തുടർച്ചയായ മൂന്നാം വ്യാപാര ദിനത്തിലും ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം. തിങ്കളാഴ്ചത്തെ (2026 ഏപ്രിൽ 6) വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തിരിച്ചടി നേരിട്ടെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ ഉണർവ് കൈവരിച്ചതോടെ വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. പ്രധാനപ്പെട്ട ഓഹരി വിഭാഗങ്ങൾ പോസിറ്റീവിലേക്ക് മടങ്ങിയെത്തിയതോടെ പ്രധാന ഓഹരി സൂചികകൾ ഒരു ശതമാനത്തിലേറെ നേട്ടം വീതം കരസ്ഥമാക്കി.
ഇന്നത്തെ വ്യാപാരത്തിനൊടുവിൽ എൻ.എസ്.ഇയുടെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റി 255 പോയിന്റ് (+1.12%) മുന്നേറ്റത്തോടെ 22,968 നിലവാരത്തിലും ബി.എസ്.ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ സെൻസെക്സ് 787 പോയിന്റ് (+1.07%) കുതിച്ചുയർന്ന് 74,107-ലും വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ നിക്ഷേപകരുടെ ആസ്തിമൂല്യത്തിൽ ഏകദേശം 5 ലക്ഷം കോടി രൂപയുടെ വർധന ഇന്ന് രേഖപ്പെടുത്തി.
തിങ്കളാഴ്ച എൻ.എസ്.ഇ.യിൽ മൊത്തം 3,346 ഓഹരികളാണ് വ്യാപാരം ചെയ്യപ്പെട്ടത്. ഇതിൽ 2,511 എണ്ണം നേട്ടത്തോടെയും 746 ഓഹരികൾ നഷ്ടം നേരിട്ടും വ്യാപാരം അവസാനിപ്പിച്ചു. ഇതിൽ നിന്നും വിശാല വിപണി ഇന്ന് പോസിറ്റീവ് ട്രെൻഡിലായിരുന്നുവെന്ന് മനസ്സിലാക്കാം. 187 ഓഹരികൾ അപ്പർ സർക്യൂട്ട് നിലവാരത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ് ക്യാപ്-100 സൂചികയും നിഫ്റ്റി സ്മോൾ ക്യാപ്-100 സൂചികയും ഒന്നേകാൽ ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി.
ഓയിൽ & ഗ്യാസ് വിഭാഗം ഒഴികെ എൻ.എസ്.ഇയുടെ പ്രധാനപ്പെട്ട എല്ലാ ഓഹരി വിഭാഗം സൂചികകളും ഇന്ന് നേട്ടത്തിൽ ക്ലോസിങ് കുറിച്ചു. നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി റിയാൽറ്റി, നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ്, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് എന്നിവ രണ്ട് ശതമാനത്തിലേറെ വർധന രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മെറ്റൽ എന്നിവ ഒരു ശതമാനത്തിലധികം മുന്നേറ്റം കുറിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ഓഹരിയിൽ നേരിട്ട തിരിച്ചടി കാരണം നിഫ്റ്റി ഓയിൽ & ഗ്യാസ് സൂചിക 1.37 ശതമാനം താഴ്ന്നു.
1.) യു.എസ് - ഇറാൻ വെടിനിർത്തൽ പ്രതീക്ഷ: ആറാമത്തെ ആഴ്ചയിലേക്ക് കടന്ന പശ്ചിമേഷ്യൻ സംഘർഷം ഉടൻ അവസാനിച്ചേക്കുമെന്ന റിപ്പോർട്ടുകളെ ഇന്ത്യൻ വിപണി വളരെ പോസിറ്റീവായി കണക്കിലെടുത്തു. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന സമാധാന ചർച്ചകളിൽ ഇറാനും യു.എസും തമ്മിലുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ ധാരണയായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് ഘട്ടമായുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. ഇതോടെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ കടത്ത് സുഗമമാകും എന്ന പ്രതീക്ഷയാണ് ആഭ്യന്തര വിപണിക്ക് കരുത്തേകുന്ന ഘടകം.
2.) ബാങ്ക് ഓഹരികളിലെ ശക്തമായ മുന്നേറ്റം: വായ്പ വിതരണത്തിൽ മികച്ച വർധന കൈവരിച്ചതിനാൽ, മാർച്ച് സാമ്പത്തിക പാദത്തിലേക്കുള്ള ബിസിനസ് റിപ്പോർട്ടിൽ വളർച്ച രേഖപ്പെടുത്തിയത് ബാങ്ക് ഓഹരികളെ ശ്രദ്ധാകേന്ദ്രമാക്കി. കൂടാതെ സമീപകാലത്ത് തിരുത്തൽ നേരിട്ടതോടെ ഓഹരികളുടെ അന്തർലീനമൂല്യം ആകർഷകമായ നിലവാരത്തിലേക്ക് എത്തിയതിനാൽ നിക്ഷേപക താത്പര്യം ഉയരുന്നതും ബാങ്ക് ഓഹരികളിൽ മുന്നേറ്റത്തിന് വഴിയൊരുക്കി. നിഫ്റ്റി പി.എസ്.യു ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികകളിൽ രണ്ട് ശതമാനത്തിലേറെ നേട്ടം ഇന്ന് രേഖപ്പെടുത്തി.
3.) രൂപയുടെ മൂല്യം സ്ഥിരതയാർജിക്കുന്നതിന്റെ: അടുത്തിടെ റിസർവ് ബാങ്ക് നടത്തിയ വിപണി ഇടപെടലുകളുടെ അനന്തരഫലമായി ഡോളറിനെതിരായ രൂപയുടെ വിനിമയമൂല്യം സ്ഥിരതാർജിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കുന്നുണ്ട്. ഇന്ന് 33 പൈസ ശക്തിപ്പെട്ട് 92.85 നിലവാരത്തിലേക്ക് വരെ രൂപയുടെ മൂല്യം എത്തിച്ചേർന്നിരുന്നു.
4.) ക്രൂഡ് ഓയിൽ വില 110 ഡോളറിൽ താഴെ: പശ്ചിമേഷ്യയിലെ സംഘർഷത്തിന് ശമനമുണ്ടായേക്കുമെന്ന വാർത്ത പുറത്തുവന്നതോടെ, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 110 ഡോളറിന് താഴേക്ക് വീണു. ഇപ്പോൾ 108 ഡോളറിലാണ് ബ്രെന്റ് ക്രൂഡ് ഓയിൽ വ്യാപാരം പുരോഗമിക്കുന്നത്.
5.) ആഗോള വിപണികളും നേട്ടത്തിൽ: രാവിലെ മുതൽ ഏഷ്യൻ വിപണികൾ നേട്ടത്തിലായിരുന്നു. ഇത് ഇന്ത്യൻ വിപണിക്കും പിൻബലമേകി. പിന്നീട് യു.എസ് ഫ്യൂച്ചേഴ്സ് നേട്ടത്തിലേക്ക് മടങ്ങിയെത്തിയതും ആഭ്യന്തര വിപണിയിലെ കുതിപ്പിന് പിന്തുണയേകി.
Read DhanamOnline in English
Subscribe to Dhanam Magazine