ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ ചെറുമകന്‍ ബിസിനസ് ലോകത്ത് വീണ്ടും വാര്‍ത്തയാകുന്നു. കോടീശ്വരനായ മുത്തച്ഛന്‍ നല്‍കിയ ഓഹരികളുടെ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചതോടെ ഈ ചെറുപ്രായത്തില്‍ ഏകാഗ്രഹിന്റെ അക്കൗണ്ടിലെത്തുക 4.2 കോടി രൂപയാണ്. 15 ലക്ഷം ഓഹരികളാണ് ചെറുമകനായി നാരായണമൂര്‍ത്തി നല്‍കിയത്.
സ്റ്റോക്ക് എക്സ്ചേഞ്ച് രേഖകള്‍ പ്രകാരം 240 കോടി രൂപ മൂല്യം വരുന്ന 15 ലക്ഷം ഓഹരികളാണ് എന്‍.ആര്‍ നാരായണ മൂര്‍ത്തി കൊച്ചു മകന് സമ്മാനമായി നല്‍കിയത്. ഇത് കമ്പനിയുടെ 0.04 ശതമാനം ഓഹരികളാണ്. ഇതോടെ എന്‍.ആര്‍. നാരായണമൂര്‍ത്തിക്ക് ഇന്‍ഫോസിസിലുള്ള ഓഹരി പങ്കാളിത്തം 0.36 ശതമാനമായി കുറഞ്ഞു.
ഇന്നത്തെ വ്യാപാരമനുസരിച്ച് ബി.എസ്.ഇയില്‍ ഇന്‍ഫോസിസിന്റ ഒരു ഓഹരിയുടെ വില 1,411 രൂപയാണ്. ഈ വിലയനുസരിച്ച് ഇപ്പോള്‍ ഏകാഗ്രഹിന്റെ കൈവശമുള്ള ഓഹരികളുടെ മൂല്യം ഏകദേശം 210 കോടി രൂപ വരും.
മൂന്നാമത്തെ പേരകുട്ടി
നാരായാണ മൂര്‍ത്തി-സുധാമൂര്‍ത്തി ദമ്പതികളുടെ മകന്‍ രോഹന്‍ മൂര്‍ത്തിയുടേയും ഭാര്യ അപര്‍ണ കൃഷ്ണന്റെയും മകനാണ് ഏകാഗ്രഹ്. ഇക്കഴിഞ്ഞ നവംബര്‍ 10നായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് ജനിച്ചത്. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡി നേടിയ രോഹന്‍ ബോസ്റ്റണ്‍ ആസ്ഥാനമായ സോറോകോ എന്ന സോഫ്റ്റ്‌വെയര്‍ സ്ഥാപനം നടത്തി വരുന്നു.
മൂര്‍ത്തി മീഡിയയുടെ മേധാവിയാണ് അപര്‍ണ. നാരായണ മൂര്‍ത്തിയുടെയും സുധാ മൂര്‍ത്തിയുടെയും മൂന്നാമത്തെ പേരകുട്ടിയാണ് ഏകാഗ്രഹ്. മകള്‍ അക്ഷത മൂര്‍ത്തിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെയും മക്കളായ കൃഷ്ണയും അനൗഷ്‌കയുമാണ് മറ്റ് പേരക്കുട്ടികള്‍.
ഡിസംബര്‍ പാദത്തിലെ കണക്കനുസരിച്ച് അക്ഷതയ്ക്ക് ഇന്‍ഫോസിസില്‍ 1.05 ഓഹരികളും സുധാ മൂര്‍ത്തിയ്ക്ക് 0.93 ശതമാനം ഓഹരികളും രോഹന് 1.64 ശതമാനം ഓഹരികളുമാണുള്ളത്. 1981ലാണ് എന്‍.ആര്‍ നാരായണ മൂര്‍ത്തി മറ്റ് ആറ് പേരുമായി ചേര്‍ന്ന് ഇന്‍ഫോസിസിന് തുടക്കം കുറിച്ചത്. 5.80 ലക്ഷം കോടിയാണ് ഇന്‍ഫോസിസിന്റെ ഇന്നത്തെ വിപണി മൂല്യം.
Read DhanamOnline in English
Subscribe to Dhanam Magazine