മാർച്ച് മാസത്തിലെ ആദ്യ വ്യാപാര ആഴ്ചയിലേക്ക് കടക്കുകയാണ്. വിവിധ ആഗോള ഘടകങ്ങൾ, സ്ഥാപന നിക്ഷേപകരുടെ നിലപാട്, പ്രധാനപ്പെട്ട ടെക്നിക്കൽ ലെവലുകൾ എന്നിവയുടെ സ്വാധീനത്താൽ ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടം തുടർന്നേക്കാം. വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിൽപ്പന, ആഗോള ടെക്നോളജി മേഖലയിൽ ഉടലെടുത്തിരിക്കുന്ന സമ്മർദം, ഉയർന്നുവരുന്ന ആഗോള സംഘർഷങ്ങൾ എന്നിവ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ തുടർന്നും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
കൂടാതെ, അമേരിക്കൻ വ്യാപാര നയങ്ങളും താരിഫ് ചർച്ചകളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്കും ആഗോള വിപണികളിൽ അനിശ്ചിതത്വം സൃഷ്ടിക്കാനും ഇത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിലെ സമ്പദ്ഘടനകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് വളരാനുമുള്ള സാഹചര്യം നിലനിൽക്കുന്നു. എന്നിരുന്നാലും, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐ) തുടർന്നും വാങ്ങുന്ന പക്ഷത്ത് നിലയുറപ്പിക്കുകയും ഓഹരി കേന്ദ്രീകൃത നീക്കങ്ങളും വിപണിയിൽ കനത്ത ഇടിവിനുള്ള സാധ്യത പരിമിതപ്പെടുത്താനും സഹായകമായേക്കാം.
ടെക്നിക്കൽ അനാലിസിസ് അടിസ്ഥാനമാക്കിയാൽ, മുഖ്യ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റി 25,400 എന്ന നിർണ്ണായക സപ്പോർട്ട് നിലവാരം തകർക്കപ്പെട്ട് താഴേക്ക് പതിച്ചു, ഇത് ഹ്രസ്വകാലയളവിലേക്ക് നീണ്ടുനിൽക്കാവുന്ന നെഗറ്റീവ് പ്രവണതയെ സൂചിപ്പിക്കുന്നു. സൂചിക ഈ നിലവാരത്തിന് താഴെ നിലനിൽക്കുന്നിടത്തോളം, വിപണിയിൽ വിൽപ്പന സമ്മർദ്ദം തുടർന്നേക്കാം. ഇനി സമീപഭാവിയിലേക്ക് 24,600 - 24,335 എന്നീ നിലവാരങ്ങൾ തൊട്ടടുത്ത പ്രധാന സപ്പോർട്ട് മേഖലകളായി കണക്കാക്കപ്പെടുന്നു. മുകളിലേക്ക് 25,400 നിലവാരമാകും ആദ്യ പ്രതിരോധ കടമ്പ. ഈ നിലവാരം മറികടന്നുകൊണ്ട് ഒരു ഉറച്ച മുന്നേറ്റം ഉണ്ടായാൽ മാത്രമേ, വിപണി സമീപ ഭാവിയിൽ വീണ്ടും പോസിറ്റീവ് ട്രെൻഡിലേക്ക് മടങ്ങിയെത്തുകയുള്ളൂ.
ഇന്ത്യൻ ഓഹരി വിപണി, ഫെബ്രുവരി അവസാന ആഴ്ചയിൽ തിരിച്ചടി നേരിട്ടുകൊണ്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. ഭൂരിഭാഗം സെക്ടറുകളിലും ദൗർബ്ബല്യം പ്രകടമായിരുന്നു. ബിഎസ്ഇ സെൻസെക്സ് സൂചിക 1.84% താഴ്ന്ന് 81,287ൽ ക്ലോസിങ് കുറിച്ചു. എൻഎസ്ഇ നിഫ്റ്റി സൂചിക 1.50% നഷ്ടത്തോടെ 25,178ൽ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി സൂചികയും കഴിഞ്ഞയാഴ്ച തിരിച്ചടി നേരിട്ടു. 1.1% ഇടിഞ്ഞ് 60,529ൽ ക്ലോസിങ് രേഖപ്പെടുത്തി.
ആഴ്ചയിൽ സെക്ടറൽ സൂചികകളുടെ പ്രകടനവും പൊതുവെ നെഗറ്റീവ് ആയിരുന്നു. മെറ്റൽ, ഫാർമ സെക്ടറുകൾ താരതമ്യേന പിടിച്ചുനിന്നു. നേരിയ നേട്ടത്തോടെ ഈ രണ്ട് സെക്ടറൽ സൂചികകളും ക്ലോസിങ് കുറിച്ചു. മറ്റ് ഭൂരിഭാഗം സെക്ടറുകളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് റിയൽറ്റി, ഐടി, പി.എസ്.യു ബാങ്കുകൾ, ഫിനാൻഷ്യൽ സർവീസസ് തുടങ്ങിയ ഓഹരി വിഭാഗങ്ങൾ ആയിരുന്നു. ഇവയിൽ ഗണ്യമായ വിൽപ്പന സമ്മർദ്ദം നേരിട്ടു.
ഇന്ത്യൻ ഓഹരി വിപണിയിലെ ഇടിവ് പ്രധാനമായും ആഗോള ഘടകങ്ങളിലെ ദുർബലത, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടർച്ചയായ വിൽപ്പന, സെക്ടർ കേന്ദ്രീകൃത സംഭവവികാസങ്ങൾ എന്നിവ കാരണമുണ്ടായതാണ്. ആഗോള ടെക്നോളജി മേഖലയിൽ നേരിടുന്ന വിൽപ്പന സമ്മർദത്തെ തുടർന്ന്, നിഫ്റ്റി ഐടി സൂചിക 4% ഇടിഞ്ഞു. സെക്ടറൽ സൂചികകളിൽ ഏറ്റവുമേറെ നഷ്ടം ഐടിയിലായിരുന്നു. എഐ സാങ്കേതികവിദ്യയുടെ അതിവേഗത്തിലുള്ള വളർച്ച, ഐടി കമ്പനികളുടെ ലഭക്ഷമത തളർത്തുമെന്ന നിഗമനം ശക്തമാകുന്നതാണ് ഐടി ഓഹരികൾക്ക് തിരിച്ചടിയാകുന്നത്. ഇതിനെ തുടർന്ന് ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര തുടങ്ങിയ ഐടി ഓഹരികൾ 2% മുതൽ 6% വരെ ഇടിവ് നേരിട്ടു.
ആഗോള രാഷ്ട്രീയ-സാമ്പത്തിക സംഭവവികാസങ്ങളും വിപണിയിലെ ചാഞ്ചാട്ടത്തിന് ആക്കംകൂട്ടി. യു.എസുമായി വ്യാപാരം നടത്തുന്ന ലോകരാജ്യങ്ങൾക്ക്, പൊതുവായി 15% ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നതിനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശം, വ്യാപാര സംഘർഷം നീണ്ടുനിൽക്കുമോ എന്ന ആശങ്ക വർധിപ്പിക്കുകയും ഇത് ആഗോള വിപണികളിൽ അനിശ്ചിതത്വം കൂട്ടുകയും ചെയ്തു.
ഇതേസമയം മധ്യ-പൂർവ ദേശത്ത്, പ്രത്യേകിച്ച് ഇറാനും യുഎസുമായുള്ള സംഘർഷം നിക്ഷേപകർക്കിടയിൽ ജാഗ്രത പാലിക്കാനുള്ള മനോഭാവം ശക്തിപ്പെടുത്തി. ഇനി ഇന്ത്യൻ വിപണിയിലെ കാര്യം നോക്കിയാൽ, എഫ്ഐഐകളുടെ തുടർച്ചയായ വിൽപ്പനയും ഫെബ്രുവരി മാസത്തെ ഡെറിവേറ്റീവ് കോൺട്രാക്ടുകളുടെ (F&O) എക്സ്പയറി വേളയിൽ ഉയർന്ന ചാഞ്ചാട്ടവും, സമീപകാല മുന്നേറ്റത്തിനുശേഷം സ്ഥാപന നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞതു വിപണിയിൽ സമ്മർദ്ദം ഉണ്ടാക്കി.
ടെക്നിക്കൽ അനാലിസിസിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ, നിഫ്റ്റി സൂചിക ഇപ്പോൾ ബെയറിഷ് ട്രെൻഡിലാണുള്ളത്. മൊമന്റം ഇൻഡിക്കേറ്ററുകളിൽ നിന്നും ദുർബല സൂചനകളാണ് ലഭിക്കുന്നത്. കൂടാതെ പ്രധാന ഹ്രസ്വകാല മൂവിംഗ് ആവറേജ് നിലവാരങ്ങൾക്ക് താഴെയായാണ് നിഫ്റ്റി വ്യാപാരം ചെയ്യപ്പെടുന്നത്.
ഇതോടെ കഴിഞ്ഞയാഴ്ചയിൽ, നിഫ്റ്റിയുടെ ചാർട്ടിൽ വലിയൊരു ബെയറിഷ് ക്യാൻഡിൽ രൂപപ്പെടുകയും ട്രേഡിങ് റേഞ്ചിന്റെ താഴ്ഭാഗത്തോടടുത്ത് ക്ലോസിങ്ങും കുറിച്ചു. ഇത് നിഫ്റ്റിയിൽ തുടർ വിൽപ്പന സമ്മർദ്ദം നേരിടാമെന്ന് സൂചിപ്പിക്കുന്നു. ശ്രദ്ധേയമായ കാര്യം, 25,400 നിലവാരം ഇപ്പോൾ പ്രതിരോധ കടമ്പയായി നിൽക്കുന്നു. നേരത്തെ ഇത് ശക്തമായ പിന്തുണ മേഖലയായിരുന്നു.
നിഫ്റ്റി സൂചിക തുടർന്നും ഈ നിലവാരത്തിന് താഴെ വ്യാപാരം തുടർന്നാൽ, വരും ദിവസങ്ങളിലും ഇടിവ് നേരിടാനുള്ള സാധ്യതയുണ്ട്. താഴേക്ക്, 24,600/24,335 നിലവാരങ്ങൾ തൊട്ടടുത്ത പ്രധാന സപ്പോർട്ട് മേഖലകളായി നിലകൊള്ളുന്നു. അതേസമയം മുന്നേറ്റം വീണ്ടെടുക്കണമെങ്കിൽ നിഫ്റ്റി സൂചിക 25,400 നിലവാരം മറികടന്ന് സ്ഥിരതയാർജിക്കേണ്ടതും അനിവാര്യമാണ്.
ബാങ്ക് നിഫ്റ്റി കഴിഞ്ഞയാഴ്ച 1.1% ഇടിഞ്ഞ് 60,529ൽ ക്ലോസ് ചെയ്തു. ഇത് സൂചികയിലെ നെഗറ്റീവ് ട്രെൻഡിനെ സൂചിപ്പിക്കുന്നു. ടെക്നിക്കൽ ഇൻഡിക്കേറ്ററുകളും മൂവിങ് ആവറേജ് നിലവാരങ്ങളും സമീപ ഭാവിയിൽ ബാങ്ക് നിഫ്റ്റിയിൽ നെഗറ്റീവ് ട്രെൻഡിനുള്ള ലക്ഷണങ്ങളാണ് പ്രകടമാക്കുന്നത്.
ബാങ്ക് നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോർട്ട് മേഖല 60,000 നിലവാരത്തിന് സമീപമാണ്. ഇവിടെ ശക്തിയോടെ തകർക്കപ്പെട്ടാൽ മാത്രമാണ് സൂചികയിൽ കൂടുതൽ ഇടിവ് നേരിടാനുള്ള സാധ്യത തെളിയുകയുള്ളൂ. ഇതിന് താഴെ 58,700 നിലവാരം ശക്തമായ പിന്തുണ മേഖലയാണ്. മറിച്ച് മുന്നേറ്റത്തിനായി ബാങ്ക് നിഫ്റ്റിയുടെ തൊട്ടുമുന്നിലുള്ള പ്രതിരോധ കടമ്പ 61,700 നിലവാരത്തിലാണുള്ളത്. ഇവിടം മറികടന്ന് നിലനിൽക്കാൻ സാധിച്ചാൽ, ബാങ്ക് നിഫ്റ്റിയിലെ ബുള്ളിഷ് ട്രെൻഡ് വീണ്ടും തുടരുന്നതാണ്.
കഴിഞ്ഞയാഴ്ച ബിഎസ്ഇ സെൻസെക്സ് സൂചിക 1.17% ഇടിവ് നേരിട്ട് 81,287 നിലവാരത്തിലാണ് ക്ലോസിങ് രേഖപ്പെടുത്തിയത്. നിലവിലെ സെൻസെക്സ് സൂചികയുടെ ടെക്നിക്കൽ ചാർട്ടിൽ നിന്നുള്ള സൂചനകൾ പ്രകാരം, സമീപഭാവിയിലേക്ക് വിൽപ്പന സമ്മർദം തുടരാനുള്ള സാധ്യത നിലനിൽക്കുന്നു.
തൊട്ടുമുന്നിലുള്ള സെൻസെക്സിന്റെ പ്രതിരോധ കടമ്പ 82,000 നിലവാരത്തിന് സമീപമാണ്. ഇതിന് താഴെയായാണ് വ്യാപാരം ചെയ്യപ്പെടുന്നതെങ്കിൽ പുതിയ ആഴ്ചയിലും സെൻസ്ക്സിൽ നെഗറ്റീവ് ട്രെൻഡ് തുടർന്നേക്കും. താഴേക്ക്, 80,400–80,000 നിലവാരത്തിലാണ് തൊട്ടടുത്ത സപ്പോർട്ട് മേഖലയുള്ളത്. ഇവിടെ നിന്നും ശക്തമായ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ.
Read DhanamOnline in English
Subscribe to Dhanam Magazine