canva
Markets

787 ഓഹരികൾ റെക്കോഡ് താഴ്ചയിൽ; 173 ഓഹരികൾ ലോവർ സർക്യൂട്ടിൽ; ആടിയുലഞ്ഞ് ഇന്ത്യൻ വിപണി

ക്രൂഡോയിൽ വില 100 ഡോളർ മറികടന്ന് മുന്നേറിയതും പശ്ചിമേഷ്യയിലെ യുദ്ധം ശമനമില്ലാതെ തുടരുന്നതും രൂപയുടെ വിനിമയമൂല്യം റെക്കോഡ് താഴ്ചയിലേക്ക് വീണതും വിദേശ നിക്ഷേപകർ ഉയർത്തുന്ന വിൽപ്പന സമ്മർദവുമാണ് വൻ തിരിച്ചടിക്കുള്ള മുഖ്യകാരണം.

Dhanam News Desk

പശ്ചിമേഷ്യയിൽ ആണ് യുദ്ധമെങ്കിലും ശരിക്കുള്ള ജീവന്മരണ പോരാട്ടം നടത്തുന്നത് സാധാരണക്കാരായ നിക്ഷേപകരാണെന്ന് തിങ്കളാഴ്ചത്തെ (2026 മാർച്ച് 9) ഇന്ത്യൻ വിപണിയുടെ പ്രകടനം വിലയിരുത്തിയാൽ ആർക്കായാലും തോന്നിപ്പോകും. ഇന്ന് രാവിലെ മൂന്ന് ശതമാനത്തോളം തിരിച്ചടി നേരിട്ടാണ് പ്രധാന അടിസ്ഥാന ഓഹരി സൂചികകൾ പുതിയ ആഴ്ചയിലെ വ്യാപാരം ആരംഭിച്ചത്. ഇതോടെ 10 മാസത്തെ താഴ്ന്ന നിലയിലേക്ക് ഇന്ത്യൻ വിപണി കൂപ്പുകുത്തി.

രാവിലെ ഒരു ഘട്ടത്തിൽ എൻഎസ്ഇ നിഫ്റ്റി സൂചിക 750 പോയിന്റും ബിഎസ്ഇ സെൻസെക്സ് സൂചിക 2,495 പോയിന്റ് വീതവും ഇടിവ് രേഖപ്പെടുത്തി. നാല് വർഷത്തിനുശേഷം ക്രൂഡോയിൽ വില 100 ഡോളർ നിലവാരം മറികടന്ന് മുന്നേറിയതും പശ്ചിമേഷ്യയിലെ യുദ്ധം ശമനമില്ലാതെ തുടരുന്നതും രൂപയുടെ വിനിമയമൂല്യം റെക്കോഡ് താഴ്ചയിലേക്ക് വീണതും വിദേശ നിക്ഷേപകർ ഉയർത്തുന്ന വിൽപ്പന സമ്മർദവും ഒക്കെയാണ് വമ്പൻ തിരിച്ചടിക്കുള്ള മുഖ്യകാരണം. ഇന്നത്തെ ഒരു ഘട്ടത്തിൽ പോലും സൂചികകൾക്ക് നേട്ടത്തിലേക്ക് മടങ്ങിയെത്താൻ സാധിച്ചില്ല.

എന്നിരുന്നാലും തുടക്കത്തിൽ നേരിട്ട വൻ തിരിച്ചടിയുടെ ആഘാതം ഒരുപരിധിവരെ കുറച്ചുകൊണ്ടുവരാൻ അവസാന ഘട്ടത്തിൽ സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. താഴ്ചയിൽ നിന്നും നിഫ്റ്റി 331 പോയിന്റും സെൻസെക്സ് 1,145 പോയിന്റും തിരികെ കയറി. രാവിലെ 119 ഡോളർ വരെ കുതിച്ചുയർന്ന ബ്രെന്റ് ക്രൂഡോയിൽ വില, ഉച്ചയ്ക്കുശേഷം 105 ഡോളറിന് താഴേക്ക് വീണതാണ് ഇന്ത്യൻ വിപണിക്ക് തുണയേകിയത്. ഇന്നത്തെ വ്യാപാരത്തിനൊടുവിൽ നിഫ്റ്റി സൂചിക 422 പോയിന്റ് (-1.73%) താഴ്ന്ന് 24,028ലും സെൻസെക്സ് സൂചിക 1,353 പോയിന്റ് (-1.71%) ഇടിഞ്ഞ് 77,566 നിലവാരത്തിലും ക്ലോസിങ് രേഖപ്പെടുത്തി.

വിശാല വിപണി

എൻഎസ്ഇയിൽ ഇന്ന് മൊത്തം വ്യാപാരം ചെയ്യപ്പെട്ടത് 3,372 ഓ​ഹരികളാണ്. ഇതിൽ 644 ഓഹരികൾ മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കിയത്. 2,631 ഓഹരികൾ നഷ്ടം നേരിട്ടു. 97 ഓഹരികളുടെ വിലയിൽ മാറ്റമൊന്നുമില്ല. അതേസമയം രാവിലെ വിപണിയിൽ നേരിട്ട കടുത്ത വിൽപ്പന സമ്മർദത്തിൽ 787 ഓഹരികളാണ് ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചത്. അതുപോലെ ഇന്ന് വാങ്ങാൻ നിക്ഷേപകരാരും ഇല്ലാത്തതിനാൽ 173 ഓഹരികൾ ലോവർ സർക്യൂട്ട് നിലവാരത്തിലും ക്ലോസിങ് കുറിച്ചു. ചുരുക്കത്തിൽ വിശാല വിപണിയിലും തിരിച്ചടിയുടെ ആഘാതം ശക്തമായിരുന്നുവെന്ന് സാരം.

നിഫ്റ്റി സ്മോൾ ക്യാപ്-100 സൂചിക 2.22 ശതമാനവും നിഫ്റ്റി മിഡ് ക്യാപ്-100 സൂചിക 1.97 ശതമാനം വീതവും ഇടിവ് രേഖപ്പെടുത്തി. എൻഎസ്ഇയുടെ ഓഹരി വിഭാ​ഗം സൂചികകളിൽ നിഫ്റ്റി ഐടി മാത്രമാണ് നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്. ബാക്കി എല്ലാ ഓഹരി വിഭാ​ഗം സൂചികകളും നഷ്ടം നേരിട്ടു. ഇതിൽ നിഫ്റ്റി ഓട്ടോ 4 ശതമാനം ഇടി‍ഞ്ഞു.

ബാ​ങ്ക് നിഫ്റ്റി, നിഫ്റ്റി പി.എസ്.യു ബാങ്ക് സൂചികകൾ 3 ശതമാനത്തിലേറെ നഷ്ടം കുറിച്ചു. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി മെറ്റൽ, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ്, നിഫ്റ്റി ഓയിൽ & ​ഗ്യാസ് തുടങ്ങിയ ഓഹരി വിഭാ​ഗം സൂചികകൾ രണ്ട് ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി. വിപണിയിലെ ഭയ സൂചിക എന്നറിയപ്പെടുന്ന ഇന്ത്യ വിക്സ് (VIX) 18 ശതമാനം ഉയർന്ന് 23.36 നിലവാരത്തിലെത്തി. ഒരു മാസത്തിനിടെ വിക്സ് സൂചിക 100 ശതമാനത്തിലേറെ ഉയർന്നിട്ടുണ്ട്. ഇത് ശുഭകരമായ ലക്ഷണമല്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT