പ്രതീകാത്മക ചിത്രം Image Source: Canva
Markets

മുഖ്യ ഓഹരി സൂചികകൾ താഴുന്നു; പക്ഷേ വിശാല വിപണി കയറുന്നു; ഐടി വീഴുന്നു; മെറ്റലും പൊതുമേഖല ബാങ്കും നേട്ടത്തിൽ

മുഖ്യ ഓഹരി സൂചികകൾ നഷ്ടത്തിലായെങ്കിലും മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗം ഓഹരികൾ നേട്ടത്തിലാണ്; ഐടി ഓഹരികളിൽ വിൽപന സമ്മർദം ശക്തമായപ്പോൾ മെറ്റൽ, പൊതുമേഖലാ ബാങ്ക് ഓഹരികൾ ഉയർന്നു

T C Mathew

താഴ്ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി ഇന്നു (നവംബർ 27) ചാഞ്ചാട്ടത്തിനു ശേഷം കൂടുതൽ നഷ്‌ടത്തിലായി. മുൻ ദിവസങ്ങളിൽ നിന്നു വ്യത്യസ്തമായി, വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ മുഖ്യ ഓഹരി സൂചികകൾ താഴ്ന്നപ്പോൾ വിശാല വിപണി നല്ല നേട്ടത്തിലായെന്നത് ശ്രദ്ധേയം. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരി സൂചികകൾ ഇന്ന് രാവിലെ ഒരു ശതമാനത്തോളം ഉയർന്നു.

ഇന്ത്യൻ ഐടി സേവന കമ്പനികൾക്കു സമീപഭാവി അത്ര മെച്ചമല്ലെന്നു ആ​ഗോള ബ്രോക്കറേജ് സ്ഥാപനമായ ബേൺസ്റ്റൈൻ വിലയിരുത്തി. എഐയുടെ മുന്നേറ്റത്തിന് ഒപ്പം നിൽക്കാത്തതും ഡോളറിനോടുള്ള രൂപയുടെ കയറ്റവും ആണു പ്രതികൂല ഘടകങ്ങൾ. പ്രമുഖ ഐടി കമ്പനികളുടെ ഓഹരികൾ ഗണ്യമായി താഴും എന്നു ബ്രോക്കറേജ് സ്ഥാപനങ്ങൾ കണക്കാക്കുന്നു. ഐടി ഓഹരികൾ രാവിലെ മൂന്നു ശതമാനം വരെ താഴ്ന്നു.

ഓഹരി വാർത്തകൾ

കല്യാൺ ജ്വല്ലേഴ്സ് ഓഹരിക്ക് 830 രൂപ ലക്ഷ്യവില നിർദേശിച്ച എച്ച്എസ്ബിസി വാങ്ങൽ ശിപാർശ നൽകി. ഓഹരി മൂന്നു ശതമാനം ഉയർന്നു. സ്വർണ വില 3,630 ഡോളറിലേക്കു കയറിയതു സ്വർണപ്പണയ കമ്പനികളെ നേട്ടത്തിലാക്കി. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് ഓഹരികൾ മൂന്നു ശതമാനം കയറി.

കഴിഞ്ഞ ദിവസങ്ങളിൽ താഴ്ന്നുനിന്ന ഫെഡറൽ ബാങ്ക് ഓഹരികൾ ഇന്നു രാവിലെ രണ്ടു ശതമാനത്തോളം ഉയർന്ന് 363 രൂപയ്ക്കു മുകളിൽ എത്തി. ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ പഞ്ചസാര വില കൂടും എന്നതു പഞ്ചസാര മിൽ കമ്പനികളുടെ ഓഹരികളെ ഇന്നും ഉയർത്തി. 120 മെഗാവാട്ട് സോളർ പ്രോജക്ടിനു കരാർ ലഭിച്ച വാരീ റിന്യൂവബിൾസ് 12 ശതമാനം കുതിച്ചു.

സൈഡസ് ലൈഫ് ഓഹരിക്ക് നൊമുറ 1450 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി രണ്ടു ശതമാന താഴ്ന്നു. ജിഎസ്കെ ഫാർമയ്ക്ക് മികച്ച മുന്നേറ്റം കണക്കാക്കുന്ന ബേൺസ്റ്റൈൻ, ഈ ഓഹരിക്കു 3430 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി ഒരു ശതമാനം കയറി.

ടാറ്റാ സ്റ്റീൽ—എപിഎൽ അപ്പോളോ ഇടപാടിൻ്റെ പേരിൽ വലിയ താഴ്ചയിലായ ഓഹരികൾ ഇന്നു നേട്ടത്തിലാണ്. എപിഎൽ അപ്പോളോ നാലും ആ കമ്പനിയുടെ പ്രൊമോട്ടർ സഞ്ജയ് ഗുപ്ത തന്നെ പ്രൊമോട്ട് ചെയ്തിട്ടുള്ള എസ്ജി മാർട്ട് അഞ്ചും എസ്ജി ഫിനാൻസ് ഏഴും ശതമാനം വരെ ഉയർന്നു.

കമ്മോഡിറ്റി, ഫോറക്സ്

രൂപ ഇന്നു ദുർബലമായി. ഡോളർ ഏഴു പൈസ കൂടി 92.52 രൂപയിൽ ഓപ്പൺ ചെയ്തു. 92.45 രൂപ വരെ താഴ്ന്നിട്ട് 92.66 രൂപയിലേക്കു ഡോളർ കയറി. ലോകവിപണിയിൽ സ്വർണം ചാഞ്ചാടുകയാണ്. രാവിലെ രണ്ടു ശതമാനത്തോളം കുതിച്ച് ഔൺസിന് 3637 ഡോളർ വരെ കയറിയ വില പിന്നീട് അൽപം താഴ്‌ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1280 രൂപ വർധിച്ച് 92,800 രൂപയായി. രാവിലെ ക്രൂഡ് ഓയിൽ വില ഭിന്നദിശകളിൽ നീങ്ങി. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ നാമമാത്രമായി താഴ്ന്ന് 96.54 ഡോളർ ആയി. ഡബ്ള്യുടിഐ ഇനം ക്രൂഡ് ഓയിൽ രണ്ടു ഡോളറിലധികം കയറി 85.76 ഡോളറിൽ എത്തി.

Indian benchmark indices traded lower while broader markets advanced, with IT stocks under pressure and metal and PSU banking shares gaining.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT