പശ്ചിമേഷ്യൻ യുദ്ധത്തെ സംബന്ധിച്ച ആശങ്കകളെ തുടർന്ന് ഇന്ത്യൻ വിപണി ഇന്നു താഴ്ചയിലായി. രാവിലെ നിഫ്റ്റി സൂചിക 24,352 വരെയും സെൻസെക്സ് 78,457 വരെയും താഴ്ന്നു. ഐടി ഓഹരികൾ രാവിലെ ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 3.3 ശതമാനത്തിലധികം താഴ്ന്നു. ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, മൈൻഡ് ട്രീ, ടെക് മഹീന്ദ്ര, എംഫസിസ്, കോഫോർജ് തുടങ്ങിയവയെല്ലാം ഇടിവിലായി. ഐ.ടി മേഖല ദുർബലമായി തുടരുമെന്നും ലാഭവളർച്ച പ്രതീക്ഷിക്കാനില്ലെന്നും സ്വദേശി ഫണ്ട് നേപ്പിയൻ കാപ്പിറ്റൽ വിലയിരുത്തിയത് വിപണിയെ തളർത്തി.
പ്രതീക്ഷയോളം വരാത്ത നാലാം പാദ റിസൽട്ടിനെ തുടർന്ന് എച്ച്സിഎൽ ടെക്നോളജീസ് ഓഹരിയുടെ ലക്ഷ്യവില 1,720ൽ നിന്ന് 1,600 രൂപയായി നൊമുറ താഴ്‌ത്തി. ഇതോടെ ഇന്നു രാവിലത്തെ വ്യാപാരത്തിൽ ഓഹരി ഒൻപതു ശതമാനത്തിലധികം താഴ്ന്നു. പ്രതീക്ഷയിലും ദുർബലമായ നാലാം പാദഫലത്തെ തുടർന്ന് പെർസിസ്റ്റൻ്റ് സിസ്റ്റംസ്, ടാറ്റാ എൽക്സി ഓഹരികൾ നാലു ശതമാനത്തിലധികം താഴ്ന്നു.
3483 കോടി രൂപയുടെ രണ്ടു ദേശീയ പാതാ പ്രോജക്ടുകളിൽ ഏറ്റവും താഴ്ന്ന ക്വട്ടേഷൻ നൽകിയ കമ്പനിയായി പിഎൻസി ഇൻഫ്രാടെക്. ഓഹരി 10 ശതമാനം കുതിച്ചു. നാലാം പാദത്തിൽ മികച്ച റിസൽട്ട് പ്രഖ്യാപിച്ചെങ്കിലും ട്രാൻസ്ഫോമേഴ്സ് ആൻഡ് റെക്ടിഫയേഴ്സ് ഓഹരി പത്തു ശതമാനം ഇടിഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 590 കോടി രൂപയുടെ ഓർഡർ ലഭിച്ച ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് ഓഹരി നാലു ശതമാനം കുതിച്ചു. മികച്ച റിസൽട്ടിനെ തുടർന്നു സൺടെക് റിയൽറ്റി എട്ടു ശതമാനം കയറി. വിറ്റുവരവ് 25 ശതമാനം കൂടിയപ്പോൾ അറ്റാദായ വർധന 1.51 ശതമാനത്തിൽ ഒതുങ്ങിയ രാജരത്തൻ ഗ്ലോബൽ വയർ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നും ദുർബലമായി. ഡോളർ 21 പൈസ (0.23 ശതമാനം) ഉയർന്ന് 93.71 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 93.79 രൂപയിലേക്കു കയറി. രൂപ -ഡോളർ ഫോർവേഡ് വ്യാപാരത്തിന് ഏപ്രിൽ ഒന്നാം തീയതി പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. അതും പശ്ചിമേഷ്യൻ സാഹചര്യവും ചേർന്നാണു രൂപയെ താഴ്ത്തുന്നത്.
ലോകവിപണിയിൽ സ്വർണവില ഔൺസിന് 4,758 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 400 രൂപ കുറഞ്ഞ് 1,13,480 രൂപയിൽ എത്തി. ഉയർന്ന ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 98.48 ഡോളറിൽ നിന്ന് 98.16 ലേക്കു താഴ്ന്നു. ഡബ്ള്യുടിഐ ഇനം ക്രൂഡ് ഓയിൽ വീപ്പയ്ക്ക് 89.23 ഡോളറിൽ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine