നിഫ്റ്റി സൂചികയുടെ ആഴ്ച കാലയളവിലെ ചാർട്ടിൽ ബുള്ളിഷ് ക്യാൻഡിലാണ് കുറിച്ചിട്ടുള്ളത്. ആഴ്ച കാലയളവിലെ ഉയർന്ന നിലവാരത്തിന് തൊട്ടടുത്തായാണ് ക്ലോസിങ് രേഖപ്പെടുത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയം. അതുപോലെ ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിൽ നിന്നുള്ള സൂചനകൾ അനുകൂലാവസ്ഥ കാണിച്ചതും ഷോർട്ട്-ടേം മൂവിങ് ആവറേജ് നിലവാരത്തിന് മുകളിലായാണ് നിഫ്റ്റി സൂചിക വ്യാപാരം ചെയ്യപ്പെട്ടത് എന്നിങ്ങനെയുള്ള ഘടകങ്ങൾ എല്ലാം കൂടിച്ചേർത്തു വായിക്കുമ്പോൾ, താഴ്ന്ന നിലവാരത്തിലേക്ക് എത്തിയപ്പോൾ വിപണിയിൽ ഉടലെടുത്ത നിക്ഷേപക താത്പര്യത്തെ മനസ്സിലാക്കാം.
പുതിയ വ്യാപാര ആഴ്ചയിലേക്കും (ഏപ്രിൽ 13-17) കുതിക്കാനുള്ള പ്രവണതയാണ് നിഫ്റ്റി സൂചികയിൽ പ്രകടമായിട്ടുള്ളത്. 24,000 ആണ് തൊട്ടടുത്ത പ്രധാനപ്പെട്ട സപ്പോർട്ട് മേഖല. ഇതിന് മുകളിൽ തുടരാൻ സാധിക്കുമെങ്കിൽ നിഫ്റ്റി സൂചികയിൽ ഈയാഴ്ചയിലും പോസിറ്റീവ് ട്രെൻഡ് നിലനിർത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ 23,500 നിലവാരം ശക്തിയോടെ തകർക്കപ്പെട്ടാൽ കഴിഞ്ഞയാഴ്ചയിലെ മുന്നേറ്റത്തിൽ നിന്നും സ്വായത്തമായ പോസിറ്റീവ് ട്രെൻഡിന്റെ ശക്തി നഷ്ടമായെന്നും കരുതാം. അതുവരെ നേരിടുന്ന ഓരോ തിരുത്തലിലും നിക്ഷേപക താത്പര്യം ആകർഷിക്കുമെന്നാണ് കരുതുന്നത്. മുകളിലേക്കുള്ള പ്രയാണത്തിൽ 24,600 — 25,200 നിലവാരത്തിലാകും പ്രതിരോധം നേരിടേണ്ടിവരിക.
കഴിഞ്ഞ വ്യാപാര ആഴ്ചയിൽ ബാങ്ക് നിഫ്റ്റി സൂചിക 8.50% നേട്ടത്തോടെയാണ് ക്ലോസിങ് കുറിച്ചത്. ബാങ്കിംഗ് വിഭാഗം ഓഹരികൾ ഉണർവ് വീണ്ടെടുത്തതിനെയാണ് ഇത് സൂചിപ്പിക്കുന്നത്. പ്രധാനപ്പെട്ട ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിൽ നിന്നുള്ള ലക്ഷണങ്ങളും ഷോർട്ട്-ടേം മൂവിങ് ആവറേജ് നിലവാരത്തിന്റെ നിലവിലെ സ്ഥിതിയും വരുന്ന സെഷനുകളിലും ബാങ്ക് നിഫ്റ്റി സൂചിക പോസിറ്റീവ് ട്രെൻഡ് തുടരുമെന്നാണ് പ്രതീക്ഷ. 56,000 നിലവാരത്തിൽ നിന്നാകും ബാങ്ക് നിഫ്റ്റി സൂചിക പ്രതീക്ഷിക്കേണ്ട ആദ്യ പ്രതിരോധം. ഇവിടം മറികടന്ന് നിലനിൽക്കാൻ സാധിച്ചാൽ ബാങ്ക് നിഫ്റ്റി സൂചികയ്ക്ക് കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാൻ വഴിയൊരുങ്ങും. ഇത് 57,800 — 59,000 നിലവാരത്തിലേക്ക് വരെ സൂചികയെ കൊണ്ടുചെന്നെത്തിക്കാം. അതേസമയം തിരിച്ചടി നേരിടുന്നപക്ഷം 56,000 നിലവാരം കാത്തുസൂക്ഷിക്കാനായില്ലെങ്കിൽ കൂടുതൽ ഇടിവ് നേരിടാം. അങ്ങനെയെങ്കിൽ ഹ്രസ്വകാല കോൺസോളിഡേഷൻ ഘട്ടത്തിലേക്ക് ബാങ്ക് നിഫ്റ്റി പ്രവേശിക്കാനുള്ള സാധ്യതയുണ്ട്.
ബി.എസ്.ഇ.യുടെ മുഖ്യ ഓഹരി സൂചികയായ സെൻസെക്സ് ആകട്ടെ 77,000 നിലവാരത്തിന് മുകളിൽ തുടരാൻ സാധിക്കുകയാണെങ്കിൽ ഹ്രസ്വകാലയളവിലേക്ക് പോസിറ്റീവ് ട്രെൻഡ് തുടരുമെന്ന് പ്രതീക്ഷിക്കാം. മുകളിലേക്ക് മുന്നേറണമെങ്കിൽ പിന്നീട് പ്രതീക്ഷിക്കാവുന്ന പ്രതിരോധം 80,000 നിലവാരത്തിൽ നിന്നുമാകാം നേരിടേണ്ടിവരിക. നിലവിലെ ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിൽ നിന്നുള്ള സൂചനകളും മൂവിങ് ആവറേജ് നിലവാരം രേഖപ്പെടുത്തുന്നതും പ്രകാരം സെൻസെക്സ് സൂചിക മുന്നേറ്റത്തിനുള്ള ശ്രമം തുടരുമെന്ന് പ്രതീക്ഷിക്കാം.
[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com); സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് (Registration No: INH000023843).]
(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.)
Read DhanamOnline in English
Subscribe to Dhanam Magazine