ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ആഘാതം. താരതമ്യേന മികച്ച നേട്ടത്തോടെയാണ് രാവിലെ ആരംഭിച്ചതെങ്കിലും വെള്ളിയാഴ്ച (2026 മേയ് 29) വ്യാപാരം അവസാനിക്കുന്നതിന് 30 മിനിറ്റ് മുമ്പെയുള്ള അപ്രതീക്ഷിത വീഴ്ചയിൽ പ്രധാന ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും കനത്ത ആഘാതം നേരിട്ടു.
ഇന്നത്തെ ഉയർന്ന നിലവാരത്തിൽ നിന്നും സെൻസെക്സ് സൂചിക 1,445 പോയിന്റും നിഫ്റ്റി സൂചിക 456 പോയിന്റും വീതം താഴേക്ക് വീണു. ഒടുവിൽ ബി.എസ്.ഇ സെൻസെക്സ് 1092 പോയിന്റ് (-1.44%) നഷ്ടത്തോടെ 74,776 -ലും എൻ.എസ്.ഇ നിഫ്റ്റി 359 പോയിന്റ് (-1.50%) ഇടിഞ്ഞ് 23,546-ലും ക്ലോസിങ് കുറിച്ചു.
ഇതോടെ തുടർച്ചയായ മൂന്നാം വ്യാപാര ദിനത്തിലും ഇന്ത്യൻ വിപണിയിൽ നഷ്ടം നേരിട്ടു. അതുപോലെ 1.81 ശതമാനം നഷ്ടം കുറിച്ചാണ് നിഫ്റ്റിയും സെൻസെക്സും ഈ വ്യാപാര ആഴ്ചയോട് വിടപറയുന്നത്. അതേസമയം എൻ.എസ്.ഇയിൽ ഇന്ന് മൊത്തം വ്യാപാരം ചെയ്യപ്പെട്ട 3,422 ഓഹരികളിൽ 1,145 എണ്ണം മാത്രമാണ് നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കിയത്. 2,171 ഓഹരികൾ നഷ്ടം നേരിട്ടു.
പ്രധാനപ്പെട്ട ഓഹരി വിഭാഗം സൂചികകളിൽ ഐ.ടി മാത്രമാണ് നേരിയ നേട്ടമെങ്കിലും രേഖപ്പെടുത്തിയത്. ഓട്ടോമൊബീൽ, ഫിനാൻഷ്യൽ സർവീസ്, എഫ്.എം.സി.ജി, മെറ്റൽ, ഫാർമ, ഹെൽത്ത്കെയർ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ & ഗ്യാസ് വിഭാഗം ഓഹരി സൂചികകൾ 1.5 ശതമാനത്തിലേറെ നഷ്ടം രേഖപ്പെടുത്തി.
എം.എസ്.സി.ഐ റീബാലൻസിങ്: ഗ്ലോബൽ ഫണ്ട് മാനേജർമാരും ഇൻസ്റ്റിട്യൂഷണൽ നിക്ഷേപകരും പ്രാധാന്യത്തോടെ നോക്കിക്കാണുന്ന ആഗോള അടിസ്ഥാന ഓഹരി സൂചികകളിലൊന്നാണ്, യു.എസ് ധനകാര്യ സ്ഥാപനമായ എം.എസ്.സി.ഐ (നേരത്തെ മോർഗൻ സ്റ്റാൻലി ക്യാപിറ്റൽ ഇന്റർനാഷണൽ) അവതരിപ്പിച്ചിട്ടുള്ള എം.എസ്.സി.ഐ സ്റ്റാൻഡേഡ് ഇൻഡക്സ് (MSCI Standard Index). ഈ സൂചികയിൽ ഇന്ന് നടന്ന റിബാലൻസിങ് (ഓഹരികളുടെ പുനർക്രമീകരണം) പ്രക്രിയയാണ് ഇന്ത്യൻ വിപണിയിൽ തിരിച്ചടി ഉണ്ടാക്കിയതെന്നാണ് പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ നുവാമയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
എം.എസ്.സി.ഐ സ്റ്റാൻഡേഡ് ഇൻഡക്സിൽ ഇന്ത്യയുടെ വെയിറ്റേജ് 12.4 ശതമാനത്തിൽ നിന്നും 12.3 ശതമാനത്തിലേക്ക് താഴ്ത്തിയെന്നാണ് നുവാമയുടെ നിഗമനം. അതേസമയം റീബാലൻസിങ് വേളയിൽ വെയിറ്റേജിൽ വരുത്തുന്ന മാറ്റം അനുസരിച്ച് ഓഹരികളുടെ വാങ്ങലും വിൽക്കലും നടക്കാറുണ്ട്. ഇവിടെ എം.എസ്.സി.ഐ സ്റ്റാൻഡേഡ് ഇൻഡക്സിൽ ഇന്ത്യയുടെ വെയിറ്റേജ് കുറച്ചപ്പോൾ ക്രമീകരിക്കപ്പെടുന്ന ഓഹരികളിലെ വിൽപ്പന സമ്മർദം നേരിട്ടു. ഇത്തരം ചില ഓഹരികൾ ആഭ്യന്തര വിപണിയിലെ പ്രധാന സൂചികകളുടേയും ഭാഗമായിട്ടുള്ളതിനാൽ റീബാലൻസിങ് കാരണം ഉയർന്ന വിൽപ്പന സമ്മർദം നിഫ്റ്റിയേയും സെൻസെക്സിനേയും ബാധിച്ചു.
എഫ്.ഐ.ഐ വിൽപ്പന: വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) തുടർച്ചയായി ഓഹരി വിറ്റൊഴിയുന്നതും മറ്റൊരു പ്രതികൂല ഘടകമാണെന്ന് മാർക്കറ്റ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.
പ്രോഫിറ്റ് ബുക്കിങ്: രാവിലെ മുന്നേറിയ ഐ.ടി ഓഹരികളിൽ നിന്നും ലാഭമെടുക്കാൻ (പ്രോഫിറ്റ് ബുക്കിങ്) നിക്ഷേപകർ തുനിഞ്ഞതോടെ ഐ.ടി ഓഹരികളും വീണു. പ്രധാന ഓഹരി സൂചികകളിൽ ഗണ്യമായ വെയിറ്റേജ് ഉള്ളതിനാൽ, പ്രമുഖ ഐ.ടി ഓഹരികളുടെ വീഴ്ചയും നിഫ്റ്റിയേയും സെൻസെക്സിനേയും താഴേക്ക് വലിച്ചിടുന്നതിൽ പങ്കുവഹിച്ചു. രാവിലെ നിഫ്റ്റി ഐടി സൂചിക 2.5 ശതമാനത്തിലേറെ നേട്ടത്തിൽ നിന്നിരുന്നതാണ്. എന്നാൽ ഉച്ചകഴിഞ്ഞുള്ള വിൽപ്പന സമ്മർദത്തെ തുടർന്ന് നിഫ്റ്റി ഐടി സൂചികയിലെ ഇന്നത്തെ നേട്ടം 0.60 ശതമാനത്തിലേക്ക് പരിമിതപ്പെട്ടു.
മൺസൂൺ ദുർബലമായേക്കും: ഇത്തവണ രാജ്യത്ത് ലഭിക്കുന്ന മൺസൂൺ മഴ, ദീർഘകാല ശരാശരിയുടെ 90 ശതമാനം വരെ പ്രതീക്ഷിച്ചാൽ മതിയെന്ന് കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) പ്രവചിച്ചത് വിപണിയെ പ്രതികൂലമായി സ്വാധീനിച്ചു. ക്രൂഡ് ഓയിൽ വിലക്കയറ്റം കാരണമുള്ള പണപ്പെരുപ്പ ഭീഷണി നിലനിൽക്കവേ, വരൾച്ച കാരണം കാർഷികോത്പാദനം കുറയുന്ന സാഹചര്യം ഉടലെടുത്താൽ നിലവിലെ പ്രതിസന്ധി രൂക്ഷമായേക്കും എന്ന നിഗമനമാണ് വിപണിയെ ബാധിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine