canva
Markets

195 ഓഹരികൾ അപ്പർ സർക്യൂട്ടിൽ; നിഫ്റ്റി 24,250ന് മുകളിൽ; വിപണിയിൽ ഇന്ന് ആശ്വാസ കുതിപ്പ്

എൻഎസ്ഇ നിഫ്റ്റി 234 പോയിന്റ് ഉയർന്ന് 24,262-ലും ബിഎസ്ഇ സെൻസെക്സ് 640 പോയിന്റ് നേട്ടത്തോടെ 78,206-ലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു.

Dhanam News Desk

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ശക്തമായ തിരിച്ചടി നേരിട്ട ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് (2026 മാർച്ച് 10) ആശ്വാസ കുതിപ്പ്. പ്രധാന ഓഹരി സൂചികകൾ മികച്ച നേട്ടം സ്വന്തമാക്കി. തുടക്കം മികച്ച നേട്ടത്തോടെയായിരുന്നെങ്കിലും വിപണി ആദ്യഘട്ടത്തിൽ ഒന്നു പതറി. നേട്ടത്തിന്റെ ഏറിയപങ്കും ചോർന്നുപോയി. എന്നാലും സൂചികകൾ നഷ്ടത്തിലേക്ക് വഴിമാറിയില്ല. വൈകാതെ തന്നെ താളം കണ്ടെത്തുകയും ക്രമേണ ശക്തിപ്രാപിച്ച് ഇന്നത്തെ ഉയർന്ന നിലവാരത്തിന് സമീപം ക്ലോസിങ് രേഖപ്പെടുത്താനും സാധിച്ചു.

എൻഎസ്ഇയുടെ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി 234 പോയിന്റ് (+0.97%) ഉയർന്ന് 24,262 നിലവാരത്തിലും ബിഎസ്ഇയുടെ മുഖ്യ ഓഹരി സൂചികയായ സെൻസെക്സ് 640 പോയിന്റ് (+0.82%) നേട്ടത്തോടെ 78,206 നിലവാരത്തിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. എൻഎസ്ഇയുടെ ബാങ്കിം​ഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റി 931 പോയിന്റ് (+1.66%) കുതിച്ചുയർന്ന് 56,951ലും ക്ലോസിങ് രേഖപ്പെടുത്തി.

വിശാല വിപണി

ബിഎസ്ഇയിൽ ഇന്ന് ആകെ വ്യാപാരം ചെയ്യപ്പെട്ടത് 4,420 ഓഹരികളാണ്. ഇതിൽ 3,104 ഓ​ഹരികൾ നേട്ടത്തിലും 1,174 ഓഹരികൾ നഷ്ടം നേരിട്ടും ക്ലോസിങ് രേഖപ്പെടുത്തി. 143 ഓഹരികളുടെ വിപണി വിലയിൽ മാറ്റമൊന്നും കുറിച്ചില്ല. ഇന്നത്തെ വ്യാപാരത്തിൽ വിൽക്കാനാളില്ലാത്തതിനാൽ 195 ഓഹരികൾ അപ്പർ സർക്യൂട്ട് നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. അതുപോലെ വാങ്ങാനാളില്ലാത്തതിനാൽ 177 ഓഹരികൾ ഇന്ന് ലോവർ സർക്യൂട്ട് നിലവാരത്തിലും വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ വ്യാപാരത്തിനിടെ 237 ഓഹരികൾ ഒരു വർഷത്തെ താഴ്ന്ന നിലയിലേക്ക് വീണു. മറുവശത്ത് 65 ഓഹരികൾ ഒരു വർഷത്തെ ഉയർന്ന നിലവാരം തിരുത്തിക്കുറിച്ചു.

