പ്രതീകാത്മക ചിത്രം Image Source: Canva
Markets

ഇന്ത്യൻ വിപണി വീണ്ടും ചാഞ്ചാട്ടത്തിൽ; ഐടി, പഞ്ചസാര, മിഡ് ക്യാപ് ഓഹരികൾക്ക് തിരിച്ചടി, ശാന്തി ഗിയേഴ്സ് 16% കുതിച്ചു

ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിൽ തുടരുന്നു. ഐടി, മിഡ് ക്യാപ്, പഞ്ചസാര ഓഹരികൾ താഴ്ന്നപ്പോൾ ശാന്തി ഗിയേഴ്സ്, വെൽസ്പൺ കോർപറേഷൻ, സ്വർണപ്പണയ കമ്പനികൾ നേട്ടത്തിലായി

T C Mathew

വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു. ബെഞ്ച്മാർക്ക് സൂചികകൾക്ക് വലിയ മുന്നേറ്റമില്ല. മിഡ് ക്യാപ്, ഐടി, ഓട്ടോ, എഫ്എംസിജി, ഫാർമ, ഹെൽത്ത്, കൺസ്യൂമർ ഡ്യുറബിൾസ് വിഭാഗം ഓഹരികൾ സമ്മർദ്ദത്തിൽ. പഞ്ചസാര ഇറക്കുമതി തീരുവ ഒഴിവാക്കൽ പഞ്ചസാര മിൽ ഓഹരികൾക്ക് തിരിച്ചടിയായി. സ്വർണവില കുതിച്ചപ്പോൾ സ്വർണപ്പണയ കമ്പനികളും ഇ.ടി.എഫുകളും നേട്ടത്തിലേക്ക് കുതിച്ചു.

ഇന്ത്യൻ ഓഹരി വിപണി ഇന്നു (ഓ​ഗ​സ്റ്റ് 21) ചാഞ്ചാട്ടത്തിലാണ്. രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് അൽപം കഴിഞ്ഞു താഴ്‌ന്നു. വീണ്ടും നേട്ടത്തിലേക്കു മാറിയെങ്കിലും ബെഞ്ച്മാർക്ക് സൂചികകളിൽ കാര്യമായ മുന്നേറ്റം ഉണ്ടായില്ല. വീണ്ടും താഴ്ന്നാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. മിഡ് ക്യാപ് ഓഹരികൾ രാവിലെ മുതൽ നഷ്‌ടത്തിലാണ്.

കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റി ഐടി സേവന കമ്പനികളുടെ റേറ്റിംഗ് താഴ്ത്തിയത് ഐടി ഓഹരികളുടെ വിലയിടിച്ചു. ഐടി സൂചികയും താഴ്ന്നു. ഓട്ടോ, എഫ്എംസിജി, ഫാർമ, ഹെൽത്ത്, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവ താഴ്ചയിലാണ്.

പത്തു ലക്ഷം ടൺ അസംസ്‌കൃത പഞ്ചസാര തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രം തീരുമാനിച്ചതിനെ തുടർന്നു പഞ്ചസാര മിൽ ഓഹരികൾ ഇടിഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ വലിയ മുന്നേറ്റം നടത്തിയതാണു പഞ്ചസാര കമ്പനികൾ. പഞ്ചസാരവില കുതിച്ചതിനെ തുടർന്നായിരുന്നു കയറ്റം. ഇറക്കുമതി പഞ്ചസാരയുടെ ആഭ്യന്തരവില താഴ്ത്തും എന്നാണു നിഗമനം. ഓഹരികൾ അഞ്ചു ശതമാനം വരെ താഴ്ന്നു.

ശാന്തി ഗിയേഴ്സിൽ മാതൃകമ്പനിയായ ട്യൂബ് ഇൻവെസ്റ്റ്മെൻ്റ്സ് മൂന്നു ശതമാനം ഓഹരി കൂടി വാങ്ങി. ഇതോടെ ട്യൂബ് ഇൻവെസ്റ്റ്മെന്റിൻ്റെ മൊത്തം ഓഹരി വിഹിതം 73.16 ശതമാനമായി. ശാന്തി ഗിയേഴ്സിന്റെ ഓഹരിവില 16 ശതമാനം കുതിച്ചുയർന്നു.

അമേരിക്കയിലെ ഉപകമ്പനിക്ക് 18,000 കോടി രൂപയുടെ പൈപ്പ് കരാർ ലഭിച്ചതിനെ തുടർന്ന് വെൽസ്പൺ കോർപറേഷൻ ഓഹരി 12.5 ശതമാനം കയറി.വേദാന്ത ഗ്രൂപ്പ് കമ്പനികൾ ഇന്നു നേട്ടത്തിലായി. ഓഹരികൾ അഞ്ചു ശതമാനം വരെ ഉയർന്നു. 190 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചതിനെ തുടർന്ന് സാത്വിക് ഗ്രീൻ എനർജി ഓഹരി അഞ്ചു ശതമാനം മുന്നേറി.

സ്വർണവില കയറുന്നതു സ്വർണപ്പണയ കമ്പനികളെ നേട്ടത്തിലാക്കി. മുത്തൂറ്റ് ഫിനാൻസും മണപ്പുറവും മൂന്നു ശതമാനം വരെയും ഐ.ഐ.എഫ്.എൽ ഏഴു ശതമാനം വരെയും കയറി. സ്വർണ ഇ.ടി.എഫുകൾ രണ്ടു ശതമാനം ഉയർന്നു. വെള്ളി ഇ.ടി.എഫുകളും മുന്നേറ്റത്തിലാണ്.

ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രോണിക്സ് ലിമിറ്റഡിനു 330 രൂപ ലക്ഷ്യവില നിർണയിച്ച ജെഫറീസ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി. എച്ച്.എസ്.ബി.സി ഹിന്ദുസ്ഥാൻ സിങ്കിനു വാങ്ങൽ ശിപാർശ നൽകി. 770 രൂപയാണു ലക്ഷ്യവില. ഓഹരി മൂന്നു ശതമാനം കയറി. അർബൻ കമ്പനി ഓഹരിക്കു180 രൂപ ലക്ഷ്യവില നിർണയിച്ച യുബിഎസ് വാങ്ങൽ ശിപാർശ നൽകി. ഓഹരി ഏഴു ശതമാനം ഉയർന്ന് 155 രൂപയിൽ എത്തി.

നില മെച്ചപ്പെടുത്തി രൂപ

ഡോളറിനെതിരേ രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ താഴ്ന്നു 95.66 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളറിന്റെ വിനിമയമൂല്യം പിന്നീടു 95.72 രൂപയായി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4,545 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 880 രൂപ വർധിച്ച് 1,17,680 രൂപ ആയി.

രാവിലെ 93.88 ഡോളർ വരെ എത്തിയ ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 93.55 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ 86.48 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT