Markets

ആടിയുലഞ്ഞെങ്കിലും ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ചാ പ്രതീക്ഷയില്‍ വിപണി, കിറ്റെക്‌സിന് അപ്പര്‍ സര്‍ക്യൂട്ട്, മുന്നേറ്റം വിടാതെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്

വ്യാപാര ചര്‍ച്ചകള്‍ അനുകൂലമാകുമെന്ന സെന്റിമെന്റ്‌സ് ശക്തമായെങ്കിലും നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങിയത് രാവിലെ മുതല്‍ സൂചികകളെ റേഞ്ച് ബൗണ്ടാക്കി

Resya Raveendran

ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസത്തിലും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 313.02 പോയിന്റ് ഉയര്‍ന്ന് 82,693.71ലും നിഫ്റ്റി 91.25 പോയിന്റ് നേട്ടത്തോടെ 25,330.25ലുമാണ് ക്ലോസ് ചെയ്തത്. മൂന്ന് മാസത്തിനിടയിലെ നിഫ്റ്റിയുടെ ഏറ്റവും ഉയര്‍ന്ന നിലവാരമാണിത്.

ഇന്ത്യയും യു.എസും തമ്മില്‍ നടന്നു വരുന്ന വ്യാപാര ചര്‍ച്ചകളില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ ഉയര്‍ന്നതാണ് വിപണിക്ക് പിന്തുണയേകിയത്. വ്യാപാര ചര്‍ച്ചകള്‍ അനുകൂലമാകുമെന്ന സെന്റിമെന്റ്‌സ് ശക്തമായെങ്കിലും നിക്ഷേപകര്‍ ജാഗ്രതയോടെ നീങ്ങിയത് രാവിലെ മുതല്‍ സൂചികകളെ റേഞ്ച് ബൗണ്ടാക്കി.

നിഫ്റ്റി സൂചികകളുടെ ഇന്നത്തെ പ്രകടനം

മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെന്‍സെക്‌സില്‍ എസ്.ബി.ഐ, ഭാരത് ഇലക്ട്രോണിക്‌സസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി, ട്രെന്റ് തുടങ്ങിയവയാണ് മുന്നിലെത്തിയത്. മൂന്ന് ശതമാനം വരെ നേട്ടം കാഴ്ചവച്ചു.

വരുമാനത്തിന്റെ മുഖ്യ പങ്കും യു.എസില്‍ നിന്ന് നേടുന്ന ഐ.ടി കമ്പനികളുടെ ഓഹരികളും ഇന്ന് നേട്ടത്തിലായി. ഐ.ടി സൂചിക 0.7 ശതമാനത്തോളം ഉയര്‍ന്നു. ഇന്ന് നടക്കുന്ന പണനയത്തില്‍ അമേരിക്ക അടിസ്ഥാന പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്ന പ്രതീക്ഷകളും ഐ.ടിക്ക് കരുത്തായി. ഈ വര്‍ഷം ഒരു തവണ കൂടി പലിശ കുറയ്ക്കുമോ എന്നാണ് വിപണി ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

യു.എസ് പലിശ കുറച്ചാല്‍ കടപ്പത്ര നേട്ടവും ഡോളറും ഇടിയുമെന്നതിനാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്ക് പണമൊഴുക്കാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.

മുന്നില്‍ പി.എസ്.യു ബാങ്ക്

പി.എസ്.യു ബാങ്ക് സൂചികയാണ് ഇന്ന് നേട്ടത്തില്‍ മുന്നില്‍. സെബിയുടെ മിനിമം പബ്ലിക് ഷെയര്‍ ഹോള്‍ഡിംഗ് നിയമം പാലിക്കുന്നതിനായി നാല് പൊതു മേഖല ബാങ്കുകള്‍ ഈ വര്‍ഷം തന്നെ മൂലധന സമാഹരണം നടത്തുമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി എം നാഗരാജു വ്യക്തമാക്കിയതാണ് പി.എസ്.യു ഓഹരികളെ മുന്നേറ്റത്തിലാക്കിയത്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ്‌ ബാങ്ക്, യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയില്‍ സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം നിലവില്‍ 90 ശതമാനത്തിനു മുകളിലാണ്. സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കാനായി 1,500 കോടി മുതല്‍ 2,000 കോടി രൂപ വരെ ക്യു.ഐ.പി വഴി സമാഹരിക്കും. ഐ.ഒ.ബി, സെന്‍ട്രല്‍ ബാങ്ക്, പഞ്ചാബ് സിന്ധ്‌ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരി വില ഒരു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടക് മഹീന്ദ്രബാങ്ക് തുടങ്ങിയ ധനകാര്യ ഓഹരികളും നേട്ടം തുടര്‍ന്നു.

ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

ഡിഫന്‍സ് ഓഹരികളും മുന്നേറ്റം തുടരുന്നുണ്ട്. രണ്ട് ലക്ഷം കോടി രൂപുടെ ഫൈറ്റര്‍ ജെറ്റ് കരാര്‍ ഉണ്ടായേക്കുമെന്ന സൂചനകളും മേഖലയുടെ ദീര്‍ഘകാല വളര്‍ച്ചാ സാധ്യതകളുമാണ് ഓഹരികളെ ഉയര്‍ത്തിയത്. ഗാര്‍ഡന്‍ റീച്ച് ഷിപ്പ് ബില്‍ഡേഴ്‌സ് ആന്‍ഡ് എന്‍ജിനീയേഴ്‌സ് ഓഹരി എട്ട് ശതമാനം കുതിപ്പിലായി. ഭാരത് ഇലക്ട്രോണിക്‌സ 2 ശതമാനം ഉയര്‍ന്നു.

മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയുടെ ഓഹരി വിലയിലുണ്ടായ ഉയര്‍ച്ച നിഫ്റ്റി ഓട്ടോ ഇന്‍ഡെക്‌സിനെയും ഉയര്‍ത്തി.

കമ്മോഡിറ്റി മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ ബാങ്കുകള്‍ക്കും പെന്‍ഷന്‍ ഫണ്ടിനും അനുമതി നല്‍കുന്നത് പരിഗണിക്കുന്നതായി സെബി സൂചിപ്പിച്ചത് മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (MCX) സൂചികകളെ നാല് ശതമാനത്തോളം ഉയര്‍ത്തി.

ഇടിവില്‍ ഇവര്‍

ഐ.ടി.സി, ബജാജ് ഫിന്‍സെര്‍വ് എന്നിവയാണ് ഇന്ന് പിന്നോട്ട്‌ നടന്ന ഓഹരികളില്‍ പ്രമുഖര്‍.

ബിസിനസുകളെ വേര്‍പെടുത്താനുള്ള നീക്കം അപകടകരമാണെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചത് വേദാന്ത ഓഹരികളെ ഒരു ശതമാനം ഇടിവിലാക്കി.

എയര്‍പോര്‍ട്ട് ലോഞ്ച് ബിസിനസ് നിര്‍ത്താനൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത് ഡ്രീംഫോക്‌സ് സര്‍വീസസ് ഓഹരികളെ അഞ്ച് ശതമാനം ഇടിവിലാക്കി.

തിളക്കമായി കിറ്റെക്‌സും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും

കേരള കമ്പനികളില്‍ കിറ്റെക്‌സ് ഇന്ന് അഞ്ച് ശതമാനം അപ്പര്‍സര്‍ക്യൂട്ടിലാണ്. യു.എസ്-ഇന്ത്യ ചര്‍ച്ചകള്‍ ആണ് കമ്പനിക്കും കരുത്തു പകരുന്നത്. യു.എസിലേക്കുള്ള കയറ്റുമതി തീരുവകളില്‍ ഇളവുണ്ടാകുന്നത് കിറ്റെക്‌സ് പോലുള്ള കമ്പനികള്‍ക്ക് ഗുണകരമാകും.

ശതമാനക്കണക്കില്‍ നോക്കിയാല്‍ രണ്ടാം സ്ഥാനത്ത് പ്രൈമ ഇന്‍ഡസ്ട്രീസാണ്. ഓഹരി വില 4.97 ശതമാനം ഉയര്‍ന്നു.

കേരള ഓഹരികളുടെ പ്രകടനം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളും മുന്നേറ്റം തുടരുന്നുണ്ട്. ഇന്ന് ഓഹരി വില 3.48 ശതമാനം ഉയര്‍ന്നു. അഞ്ച് ദിവസം കൊണ്ട് 14 ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്. ഡിഫന്‍സ് ഓഹരികളിലുണ്ടായ മുന്നേറ്റമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളിലും പ്രതിഫലിച്ചത്.

സെല്ല സ്‌പേസ്, കെ.എസ്.ഇ എന്നിവയും മികച്ച നേട്ടം രേഖപ്പെടുത്തി.

ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, ആഡ്‌ടെക് സിസ്റ്റംസ്, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍.

Indian stock market gains on US trade hopes; Kitex hits upper circuit, Sensex and Nifty rally.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT