിഫ്റ്റിയും ബി.എസ്.ഇയുടെ സെൻസെക്സും ഒരു ശതമാനത്തിലേറെ വീതം നഷ്ടം രേഖപ്പെടുത്തി ക്ലോസിം​ഗ് കുറിച്ചു. ഏഷ്യൻ വിപണികളിലെ ഇടിവും വിദേശ നിക്ഷേപകരുടെ ഭാ​ഗത്തുനിന്നുമുള്ള ശക്തമായ വിൽപ്പന സമ്മർദവും ഉൾപ്പെടെയുള്ള വിവിധ പ്രതികൂല ഘടകങ്ങളുടെ സ്വാധീനമാണ് നഷ്ടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

ഫാ‌ർമയും ഹെൽത്ത്കെയറും ഒഴികെയുള്ള എല്ലാ ഓഹരി വിഭാ​ഗങ്ങളും ഇന്ന് ഇടിവ് നേരിട്ടു. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാ​ഗങ്ങളിലും നഷ്ടക്കഥ തന്നെയാണ് കാണാനാകുന്നത്. ചൊവ്വാഴ്ചത്തെ (ജൂൺ 23) വ്യാപാരത്തിനൊടുവിൽ നിഫ്റ്റി സൂചിക 279 പോയിന്റ് (-1.16%) ഇടിഞ്ഞ് 23,824-ലും സെൻസെക്സ് സൂചിക 893 പോയിന്റ് (-1.16%) നഷ്ടത്തോടെ 76,201-ലും ക്ലോസ് ചെയ്തു. ഇതോടെ നിക്ഷേപകരുടെ മൊത്തം ആസ്തി മൂല്യത്തിൽ 6 ലക്ഷം കോടി രൂപയാണ് ഇന്നു ചോർന്നത്. ബാങ്ക് നിഫ്റ്റി സൂചിക 752 പോയിന്റ് (-1.30%) താഴ്ന്ന് 57,184-ലും വ്യാപാരം അവസാനിപ്പിച്ചു.

എന്തുകൊണ്ട് വിപണി ഇടിഞ്ഞു?

നേരിയ നഷ്ടത്തോടെയാണ് ഇന്ന് വ്യാപാരം ആരംഭിച്ചതെങ്കിലും ആദ്യപകുതിയിൽ കരകയറാനുള്ള ശ്രമം വ്യക്തമായിരുന്നു. എന്നാൽ ഉച്ചയോടെ, ദക്ഷിണ കൊറിയൻ ​സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ കോസ്പി (KOSPI) 8 ശതമാനം ഇടിവ് നേരിട്ടതിനെ തുടർന്ന് 20 മിനിറ്റ് വ്യാപാരം നിർത്തിവെച്ചു എന്ന വാർത്ത പുറത്തുവന്നത് ഇന്ത്യൻ വിപണിയേയും പിടിച്ചുലച്ചു. ഇതോടെ പ്രധാന ഓഹരി സൂചികകൾ അതിവേ​ഗം നഷ്ടത്തിലേക്ക് വഴിമാറി. സമീപകാലത്ത് കുതിച്ചുപായുകയായിരുന്ന എ.ഐ/സെമികണ്ടക്ടർ ഓഹരികളിൽ ഇന്ന് കനത്ത തിരുത്തൽ നേരിട്ടതാണ് ദക്ഷിണ കൊറിയൻ വിപണിയെ താഴേക്ക് വലിച്ചട്ടത്.

അതുപോലെ വി​ദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്ഐഐ) ഭാ​ഗത്തുനിന്നും ശക്തമായ വിൽപ്പന സമ്മർദം വന്നതും ഇന്ത്യൻ വിപണിയെ ബാധിച്ചു. ഐടി, മെറ്റൽ വിഭാ​ഗം ഓഹരികളിൽ നേരിട്ട തിരിച്ചടിയും നിഫ്റ്റിയുടെയും സെൻസെക്സിന്റേയും നിറംമങ്ങിച്ചു. പൊതുമേഖല ബാങ്ക്, റിയൽറ്റി ഓഹരികളും പിന്നോട്ടടിച്ചു. കൂടാതെ ഫെഡ് റിസർവ് പണനയങ്ങൾ കർശനമാകുമെന്ന നി​ഗമനത്തിൽ യു.എസ് ഡോളർ കരുത്താർജിക്കുന്നത് രൂപയുടെ വിനിമയമൂല്യം വീണ്ടും ഇടിയുന്നതിന് വഴിതെളിച്ചു. ആഭ്യന്തര വിപണിയിൽ വീണ്ടും ചാഞ്ചാട്ടം വർധിച്ചതോടെ ഒരു വിഭാ​ഗം നിക്ഷേപകർ സമീപകാലത്തെ മുന്നേറ്റത്തിൽ നിന്നുള്ള ലാഭമെടുപ്പിന് തുനിഞ്ഞതും പ്രധാന സൂചികകളെ സമ്മർദത്തിലാഴ്ത്തി.

നിറംമങ്ങി വിശാല വിപണി

എൻ.എസ്.ഇയിൽ ഇന്ന് മൊത്തം വ്യാപാരം ചെയ്യപ്പെട്ടത് 3,399 ഓഹരികളാണ്. ഇതിൽ 1,020 ഓഹരികൾ മാത്രമാണ് നേട്ടത്തിൽ ക്ലോസ് ചെയ്തത്. 2,280 ഓഹരികൾ നഷ്ടത്തിൽ കലാശിച്ചു. നിഫ്റ്റി സ്മോൾ ക്യാപ്-100 സൂചിക 0.48 ശതമാനവും നിഫ്റ്റി മിഡ് ക്യാപ്-100 സൂചിക 1.05 ശതമാനവും നിഫ്റ്റി-500 സൂചിക 1.08 ശതമാനം വീതവും ഇടിവ് കുറിച്ചു. വിശാല വിപണിയിൽ ഇന്ന് നിലകൊണ്ട ​നെ​ഗറ്റീവ് ട്രെൻഡിന്റെ നേർസാക്ഷ്യവുമാണിത്.

അതേസമയം നിഫ്റ്റി സൂചികയുടെ ഭാ​ഗമായ 50 ബ്ലൂചിപ് ഓഹരികളിൽ 6 എണ്ണം മാത്രമാണ് നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കിയത്. സിപ്ല, പവർ ​ഗ്രിഡ്, ഡോ. റെഡ്ഡീസ് എന്നിവ അരശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. മറുവശത്ത് 44 ഓഹരികൾ നഷ്ടം നേരിട്ടു. ഇതിൽ ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, ജെ.എസ്.ഡബ്ല്യൂ സ്റ്റീൽ, അദാനി എന്റർപ്രൈസസ് എന്നിവ 3 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT