Markets

എഐ ഓഹരികളില്‍ ഭീതി! ആഗോള വിപണിക്ക് വിപരീതമായി ഇന്ത്യ കുതിക്കുന്നു, ഐടി ഓഹരികള്‍ക്ക് വന്‍ നേട്ടം; എന്താണ് സംഭവിക്കുന്നത്?

ആന്റി എഐ വ്യാപാരം വര്‍ധിക്കാന്‍ കാരണമാകും എന്ന സംസാരമുണ്ട്. ഇന്ന് ഐടി സേവന കമ്പനികള്‍ കുതിച്ചു കയറിയത് ഈ പശ്ചാത്തലത്തിലാണ്

T C Mathew

ആഗോള സൂചനകള്‍ക്കു വിപരീതമായി കുതിച്ചു കയറി ഇന്ത്യന്‍ വിപണി. രാവിലെ ചെറിയ നേട്ടത്തില്‍ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികക ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ 1.25 ശതമാനം കയറി. എഐ മേഖലയ്ക്കു ദൗര്‍ബല്യം കാണിച്ചു നാസ്ഡാക്കിലും ദക്ഷിണ കൊറിയയിലും ഓഹരികള്‍ താഴ്ന്നത് ഇന്ത്യന്‍ ഐടി സേവന കമ്പനികളെ നേട്ടത്തിലാക്കി.

എഐ കമ്പനികള്‍ ശേഷി വര്‍ധിപ്പിക്കാന്‍ വമ്പന്‍ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കുന്നത് ഭീമമായ വായ്പകള്‍ എടുത്താണ്. പലിശ നിരക്ക് കൂടുമ്പോള്‍ ഈ കടമെടുപ്പ് ദുര്‍വഹമാകും. ജൂണ്‍-ജൂലൈ കാലയളവില്‍ യുഎസിലും തായ്വാനിലും ദക്ഷിണ കൊറിയയിലും എഐ കമ്പനികള്‍ താഴുകയുണ്ടായി. പിന്നീട് പലിശ ഭീതി കുറഞ്ഞപ്പോള്‍ ഈ ഓഹരികള്‍ വീണ്ടും കയറി. ഇപ്പോള്‍ പലിശപ്പേടി വീണ്ടും സജീവമായി.

യുഎസ് ഫെഡ് ഡിസംബറിലും തുടര്‍ന്നുള്ള മാസങ്ങളിലും പലിശ കൂട്ടും എന്നത് ഉറപ്പായി. അതിനിടെ യൂറോപ്പില്‍ പല രാജ്യങ്ങളും കടപ്പത്ര പ്രതിസന്ധിയിലായി. അത് എഐ കമ്പനികളുടെ കടപ്പത്രങ്ങള്‍ക്കു ഡിമാന്‍ഡ് കുറയ്ക്കും. ഇതെല്ലാം ആന്റി എഐ വ്യാപാരം വര്‍ധിക്കാന്‍ കാരണമാകും എന്ന സംസാരമുണ്ട്. ഇന്ന് ഐടി സേവന കമ്പനികള്‍ കുതിച്ചു കയറിയത് ഈ പശ്ചാത്തലത്തിലാണ്. ഇന്‍ഫോസിസും ടെക് മഹീന്ദ്രയും ടിസിഎസും മൂന്നു ശതമാനത്തിലധികം കയറി.

ഫെയര്‍ഫാക്‌സിനു വില്പന കരാര്‍ ആയ ഐഡിബിഐ ബാങ്കിന്റെ ഓഹരി ആറു ശതമാനത്തിലധികം ഇടിഞ്ഞ് 84.80 രൂപയായി. 81 രൂപ വിലയ്ക്കാണു കൈമാറ്റം. ഫെയര്‍ ഫാക്‌സിനു 40 ശതമാനം ഓഹരിയുള്ള സിഎസ്ബി ബാങ്ക് ഓഹരി രണ്ടര ശതമാനത്തിലധികം താഴ്ന്നു.

മൂന്നാം പാദത്തില്‍ ലാഭം മൂന്നിരട്ടി ആക്കിയെങ്കിലും രണ്ടാം പാദ റിസല്‍ട്ടി തുടര്‍ന്ന് എംആര്‍പിഎല്‍ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

സിയറ്റ് ടയേഴ്സ് രണ്ടാം പാദ വരുമാനം 26 ശതമാനം വര്‍ധിച്ചു. എന്നാല്‍ ലാഭം 40 ശതമാനം കുറഞ്ഞു. ഓഹരി നാലു ശതമാനം താഴ്ന്നു. ഈ പാദത്തില്‍ കമ്പനി ടയറുകള്‍ക്കു വില ആറു ശതമാനം വരെ കൂട്ടും.

ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐപിഒ വന്ന സാഹചര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി രണ്ടു ശതമാനം കയറി.

ലാഭക്ഷമത കുറയുമെന്ന സൂചനയെ തുടര്‍ന്ന് കനറാ ബാങ്ക് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

വണ്‍ 97 കമ്യൂണിക്കേഷന്‍സ് (പേയ്ടിഎം) ഓഹരി വാങ്ങാന്‍ ശിപാര്‍ശ ചെയ്ത സിഎല്‍എസ്എ ലക്ഷ്യവില 2250 രൂപയാക്കി.

ധൂത് ട്രാന്‍സ്മിഷന് 1800 രൂപ ലക്ഷ്യവില നിര്‍ണയിച്ച നൊമുറ വാങ്ങല്‍ ശിപാര്‍ശ നല്‍കി.

ലീലാ പാലസ് ഹോട്ടല്‍സിനു വാങ്ങല്‍ ശിപാര്‍ശ നല്‍കിയ ജെഫറീസ് ലക്ഷ്യവില 735 രൂപയായി നിര്‍ണയിച്ചു.

രൂപ ഇന്നും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ 23 പൈസ കുറഞ്ഞ് 94.92 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ താഴ്ന്ന് 94.86 രൂപയായ ശേഷം 94.99 രൂപയിലേക്കു കയറി.

ലോക വിപണിയില്‍ സ്വര്‍ണം ഒരു ശതമാനത്തിലധികം കുതിച്ച് ഔണ്‍സിന് 4162 ഡോളറില്‍ എത്തി. പിന്നീടു 4,145 ലേക്കു താഴ്ന്നു. കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം പവന് 600 രൂപ കുറഞ്ഞ് 1,08,120 രൂപ ആയി.

ക്രൂഡ് ഓയില്‍ വില അല്‍പം കയറി. ബ്രെന്റ് ഇനം 104.32 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 93.82 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT