ഇന്ത്യൻ വിപണി താഴ്ചയിൽ നിന്ന് കരകയറി നേട്ടത്തിലേക്ക്. മെറ്റൽ, ഫാർമ ഓഹരികൾ തിളങ്ങിയപ്പോൾ ഐടി ഓഹരികൾ താഴ്ന്നു. നിഫ്റ്റി 22,600-നും സെൻസെക്സ് 73,300-നും മുകളിൽ എത്തി. സ്വർണ വില ഉയർന്നപ്പോൾ ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു.
താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം കൂടുതൽ ഇടിഞ്ഞ ഇന്ത്യൻ വിപണി പിന്നീടു നേട്ടത്തിലായി. വലിയ നഷ്ടത്തിലേക്കു പോയ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും കാര്യമായ തിരിച്ചുകയറ്റത്തിലാണ്. എൻ.എസ്.ഇയുടെ നിഫ്റ്റി സൂചിക ഇന്ന് (ഒക്ടോബർ 26) രാവിലെ 22,387 വരെ താഴ്ന്ന ശേഷം 22,600 നിലവാരം മറികടന്ന് നേട്ടത്തിലേക്ക് കയറി. ബി.എസ്.ഇയുടെ സെൻസെക്സ് സൂചിക 72,514 വരെ ഇടിഞ്ഞ ശേഷം 73,300-നു മുകളിൽ എത്തി. ബാങ്ക് നിഫ്റ്റി സൂചികയും നഷ്ടം കുറച്ചു.
ഐടി സേവന കമ്പനികൾ ഇന്നും താഴ്ന്നു. വാർഷിക വരുമാന പ്രതീക്ഷ കുറച്ച ഇൻഫോസിസ് നാലു ശതമാനം വരെ ഇടിഞ്ഞു. ടിസിഎസ്, വിപ്രോ, കോഫോർജ്, എച്ച്സിഎൽ ടെക്, മൈൻഡ് ട്രീ, ടെക് മഹീന്ദ്ര, എംഫസിസ് തുടങ്ങിയ ഐടി കമ്പനികളുടെ ഓഹരികളും ഒരു ശതമാനത്തോളം നഷ്ടത്തിലായി. വരുമാനം കുറയുകയും ലാഭമാർജിൻ ഇടിയുകയു ചെയ്ത ഓറക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്വെയർ ഓഹരി ആദ്യം ഇടിഞ്ഞ ശേഷം നേട്ടത്തിലായി.
ജെ.കെ ടയേഴ്സ് രണ്ടാം പാദത്തിൽ റെക്കോഡ് വരുമാനം നേടിയെങ്കിലും അറ്റാദായം 71 ശതമാനം ഇടിഞ്ഞു. റബർ വിലയും ലോറി വാടകയും കൂടിയതാണു കാരണം. ഇന്നത്തെ വ്യാപാരത്തിന്റെ തുടക്കത്തിൽ ജെ.കെ ടയേഴ്സ് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
രണ്ടാം പാദത്തിൽ ആസ്തി നിലവാരം മോശമാകുകയും ലാഭപ്രതീക്ഷ കുറയ്ക്കുകയും ചെയ്ത ശ്രീറാം ഫിനാൻസ് ഓഹരി ആറു ശതമാനം വീഴ്ചയിലായി. ധനകാര്യ കമ്പനികൾ മിക്കതും ഇന്നു നഷ്ടത്തിലാണ്. സ്വർണപ്പണയ ഓഹരികൾ ഇന്നും താഴ്ന്നു. മണപ്പുറം ഫിനാൻസ് അഞ്ചു ശതമാനം വരെ താണിട്ടു നഷ്ടം കുറച്ചു.
മികച്ച രണ്ടാം പാദ റിസൽട്ടിനു ശേഷവും എ.യു സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി എട്ടു ശതമാനത്തോളം ഇടിഞ്ഞു. മിക്ക ബാങ്കുകളും താഴുന്നതിനിടെ കൊട്ടക് മഹീന്ദ്ര ബാങ്ക് രണ്ടു ശതമാനത്തിലധികം മുന്നേറി. മികച്ച രണ്ടാം പാദ റിസൽട്ടിനെ തുടർന്ന് അപ്പോളോ മൈക്രോ സിസ്റ്റംസ് ഓഹരി ഏഴു ശതമാനം നേട്ടത്തിലായി.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഒരു പൈസ കുറഞ്ഞ് 94.93 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 94.98 രൂപയിലേക്കു കയറി. ലോക വിപണിയിൽ രാവിലെ 3,977 ഡോളർ വരെ താഴ്ന്ന സ്വർണം പിന്നീടു 4,014 ഡോളറിലേക്ക് തിരികെ കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ കൂടി 1,04,680 രൂപയിൽ എത്തി. ക്രൂഡ് ഓയിൽ വില വീണ്ടും താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 114.15 ഡോളറിലും ഡബ്ള്യുടിഐ ഇനം ക്രൂഡ് ഓയിൽ 100.86 ഡോളറിലും എത്തി.
Indian benchmark indices recovered from early losses on October 26, while IT and financial stocks remained under pressure and currency, gold and crude oil prices fluctuated.
Read DhanamOnline in English
Subscribe to Dhanam Magazine