Stock market canva
Markets

കാത്തിരുന്ന പ്രഖ്യാപനങ്ങൾ ഉടനുണ്ടാകുമെന്ന് റിപ്പോർട്ട്; കനത്ത നഷ്ടത്തിൽ നിന്നും തലയൂരി ഇന്ത്യൻ വിപണി; ബാങ്ക് ഓഹരികളിൽ മുന്നേറ്റം

ഉച്ചയ്ക്കു ശേഷമുള്ള വ്യാപാര സെഷനിൽ, പ്രധാന ഓഹരി സൂചികകളായ ബി.എസ്.ഇ സെൻസെക്സ് 854 പോയിന്റും എൻ.എസ്.ഇ നിഫ്റ്റി 255 പോയിന്റ് വീതവും ഇന്നത്തെ താഴ്ന്ന നിലയിൽ നിന്നും കരകയറിയിരുന്നു

Dhanam News Desk

രാവിലെ നേരിട്ട കനത്ത നഷ്ടത്തിൽ നിന്നും ഏറെക്കുറെ തിരിച്ചുപിടിച്ചുകൊണ്ടാണ് ഇന്ത്യൻ ഓഹരി വിപണിയുടെ ബുധനാഴ്ചത്തെ (ജൂൺ 3) വ്യാപാരം അവസാനിപ്പിച്ചത്. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാര സെഷനിൽ, പ്രധാന ഓഹരി സൂചികകളായ ബി.എസ്.ഇ സെൻസെക്സ് 854 പോയിന്റും എൻ.എസ്.ഇ നിഫ്റ്റി 255 പോയിന്റ് വീതവും ഇന്നത്തെ താഴ്ന്ന നിലയിൽ നിന്നും കരകയറിയിരുന്നു.

ബാങ്ക് ഓഹരികളിലെ ഉണർവ് വലിയ തോതിൽ സഹായിച്ചെങ്കിലും വിദേശ നിക്ഷേപകരെ ഇന്ത്യൻ വിപണിയിലേക്ക് ആകർഷിക്കാനുള്ള ചില നടപടികൾ സർക്കാർ തലത്തിൽ നിന്നും ഈയാഴ്ച തന്നെ ഉണ്ടായേക്കുമെന്ന റിപ്പോർട്ടാണ് സൂചികകളുടെ തിരിച്ചുവരവിനുള്ള കളമൊരുക്കിയത്. ബുധനാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ നിഫ്റ്റി സൂചിക 78 പോയിന്റ് (-0.33%) താഴ്ന്ന് 23,406-ലും സെൻസെക്സ് സൂചിക 304 പോയിന്റ് (-0.41%) നഷ്ടത്തോടെ 74,346 നിലവാരത്തിലും ക്ലോസിങ് കുറിച്ചു.

എന്തുകൊണ്ട് തിരിച്ചുകയറി?

ആഭ്യന്തര വിപണിയിൽ നിന്നും വിദേശ നിക്ഷേപകരുടെ (FIIs) പിന്മാറ്റത്തിന് തടയിടുന്നതിനുള്ള ശ്രമത്തിന്റെ ഭാ​ഗമായി കൂടുതൽ നികുതി ഇളവുകളും നിക്ഷേപം എളുപ്പമാക്കുന്നതിനുമുള്ള ചില സുപ്രധാന നടപടികൾ ഈയാഴ്ച തന്നെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചേക്കുമെന്ന് ബ്ലൂംബർ​ഗ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് നിക്ഷേപക ശ്രദ്ധയാകർഷിച്ചതാണ് ഉച്ചയ്ക്കുശേഷം പ്രധാന ഓഹരി സൂചികകളെ നഷ്ടത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചത്.

കടപ്പത്രങ്ങളുടെ ആദായത്തിന്മേൽ ചുമത്തിയിരുന്ന 20% നികുതി ​ഗണ്യമായി താഴ്ത്തുന്നതിനായി കേന്ദ്രസർക്കാരും ദീർഘകാല സർക്കാർ കടപ്പത്രങ്ങളിൽ വിദേശ നിക്ഷേപകർക്ക് ഏർപ്പെടുത്തിയിരുന്ന ഉയർന്ന പരിധിയിൽ ഇളവു അനുവദിക്കാൻ റിസർവ് ബാ​ങ്കും ഉടൻ നടപടി എടുത്തേക്കും എന്നായിരുന്നു റിപ്പോർട്ട്.

വിശാല വിപണിയുടെ പ്രകടനം

എൻ.എസ്.ഇയിൽ ഇന്ന് ആകെ വ്യാപാരം ചെയ്യപ്പെട്ട 3,402 ഓഹരികളിൽ 1,379 എണ്ണമാണ് നേട്ടത്തോടെ ക്ലോസിങ് കുറിച്ചത്. 1,915 ഓഹരികളും നഷ്ടം നേരിട്ടാണ് വ്യാപാരം പൂർത്തിയാക്കിയത്. 106 ഓഹരികൾ അപ്പർ സർക്യൂട്ടിലും 111 ഓഹരികൾ ലോവർ സർക്യൂട്ട് നിലവാരത്തിലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഓപ്പണിങ്ങിൽ കനത്ത തിരിച്ചടി നേരിട്ടപ്പോൾ ഒട്ടുമിക്ക ഓഹരി വിഭാ​ഗങ്ങളും നഷ്ടം രേഖപ്പെടുത്തിയെങ്കിലും ഉച്ചകഴിഞ്ഞ് വിപണി നില മെപ്പെടുത്തിയപ്പോൾ നേട്ടത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്തു. എന്നാൽ ഐടി വിഭാ​ഗം ഓഹരികളിൽ ആ ഉണ‌ർവ് ഒട്ടുംതന്നെ കാണാനായില്ല എന്നതും ശ്രദ്ധേയം. അല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ, വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കിയേനെ.

അതേസമയം എൻ.എസ്.ഇയുടെ പ്രധാന ഓഹരി വിഭാ​ഗങ്ങളിൽ പൊതുമേഖല ബാങ്ക് സൂചിക 1.70% നേട്ടത്തോടെ ഇന്ന് മിന്നിത്തിളങ്ങി. പ്രൈവറ്റ് ബാങ്ക് സൂചിക 0.70% വർധനയും ഹെൽത്ത്കെയർ വിഭാ​ഗം 0.54% മുന്നേറ്റവും കരസ്ഥമാക്കി. ഫാർമ, ഫിനാൻഷ്യൽ സർവീസസ്, ഓട്ടോ വിഭാ​ഗം ഓഹരികളും നേട്ടത്തോടെ ക്ലോസ് ചെയ്തു. എന്നാൽ 5.57% ഇടിഞ്ഞ ഐടി സൂചികയാണ് ഇന്ന് കനത്ത തകർച്ച നേരിട്ടത്. റിയാൽറ്റി, എഫ്.എം.സി.ജി വിഭാ​ഗം ഓഹരികളും ഒരു ശതമാനത്തിലേറെ വീണു. മെറ്റൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ & ​ഗ്യാസ് വിഭാ​ഗം ഓഹരികളും നഷ്ടത്തിൽ കലാശിച്ചു.

നിഫ്റ്റി സൂചികയുടെ ഭാ​ഗമായ ബ്ലൂചിപ് ഓഹരികളുടെ കൂട്ടത്തിൽ ടി.സി.എസ് 8.25%, എച്ച്.സി.എൽ ടെക് 5.31%, ടെക് മഹീന്ദ്ര 6.45%, വിപ്രോ 2.83%, ഇൻഫോസിസ് 3.93% വീതം നഷ്ടം രേഖപ്പെടുത്തി. ഐ.ടി.സി 2.29%, എൽ&ടി 1.35%, എറ്റേണൽ 1.64%, അദാനി എന്റർപ്രൈസസ് 1.32%, എസ്.ബി.ഐ ലൈഫ് .12% വീതവും താഴേക്കിറങ്ങി. മറുവശത്ത് മാക്സ് ഹെൽത്ത്, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ഇൻഡി​ഗോ, ഒ.എൻ.ജി.സി, അപ്പോളോ ഹോസ്പിറ്റൽസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ എന്നിവ ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT