രാവിലെ താഴ്ന്നു തുടങ്ങിയിട്ടു ചാഞ്ചാട്ടത്തിലായ വിപണി ക്രമേണ നേട്ടത്തിലേക്കു കയറി.
നിഫ്റ്റി 25,104 വരെ താഴ്ന്നിട്ട് 25,300 നു മുകളിൽ എത്തി. സെൻസെക്സ് 81,698 ലെ താഴ്ചയിൽ നിന്ന് 82,300 നു മുകളിൽ കയറി. പിന്നീടു താഴ്ന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഉയർന്നു.
വാഹനകമ്പനികൾ നല്ല നേട്ടം ഉണ്ടാക്കി. മാരുതി അഞ്ചും മഹീന്ദ്രയും ഹീറോ മോട്ടോകോർപ്പും ഐഷറും മൂന്നു ശതമാനത്തിലധികവും ശതമാനം ഉയർന്നു.
ഐടി കമ്പനികൾ രാവിലെ ഇടിഞ്ഞു. ഇൻഫിയും എച്ച്സിഎലും ടെക് മഹീന്ദ്രയും രണ്ടു ശതമാനത്തിലധികം താഴ്ചയിലായി.
വ്യാപാരസ്ഥാപനങ്ങൾ തമ്മിലുള്ള യുപിഐ ഇടപാടിനുള്ള നിർദിഷ്ട എംഡിആർ (മർച്ചൻ്റ് ഡിസ്കൗണ്ട് റേറ്റ്) ഗണ്യമായി കുറയ്ക്കാൻ ഗവണ്മെൻ്റ് ആലോചിക്കുന്നു. 0.4 ശതമാനം എന്നതിനു പകരം ഓരോ ഇടപാടിനും അഞ്ചു രൂപ എന്നതാകും നിരക്ക്. നാഷണൽ പേമെൻ്റ് കോർപറേഷൻ (എൻപിസിഐ) ഇതിൽ ചർച്ചകൾ നടത്തി. നേരത്തേ എല്ലാ തരം ഇടപാടിനും 0.4 ശതമാനം നിരക്കാണു പ്രഖ്യാപിച്ചത്. 75,000 രൂപയ്ക്കു മുകളിലുള്ള ഇടപാടിന് 300 രൂപ എന്ന പരിധിയും വച്ചു. പുതിയ നിർദേശം വ്യാപാരസ്ഥാപനങ്ങൾക്കു വലിയ ആശ്വാസമാകും.
വ്യക്തികൾ വ്യാപാര സ്ഥാപനങ്ങൾക്കു 2000 രൂപയോ അതിൽ കൂടുതലോ നൽകുമ്പോഴാണ് 0.4 ശതമാനം ഫീസ്. വ്യക്തികൾ തമ്മിൽ ഉള്ള ഇടപാടുകൾക്കു ഫീസ് ഇല്ല. വെള്ളം, വൈദ്യുതി, ഇന്ധനം, റെയിൽവേ ടിക്കറ്റ് എന്നിവയുടെ വിലയും ഇൻഷ്വറൻസ് പ്രീമിയവും വിദ്യാഭ്യാസ ഫീസുകളും നൽകുമ്പോൾ ഇടപാടിന് അഞ്ചു രൂപയാണ നിർദിഷ്ട ഫീസ്. എംഡിആർ എന്നു നടപ്പാക്കും എന്നു പ്രഖ്യാപിച്ചിട്ടില്ല. ദീപാവലിക്കു ശേഷം വരെ നടപ്പാക്കൽ മാറ്റിവച്ചതാണ്.
വ്യാപാര സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപാടിനു നിരക്കു കുറയ്ക്കുന്നു എന്ന റിപ്പാർട്ടിനെ തുടർന്ന് ഫിൻടെക് കമ്പനികൾ (പൈൻ ലാബ്സ്, വൺ 97(പേയ്ടിഎം), വൺ മോബിക്വിക്ക്) എന്നിവ എട്ടു ശതമാനം വരെ ഇടിഞ്ഞു. പിബി ഫിൻടെക് അഞ്ചു ശതമാനം താഴ്ന്നു.
ഐഐഎഫ്എൽ കാപ്പിറ്റലിൻ്റെ പ്രൊമോട്ടർമാർ 4.5 കോടി ഓഹരികൾ വിറ്റു. 4.3 കോടിയും കാനഡയിലെ ഫെയർഫാക്സ് വാങ്ങി. ഇതോടെ കമ്പനിയിൽ ഫെയർഫാക്സിന് 51 ശതമാനം ഓഹരിയായി. ഐഐഎഫ്എൽ ഫിനാൻസിൽ നിന്നു ഫെയർഫാക്സ് പിൻമാറിയപ്പോൾ ഉള്ള കരാർ അനുസരിച്ചാണു വ്യാപാരം. ഐഐഎഫ്എൽ കാപ്പിറ്റലിനെ ഐഡിബിഐ ബാങ്കിൽ ലയിപ്പിക്കും എന്നാണു സൂചന.
റിലയൻസ് ഇൻഡസ്ട്രീസിന് ജെപി മോർഗൻ 1675 രൂപ ലക്ഷ്യവില നിശ്ചയിച്ചു.
റാഡികോ ഖേതാന് സിഎൽഎസ്എ 4909 രൂപയും ഫിസിക്സ് വാലായ്ക്ക് മോട്ടിലാൽ ഓസ്വാൾ 200 രൂപയും ലക്ഷ്യവില നിർണയിച്ചു.
അമേരിക്കയിൽ എംകെ ഫുഡ്സ് എന്ന ഭക്ഷ്യകമ്പനിയെ ഏറ്റെടുത്ത എൽടി ഫുഡ്സ് ഓഹരി ഒൻപതു ശതമാനം കുതിച്ചു.
എയർ കണ്ടീഷണറുകളുടെ വിൽപന കുതിച്ചതിനെ തുടർന്ന് വോൾട്ടാസ്, ബ്ലൂസ്റ്റാർ, പിജി ഇലക്ട്രോപ്ലാസ്റ്റ് തുടങ്ങിയവ അഞ്ചു ശതമാനം ഉയർന്നു.
രൂപ ഇന്നു മാറ്റമില്ലാതെ വ്യാപാരം തുടങ്ങിയിട്ടു നഷ്ടത്തിലായി. ഡോളർ 93.44 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 93.39 രൂപ വരെ താഴ്ന്ന ശേഷം 93.50 രൂപയിലേക്കു കയറി.
ലോക വിപണിയിൽ സ്വർണം താഴുകയാണ്. രാവിലെ 3755 ഡോളർ വരെ എത്തിയ സ്വർണം 3693 ഡോളർ വരെ ഇടിഞ്ഞിട്ടു കയറി 3728 ഡോളറിലായി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1880 രൂപ ഇടിഞ്ഞ് 95,840 രൂപയായി.
രാവിലെ ഉയർന്ന ക്രൂഡ് ഓയിൽ വില താണിട്ടു കയറി. ബ്രെൻ്റ് ഇനം 92.09 ഡോളറും ഡബ്ള്യുടിഐ ഇനം 83.09 ഡോളറും ആയി.
Domestic benchmark indices recovered from early losses on strong buying in auto and consumer durable stocks, even as fintech shares tumbled on proposed UPI MDR revisions and Kerala gold prices fell sharply.
Read DhanamOnline in English
Subscribe to Dhanam Magazine