മിഡ് ക്യാപ് സൂചിക ഒന്നര ശതമാനത്തിലേറേയും സ്മോൾ ക്യാപ് സൂചിക രണ്ട് ശതമാനത്തിലേറെയും മുന്നേറ്റം രേഖപ്പെടുത്തി. ഓട്ടോമൊബീൽ, ഫിനാൻഷ്യൽ സർവീസസ്, പി.എസ്.യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, മെറ്റൽ, റിയാൽറ്റി, കൺസ്യൂമർ ​ഡ്യൂറബിൾസ് തുടങ്ങിയ ഓഹരി വിഭാ​ഗം സൂചികകളെല്ലാം ഒന്നര ശതമാനത്തിനുമേൽ നേട്ടം കരസ്ഥമാക്കി. ആകെ ഐടി, ഓയിൽ & ​ഗ്യാസ് എന്നീ ഓഹരി വിഭാ​ഗം സൂചികകൾ മാത്രമാണ് ഇന്ന് തിരിച്ചടി നേരിട്ടത്. അതുപോലെ വിപണിയിലെ അടുത്ത 30 ദിവസം പ്രതീക്ഷിക്കുന്ന ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യ വിക്സ് (VIX) സൂചിക 19 ശതമാനം താഴ്ന്ന് 19 നിലവാരത്തിനും താഴെയത്തി. വിക്സ് സൂചിക താഴുന്നത് വിപണിയെ സംബന്ധിച്ച് ശുഭസൂചനയാണ്.

മുന്നേറാനുള്ള മുഖ്യ കാരണങ്ങൾ

1. പശ്ചിമേഷ്യൻ യുദ്ധം ഉടൻ അവസാനിച്ചേക്കും?: കഴിഞ്ഞ ദിവസങ്ങളിൽ ഇരുപക്ഷവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നുവെങ്കിലും പശ്ചിമേഷ്യൻ യുദ്ധം വൈകാതെ അവസാനിച്ചേക്കും എന്ന സൂചനയുള്ള യു.എസ് പ്രസിസ‍ഡന്റ് ‍ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വിപണിക്ക് കരുത്ത് പകരുന്ന ഘടകമായി. നിശ്ചയിച്ചതിലും നേരത്തെ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കിയതിനാൽ ഇറാനെതിരായ യുദ്ധം വേ​ഗം തീരുമെന്നായിരുന്നു ട്രംപിന്റെ പരാമർശം. ഇതുകൂടാതെ പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് ട്രംപും റഷ്യൻ പ്രസി‍ഡന്റ് പുടിനുമായി ഫോണിലൂടെ ചർച്ച നടത്തിയെന്ന വാർത്തയേയും ശുഭലക്ഷണമായാണ് വിപണി കണക്കിലെടുത്തത്.

2. ക്രൂഡോയിൽ വിലയിടിവ്: പശ്ചിമേഷ്യൻ യുദ്ധം വൈകാതെ അവസാനിച്ചേക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ തുടർന്ന്, രാജ്യാന്തര വിപണിയിൽ കഴിഞ്ഞ ദിവസങ്ങളിൽ മുന്നേറ്റം പ്രകടമാക്കിയ ക്രൂഡോയിൽ വിലയിൽ ശക്തമായ തിരുത്തൽ നേരിട്ടു. ഇന്നലെ രാവിലെ 120 ഡോളർ വരെ കുതിച്ചുയർന്ന് നാല് വർഷത്തെ ഉയരത്തിലെത്തിയശേഷം ഇന്ന് തിരികെ 90 ഡോളർ നിലവാരത്തിലേക്ക് ക്രൂഡോയിൽ മടങ്ങിയെത്തിയത് ഇന്ത്യൻ വിപണിക്ക് വൻ ആശ്വാസമേകുന്ന ഘടകമായി.

3. ആ​ഗോള വിപണികളിലെ ഉണർവ്: കഴിഞ്ഞ ദിവസം യു.എസ് വിപണികൾ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തതും തുടർന്ന് ഇന്ന് രാവിലെ ഏഷ്യൻ വിപണികളിൽ വ്യാപാരം പുനരാരംഭിച്ചപ്പോൾ ശക്തമായ മുന്നേറ്റം പ്രകടമാക്കിയതും ആഭ്യന്തര വിപണിയിലും അനുകൂല തരം​ഗം സൃഷ്ടിച്ചു. ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 5 ശതമാനവും ജപ്പാന്റെ നിക്കൈ സൂചിക 2.5 ശതമാനം വീതവും നേട്ടം കരസ്ഥമാക്കി. ചൈനീസ് സൂചികകളും മികച്ച കുതിപ്പ് രേഖപ്പെടുത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT