പ്രതീകാത്മക ചിത്രം (Image Source: Canva) 
Markets

ഈയാഴ്ച നിഫ്റ്റിയും സെൻസെക്സും കുതിക്കുമോ? നിക്ഷേപകർ ഇനി ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ

ടെക്നിക്കൽ സൂചകങ്ങൾ ദീർഘകാല പോസിറ്റീവ് ട്രെൻഡ് സൂചിപ്പിക്കുന്നുണ്ടെങ്കിലും കോർപ്പറേറ്റ് പാദഫലങ്ങളും മാനേജ്‌മെന്റ് കമന്ററികളും സെക്ടർ അധിഷ്ഠിത ചലനങ്ങൾക്ക് വഴിതുറക്കാം

Jose Mathew T

കഴിഞ്ഞ ആഴ്ച ലാഭമെടുപ്പിനെ തുടർന്ന് നേരിയ ഇടിവിൽ ക്ലോസ് ചെയ്തെങ്കിലും പ്രധാന ഓഹരി സൂചികകളായ നിഫ്റ്റി, സെൻസെക്സ്, ബാങ്ക് നിഫ്റ്റി എന്നിവയുടെ ദീർഘകാല ട്രെൻഡ് പോസിറ്റീവ് ആണ്. നിഫ്റ്റി 23,770-ൽ സപ്പോർട്ട്, 24,575-ൽ റെസിസ്റ്റൻസ്; ബാങ്ക് നിഫ്റ്റിക്ക് 57,000-ൽ സപ്പോർട്ട്, 58,700-ൽ റെസിസ്റ്റൻസ്. കോർപ്പറേറ്റ് പാദഫലങ്ങളും മാനേജ്‌മെന്റ് കമന്ററികളും സെക്ടർ അധിഷ്ഠിത ചലനങ്ങൾക്ക് വഴിതെളിക്കാം.

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) തുടർച്ചയായ വാങ്ങലുകളും അനുകൂലമാകുന്ന ആഗോള വിപണി സാഹചര്യങ്ങളും കോർപറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദഫലങ്ങളും (Q1 FY27) ഈ വ്യാപാര ആഴ്ചയിൽ (ജൂലൈ 13-17) ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രമുഖ കമ്പനികളുടെ വരുമാന വളർച്ച, ഭാവി ആവശ്യകതയെ കുറിച്ചുള്ള കാഴ്ചപ്പാട് (demand outlook), മാർജിൻ ട്രെൻഡുകൾ എന്നിവയെ കുറിച്ചുള്ള മാനേജ്‌മെന്റ് പ്രസ്താവനകൾ വിപണിയിലെ സെക്ടർ അധിഷ്ഠിത ചലനങ്ങളെ സ്വാധീനിച്ചേക്കും.

ടെക്നിക്കൽ അനാലിസിസ് പ്രകാരം, നിഫ്റ്റി സൂചികയ്ക്ക് 23,770 നിലവാരത്തിൽ ശക്തമായ സപ്പോർട്ടുണ്ട്. ഇതിന് മുകളിൽ തുടരുന്നിടത്തോളം ആഭ്യന്തര വിപണിയിൽ ഇടക്കാല മുന്നേറ്റം ശക്തമായിരിക്കും. മുകളിലേക്ക് 24,575 നിലവാരം നിർണായകമായൊരു റെസിസ്റ്റൻസ് മേഖലയാണ്. ഇവിടം മറികടന്നാൽ വിപണി 25,200 വരെ ഉയർന്നേക്കാം. അതുവരെ വിപണി നേരിയ പോസിറ്റീവ് ട്രെൻഡോടെ ഒരു നിശ്ചിത പരിധിക്കുള്ളിൽ തുടരാനാണ് സാധ്യത.

കഴിഞ്ഞയാഴ്ചയിലെ വിപണി പ്രകടനം

ഉയർന്ന നിലവാരത്തിലേക്ക് സൂചികകൾ എത്തിച്ചേർന്നതോടെ ലാഭമെടുപ്പ് (Profit booking) ശക്തമായത് കാരണം ഇന്ത്യൻ വിപണി നേരിയ ഇടിവിലാണ് കഴിഞ്ഞ ആഴ്ചയിൽ (ജൂലൈ 6-10) വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയുടെ ബെഞ്ച്മാർക്ക് സൂചികയായ സെൻസെക്സ്, ആഴ്ച കാലയളവിൽ 0.25 ശതമാനം താഴ്ന്ന് 77,569-ൽ ക്ലോസ് ചെയ്തു. എൻ.എസ്.ഇയുടെ ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി-50 ആഴ്ച കാലയളവിൽ 0.30 ശതമാനം നഷ്ടത്തിൽ 24,2067-ൽ വ്യാപാരം അവസാനിപ്പിച്ചു.

എൻ.എസ്.ഇയിലെ ബാങ്കിം​ഗ് ഓഹരികളുടെ സെക്ടറൽ സൂചികയായ ബാങ്ക് നിഫ്റ്റി ആഴ്ച കാലയളവിൽ 0.20 ശതമാനം നേട്ടത്തോടെ 58,046-ൽ ക്ലോസ് ചെയ്ത്, ബെഞ്ച്മാർക്ക് സൂചികകളേക്കാൾ മികച്ച പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിൽ റിയൽറ്റി, ഐ.ടി, മെറ്റൽ, പൊതുമേഖലാ ബാങ്കുകൾ എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ മീഡിയ, എഫ്.എം.സി.ജി, ഓട്ടോ സെക്ടറുകൾ നഷ്ടം നേരിട്ടു.

നിഫ്റ്റിയിൽ ഇനിയെന്ത്?

സമീപകാല തിരുത്തലുകൾക്ക് ശേഷവും നിഫ്റ്റി സൂചിക പ്രധാന ഹ്രസ്വകാല മൂവിംഗ് ആവറേജുകൾക്ക് മുകളിലായാണ് തുടരുന്നത്. ഇത് വിപണിയുടെ ദീർഘകാല ട്രെൻഡ് പോസിറ്റീവ് ആണെന്ന് വ്യക്തമാക്കുന്നു. എങ്കിലും പ്രതിവാര ചാർട്ടിലെ ബെയറിഷ് കാൻഡിൽസ്റ്റിക് രൂപീകരണം വരുന്ന ദിവസങ്ങളിൽ നിക്ഷേപകർ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്നു.

  • പ്രധാന സപ്പോർട്ട്: 23,770

  • പ്രധാന റെസിസ്റ്റൻസ്: 24,575 (ഇത് മറികടന്നാൽ 25,200 വരെ ലക്ഷ്യമിടാം).

ബാങ്ക് നിഫ്റ്റിയിൽ ഇനിയെന്ത്?

പൊതു വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും ബാങ്കിംഗ് സൂചിക കരുത്ത് കാട്ടി. പ്രതിവാര ചാർട്ടിൽ ഒരു 'ദോജി' (Doji) കാൻഡിൽസ്റ്റിക് ആണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് വിപണിയിലെ അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു.

  • പ്രധാന സപ്പോർട്ട്: 57,000

  • പ്രധാന റെസിസ്റ്റൻസ്: 58,700 (ഇതിന് മുകളിൽ ക്ലോസ് ചെയ്താൽ ബുൾ ട്രെൻഡ് തുടരും).

സെൻസെക്സിൽ ഇനിയെന്ത്?

ലാഭമെടുപ്പ് മൂലം നേരിയ ഇടിവ് നേരിട്ടെങ്കിലും സെൻസെക്സിന്റെ അടിസ്ഥാന ട്രെൻഡ് ഇപ്പോഴും പോസിറ്റീവാണ്.

  • പ്രധാന സപ്പോർട്ട്: 76,000 (ഇതിന് താഴെ തുടർന്നാൽ ഹ്രസ്വകാല തിരുത്തൽ നേരിടാം)

  • പ്രധാന റെസിസ്റ്റൻസ്: 78,500 — 79,750 (76,000-ത്തിന് മുകളിൽ തുടരുന്നിടത്തോളം പോസിറ്റീവ് ട്രെൻഡ് തുടരും).

നിക്ഷേപകർ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള ഓഹരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കോർപ്പറേറ്റ് കമ്പനികളിൽ നിന്നും പുറത്തുവരുന്ന പ്രവർത്തന ഫലങ്ങളും വിദേശ ഫണ്ടുകളുടെ ഒഴുക്കും സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT