Canva
Markets

ഇന്ത്യൻ വിപണിയിൽ ഇനിയെന്ത്? ഈയാഴ്ച നിഫ്റ്റിയും സെൻസെക്സും കുതിക്കുമോ? ബാങ്ക് ഓഹരികൾ തിളങ്ങുമോ?

ശക്തമായ ആഭ്യന്തര ലിക്വിഡിറ്റിയും മെച്ചപ്പെടുന്ന സാങ്കേതിക സൂചകങ്ങളും വിപണിയിൽ ഇടിവ് നേരിടുന്ന വേളയിൽ നിക്ഷേപക താത്പര്യം പ്രകടമാക്കുമെന്നാണ് സൂചന

Jose Mathew T

ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിലും (ജൂൺ 15-19) ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ മുന്നേറ്റം തുടർന്നു. പ്രമുഖ സെക്ടറുകളിൽ പ്രകടമായ നിക്ഷേപക താത്പര്യവും ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിൽ (ഡി.ഐ.ഐ) നിന്നുള്ള ശക്തമായ പണമൊഴുക്കും വിപണിയെ നില മെച്ചപ്പെടുത്താൻ സഹായിച്ചു. പ്രതിവാര അടിസ്ഥാനത്തിൽ ബി.എസ്.ഇയുടെ മുഖ്യ ഓഹരി സൂചികയായ സെൻസെക്സ് 1.69 ശതമാനം നേട്ടത്തോടെ 76,803-ലും എൻ.എസ്.ഇയുടെ അടിസ്ഥാന ഓഹരി സൂചകിയായ നിഫ്റ്റി-50, 1.70 ശതമാനം ഉയർന്ന് 24,013-ലും വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി സൂചിക 1.50 ശതമാനം നേട്ടത്തോടെ 57,686-ൽ ക്ലോസിങ് കുറിച്ചു.

റിയൽറ്റി, പൊതുമേഖല ബാങ്കുകൾ, ഫിനാൻഷ്യൽ സർവീസസ്, മീഡിയ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, ഐ.ടി മേഖലയിൽ ലാഭമെടുപ്പ് പ്രകടമായി. യു.എസ്—ഇറാൻ കരാറിലെ പുരോഗതിയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനുള്ള തീരുമാനവും ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില താഴേക്കിറങ്ങിയതും ആഭ്യന്തര വിപണിക്ക് അനുകൂല ഘടകങ്ങളായി. ആഴ്ചയുടെ അവസാന വ്യാപാര ദിനത്തിൽ ഉയർന്ന നിരക്കുകളിലേക്ക് എത്തിയപ്പോൾ കടുത്ത വിൽപന സമ്മർദ്ദം നേരിട്ടെങ്കിലും നിഫ്റ്റി സൂചിക 24,000 എന്ന നിർണായക നിലവാരം കാത്തുസൂക്ഷിച്ചു എന്നതും ശ്രദ്ധേയം.

ടെക്നിക്കൽ അനാലിസിസ്

  • നിഫ്റ്റി-50 : സാങ്കേതികമായി വിലയിരുത്തിയാൽ, നിഫ്റ്റി സൂചിക അതിന്റെ പ്രധാന ഹ്രസ്വകാല മൂവിംഗ് ആവറേജുകൾക്ക് (ദിവസ ചാ‍ർട്ടിലും ആഴ്ചക്കാല ചാർട്ടിലും) മുകളിലായാണ് വ്യാപാരം തുടരുന്നത്. മൊമന്റം ഇൻഡിക്കേറ്ററുകളിൽ നിന്നും കുതിപ്പിനുള്ള സൂചനയാണ് ലഭിക്കുന്നത്. എന്നാൽ ആഴ്ചക്കാല (weekly) ചാർട്ടിൽ തെളിഞ്ഞ ഡോജി കാൻഡിൽ​സ്റ്റിക്ക് പാറ്റേൺ, ശക്തമായ തിരികെകയറ്റത്തിനു (recovery) ശേഷം നേരിടാവുന്ന ഏകീകരണവും (consolidation) സൂചിപ്പിക്കുന്നു. പുതിയ വ്യാപാര ആഴ്ചയിൽ 24,000 നിലവാരം നിർണായക പിന്തുണയായി വർത്തിക്കും. ഇതിന് മുകളിൽ തുടരുന്നിടത്തോളം നിഫ്റ്റി സൂചിക ഘട്ടങ്ങളായി 24,500 എന്ന അടുത്ത പ്രതിരോധ നിലവാരത്തിലേക്ക് മുന്നേറിയേക്കാം.

  • ബാങ്ക് നിഫ്റ്റി: ബാങ്കിംഗ്, ധനകാര്യ സേവന ഓഹരികൾ ശക്തമായ നിലയിലാണ്. സൂചിക പ്രധാന ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങൾക്ക് (ദിവസ ചാർട്ടിലും ആഴ്ചക്കാല ചാ‌‍ർട്ടിലും) മുകളിലായാണ് വ്യാപാരം ചെയ്യപ്പെടുന്നത്. മൊമന്റം ഇൻഡിക്കേറ്ററുകളും ശുഭസൂചനയാണ് നൽകുന്നത്. ആഴ്ചക്കാല ചാർട്ടിലെ ഡോജി പാറ്റേണും തൊട്ടമുൻപത്തെ ആഴ്ചയിലെ ക്ലോസിങ് നിലവാരത്തേക്കാളും മുകളിലായി ഇക്കഴിഞ്ഞ ആഴ്ചയിൽ വ്യാപാരം അവസാനിപ്പിച്ചതും പോസിറ്റീവ് കാഴ്ചപ്പാടിന് പിൻബലമേകുന്നു. നിലവിൽ 57,800 എന്ന പ്രതിരോധ നിലവാരത്തിന് തൊട്ടടുത്താണ് സൂചിക. ഇത് മറികടന്നാൽ വരും ദിവസങ്ങളിൽ 58,500 — 59,000 പരിധി വരെ ഉയരാം. താഴേക്ക് 57,000 നിലവാരത്തിൽ പിന്തുണ ലഭിക്കാം.

  • സെൻസെക്സ്: ബി.എസ്.ഇയുടെ മുഖ്യ ഓഹരി സൂചിക 76,750 എന്ന ശക്തമായ പ്രതിരോധം മറികടന്ന് ക്ലോസ് ചെയ്യാനായത്, ഇടക്കാല ട്രെൻഡ് പോസിറ്റീവായി മാറുന്നതിന്റെ ലക്ഷണമാണ്. നിലവിൽ 76,750 ശക്തമായ സപ്പോർട്ട് ലെവലായി മാറിയിട്ടുണ്ട്. ഈ നിലവാരം നിലനിർത്തിയാൽ സൂചിക 78,000 മുതൽ 79,750 വരെയുള്ള പുതിയ ഉയരങ്ങളിലേക്ക് കുതിച്ചേക്കാം.

ഈയാഴ്ചയിലെ വിപണി സാധ്യത

പുതിയ വ്യാപാര ആഴ്ചയിലും (ജൂൺ 22-26) ഇന്ത്യൻ വിപണി പോസിറ്റീവ് ട്രെൻഡ് നിലനിർത്താനാണ് സാധ്യത. ശക്തമായ ആഭ്യന്തര ലിക്വിഡിറ്റിയും മെച്ചപ്പെടുന്ന സാങ്കേതിക സൂചകങ്ങളും വിപണിയിൽ ഇടിവ് നേരിടുന്ന വേളയിൽ നിക്ഷേപക താത്പര്യം പ്രകടമാക്കുമെന്നാണ് സൂചന. ബാങ്കിങ്, ധനകാര്യ സേവന മേഖലകളുടെ ഉണർവും വിപണിക്ക് പിന്തുണയേകും. എന്നിരുന്നാലും പശ്ചിമേഷ്യൻ സമാധാന കരാറിനെ തുടർന്നുള്ള ചർച്ചകളുടെ പുരോ​ഗതിയും പുതിയ സംഭവവികാസങ്ങളും വിപണി ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്. ചർച്ചകളിലെ താത്കാലിക തടസ്സങ്ങളും ആഗോള വിപണിയിലെ ചലനങ്ങളും നേരിയ അസ്ഥിരതയ്ക്ക് കാരണമായേക്കാം. എങ്കിലും നിഫ്റ്റി സൂചിക 24,000 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം വിപണിയിൽ പോസിറ്റീവ് കാഴ്ചപ്പാട് തുടരാം.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT