Markets

ഓഹരി വിപണിയിൽ ചാഞ്ചാട്ടം; ഐടി ഓഹരികൾ കുതിക്കുന്നു, ബാങ്ക്-ധനകാര്യ ഓഹരികൾ സമ്മർദ്ദത്തിൽ

പാശ്ചാത്യ വിപണികളില്‍ എഐ ഓഹരികള്‍ കുഴപ്പത്തിലായത് ഇന്ത്യയിലെ ഐടി സേവന കമ്പനികളെ നേട്ടത്തിലാക്കി

T C Mathew

വിപണി ഇന്നു ചാഞ്ചാട്ടത്തിലാണ്. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ശേഷം നഷ്ടത്തിലേക്കു മാറി. പിന്നീടു തിരിച്ചു ലാഭത്തില്‍ വന്നു. വീണ്ടും താഴ്ന്നു. പാശ്ചാത്യ വിപണികളില്‍ എഐ ഓഹരികള്‍ കുഴപ്പത്തിലായത് ഇന്ത്യയിലെ ഐടി സേവന കമ്പനികളെ നേട്ടത്തിലാക്കി. ഐടി സൂചിക മൂന്നു ശതമാനത്തോളം ഉയര്‍ന്നു. മീഡിയ, മെറ്റല്‍, ഓട്ടോ, പൊതുമേഖലാ ബാങ്ക് മേഖലകളും നേട്ടമുണ്ടാക്കി.

ബാങ്കുകളും ധനകാര്യ മേഖലയും നഷ്ടത്തിലാണ്. കോടതിവിധി മൂലം പ്രശ്‌നത്തിലായ യെസ് ബാങ്ക് ഓഹരി മൂന്നു ശതമാനം താഴ്ചയിലായി. ഓഹരിക്കു സിറ്റി ഗ്രൂപ്പ് വില്പന ശിപാര്‍ശ ചെയ്തു.

എല്‍ആന്‍ഡ്ടി ഫിനാന്‍സ് രണ്ടാം പാദത്തില്‍ അറ്റാദായം 33 ശതമാനം വര്‍ധിപ്പിച്ചു. അറ്റ പലിശ വരുമാനം 43.7 ശതമാനം ഉയര്‍ന്നു. പക്ഷേ ഓഹരി താഴ്ന്നു.

ജിയോ ഫിനാന്‍ഷ്യലിന്റെ രണ്ടാം പാദം പ്രതീക്ഷയിലും താഴെയായി. ഓഹരി മൂന്നു ശതമാനം താഴ്ന്നു.

പെര്‍സിസ്റ്റന്റ് സിസ്റ്റംസിന്റെ രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷയിലും താഴെയായി. ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ഓഹരിക്ക് ജെപി മോര്‍ഗന്‍ 6400 രൂപ ലക്ഷ്യ വില നിര്‍ണയിച്ചു വാങ്ങല്‍ ശിപാര്‍ശ നല്‍കി.

ടെക് ഓഹരികള്‍ക്ക് നേട്ടം

ടെക് മഹീന്ദ്ര രണ്ടാം പാദ റിസല്‍ട്ട് മികച്ചതായതിനെ തുടര്‍ന്ന് ഏഴു ശതമാനം കയറി. അറ്റാദായത്തില്‍ 8.3 ശതമാനം വര്‍ധന ഉണ്ട്. വരുമാന വര്‍ധന മൂന്നു ശതമാനം. കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ്, ടെക് മഹീന്ദ്രയുടെ ലക്ഷ്യവില 1870 രൂപയായി ഉയര്‍ത്തി. ജെഫറീസ് 1540 രൂപയിലേക്ക് ലക്ഷ്യവില കൂട്ടി. 1,355 രൂപ ലക്ഷ്യവില നിശ്ചയിച്ച സിറ്റി വില്‍പന ശിപാര്‍ശ ചെയ്തു.

വിപ്രോയ്ക്ക് രണ്ടാം പാദ വരുമാനം 9.1 ശതമാനം വര്‍ധിച്ചപ്പോള്‍ അറ്റാദായം 1.4 ശതമാനം താഴ്ന്നു. ഓഹരി നാലു ശതമാനം കയറി. ഓഹരിക്ക് നൊമുറ 200 രൂപ ലക്ഷ്യവില നിര്‍ണയിച്ചു വാങ്ങല്‍ ശിപാര്‍ശ നല്‍കി.

സൈയെന്റ് ഡിഎല്‍എം രണ്ടാം പാദ വരുമാനം 26.5 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ അറ്റാദായ വര്‍ധന 9.5 ശതമാനം മാത്രമായി. ഓഹരി 18 ശതമാനം ഇടിഞ്ഞു.

പോപ്പുലര്‍ വെഹിക്കിള്‍സിന്റെ രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷകളെ മറികടന്നു. വിറ്റുവരവ് 40 ശതമാനം വര്‍ധിച്ചു. പുതിയ വാഹനങ്ങളുടെ വില്‍പന 51 ശതമാനം കൂടി. ഓഹരി രാവിലെ ഏഴു ശതമാനം കുതിച്ചു.

രണ്ടാം പാദത്തില്‍ 21.3 ശതമാനം വര്‍ധനയോടെ മികച്ച അറ്റാദായം ഉണ്ടാക്കിയ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി രാവിലെ നേട്ടം കാണിച്ചു.

രൂപ ഇന്നും നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളര്‍ 35 പൈസ കുറഞ്ഞ് 94.71 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ 94.67 രൂപയിലേക്കു താഴ്ന്ന ശേഷം 94.82 രൂപയിലേക്കു കയറി.

ലോക വിപണിയില്‍ സ്വര്‍ണം ഉയര്‍ന്ന് ഔണ്‍സിന് 4178 ഡോളറില്‍ എത്തി.

ക്രൂഡ് ഓയില്‍ വില അല്‍പം കയറി. ബ്രെന്റ് ഇനം 105.37 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 97.30 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT