പശ്ചിമേഷ്യയിൽ യു.എസ് വെടിനിർത്തൽ ധാരണയിൽ നിന്ന് പിന്മാറിയെന്ന വാർത്തയെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത തകർച്ച. നിഫ്റ്റി 517 പോയിന്റും സെൻസെക്സ് 1,677 പോയിന്റും ഇടിഞ്ഞപ്പോൾ നിക്ഷേപകരുടെ സമ്പത്തിൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടം. എല്ലാ പ്രധാന സെക്ടറുകളും ചുവപ്പിലായി, മിഡ്-ക്യാപ്, സ്മോൾ-ക്യാപ് സൂചികകളും തിരിച്ചടി നേരിട്ടു.
ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് (ജൂലൈ 8) കൂട്ടത്തകർച്ച. പ്രധാന ഓഹരി സൂചികകൾ രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. ആഭ്യന്തര വിപണിയിലെ നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിട്ടു. പ്രധാനപ്പെട്ട എല്ലാ ഓഹരി വിഭാഗങ്ങളിലും ഇന്ന് തിരിച്ചടിയേറ്റു. എൻ.എസ്.ഇയിൽ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട 3,411 ഓഹരികളിൽ 699 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. 2,633 ഓഹരികളും ചുവപ്പണിഞ്ഞു. 153 ഓഹരികളിൽ വാങ്ങാൻ ആളില്ലാത്തതിനാൽ ലോവർ സർക്യൂട്ടിലാണ് ക്ലോസിംഗ് കുറിച്ചത്.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷത്തിന് തിരികൊളുത്തിക്കൊണ്ട് വെടിനിർത്തൽ ധാരണയിൽ നിന്നും യു.എസ് പിന്മാറിയെന്ന വാർത്തയാണ് ഇന്ത്യൻ വിപണിയെ പിടിച്ചുലച്ചത്. രാവിലെ ചെറിയ നേട്ടത്തിലാണ് തുടങ്ങിയതെങ്കിലും ഉച്ചയ്ക്കുശേഷം വിപണിയിൽ കനത്ത വിൽപ്പന സമ്മർദം നേരിട്ടു. ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ എൻ.എസ്.ഇയുടെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റി 517 പോയിന്റ് (-2.12%) നഷ്ടത്തോടെ 23,882-ൽ ക്ലോസ് ചെയ്തു. സമാനമായി ബി.എസ്.ഇയുടെ പ്രധാന അടിസ്ഥാന ഓഹരി സൂചികയായ സെൻസെക്സ് 1,677 പോയിന്റ് (-2.15%) ഇടിഞ്ഞ് 76,504-ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മിഡ്-ക്യാപ് സൂചിക ഒരു ശതമാനത്തിലേറെയും നിഫ്റ്റി സ്മോൾ-ക്യാപ് സൂചിക 2 ശതമാനത്തിലധികവും താഴേക്കിറങ്ങി. അതുപോലെ എൻ.എസ്.ഇയിലെ പ്രധാന സെക്ടറൽ സൂചികകളായ നിഫ്റ്റി ബാങ്ക്, നിഫ്റ്റി എഫ്.എം.സി.ജി, നിഫ്റ്റി ഓയിൽ & ഗ്യാസ്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് എന്നിവ രണ്ട് ശതമാനത്തിലേറെ ഇടിവ് നേരിട്ടു.
1) പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ: ഇറാനും –യുഎസും തമ്മിൽ വെടിനിർത്തുന്നതിനുള്ള ധാരണ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിനായി രൂപപ്പെടുത്തിയ ധാരണാപത്രത്തിലെ ചർച്ചകൾ ഇനിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ വച്ച് നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി മാധ്യമങ്ങളെ കണ്ട വേളയിലാണ് ട്രംപിന്റെ ഈ പ്രതികരണം.
2) ക്രൂഡ് ഓയിൽ വിലക്കയറ്റം: ഒരിടവേളയ്ക്ക് ശേഷം യു.എസ് സൈന്യം ഇറാനെ ശക്തമായി ആക്രമിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 6 ശതമാനത്തിലധികം കുതിച്ചുയർന്നു. ഇന്ത്യ ഏറെ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ നിരക്ക് വീണ്ടും 80 ഡോളർ നിലവാരത്തിലേക്ക് സമീപിക്കുന്നു. ആക്രമണത്തിന് പുറമെ ഇറാനിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതിക്ക് വീണ്ടും നിരോധനം ഏർപ്പെടുത്തിയതോടെ ഇന്ധന വിതരണം താറുമാറാകുമോ എന്ന ആശങ്കയും വിലക്കയറ്റത്തിന് വഴിതെളിച്ചു. ആവശ്യകതയുടെ 90 ശതമാനത്തോളവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡ് ഓയിലിൽ ഓരോ ഡോളർ വർധനയും ഇറക്കുമതി ഭാരം വർധിപ്പിക്കുന്നു. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരവും ശോഷിപ്പിക്കും.
3) ആഗോള വിപണികളിലും ഇടിവ്: ഏഷ്യൻ വിപണികളും നഷ്ടത്തിലേക്ക് വഴിമാറിയത് ആഭ്യന്തര വിപണിയേയും പ്രതികൂലമായി സ്വാധീനിച്ചു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചികയും ജപ്പാന്റെ നിക്കൈ സൂചികയും തിരിച്ചടി നേരിട്ടു. സമാനമായി യു.എസ് വിപണിയിലെ പ്രധാന ഓഹരി സൂചികകളുടെ ഫ്യൂച്ചേഴ്സിലും ഇടിവ് രേഖപ്പെടുത്തി. എസ്&പി-500 സൂചികയുടെ ഫ്യൂച്ചേഴ്സ് 0.7 ശതമാനവും നാസ്ഡാക്-100 സൂചികയുടെ ഫ്യൂച്ചേഴ്സ് 1.11 ശതമാനം വീതവും നഷ്ടം നേരിട്ടാണ് വ്യാപാരം പുരോഗമിക്കുന്നത്.
4) വിക്സ് സൂചിക 30% ഉയർന്നു: പശ്ചിമേഷ്യയിലെ അപ്രതീക്ഷിത സംഭവവികാസം കാരണം ആഭ്യന്തര വിപണിയിൽ ചാഞ്ചാട്ടം വർധിച്ചതോടെ, ഭയസൂചികയെന്ന് അറിയപ്പെടുന്ന ഇന്ത്യ വിക്സ് (India VIX) സൂചിക ഇന്നത്തെ വ്യാപാരത്തിൽ 30 ശതമാനത്തോളം കുതിച്ചുയർന്നു. ഒരു ഘട്ടത്തിൽ 15 എന്ന നിലവാരം മറികടന്നു. വിക്സ് സൂചികയിലെ വർധനവ് വിപണിയിൽ ഉടലെടുക്കാവുന്ന അനിശ്ചിതത്വത്തിന്റെ സൂചനയായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
5) യു.എസ് ബോണ്ട് യീൽഡ് വർധന: അമേരിക്കൻ സർക്കാർ കടപ്പത്രങ്ങളുടെ നിക്ഷേപനേട്ടം (യു.എസ് ബോണ്ട് യീൽഡ്) ഉയർന്നത് ആഭ്യന്തര ഓഹരി വിപണിക്ക് തിരിച്ചടിയായി. 10 വർഷത്തെ കടപ്പത്രത്തിന്റെ ആദായനിരക്ക് 4.565 ശതമാനത്തിലേക്കും 30 വർഷത്തെ ബോണ്ടുകളുടെ നിക്ഷേപനേട്ടം 5.068 ശതമാനത്തിലേക്കും ഉയർന്നു. സ്ഥിരതയാർന്ന വരുമാനം നൽകുന്ന ആസ്തികളെ ആകർഷകമാക്കാൻ ഇത് സഹായിക്കും. വിദേശ നിക്ഷേപകരെ ആഭ്യന്തര ഓഹരി വിപണിയിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകവുമാണിത്.
Read DhanamOnline in English
Subscribe to Dhanam Magazine