ഇന്ത്യൻ പ്രാഥമിക വിപണിയിൽ ഇൻഡോ-എം.ഐ.എം, ലൊഹിയ കോർപ്പ്, എക്‌സ്ട്രാനെറ്റ് ടെക്‌നോളജീസ് എന്നീ മൂന്ന് കമ്പനികളുടെ ഐ.പി.ഒകൾക്ക് ഇന്ന് തുടക്കമായി. ജൂലൈ 27 വരെ ബിഡ് ചെയ്യാം; ജൂലൈ 30-ന് എൻ.എസ്.ഇ, ബി.എസ്.ഇ തുടങ്ങിയ എക്സ്ചേഞ്ചുകളിലെ മെയിൻബോർഡിൽ ലിസ്റ്റിംഗ്. ഏകദേശം 5,500 കോടി രൂപ വിപണിയിൽ നിന്നും സമാഹരിക്കാനുദ്ദേശിക്കുന്ന ഈ ഇഷ്യൂകളിൽ ദീർഘകാല നിക്ഷേപകർക്കാണ് അനലിസ്റ്റ് കൂടുതൽ പ്രാധാന്യം നൽകുന്നത്.
ഇന്ത്യൻ പ്രാഥമിക വിപണിയിൽ (Primary Market) മൂന്ന് സ്വകാര്യ കമ്പനികളുടെ പ്രാഥമിക പൊതുഓഹരി വിൽപ്പനയ്ക്ക് (IPO) ഇന്ന് തുടക്കമായി. ഇൻഡോ-എം.ഐ.എം ലിമിറ്റഡ്, ലൊഹിയ കോർപ്പ് ലിമിറ്റഡ്, എക്‌സ്ട്രാനെറ്റ് ടെക്‌നോളജീസ് ലിമിറ്റഡ് തുടങ്ങിയ ഈ മൂന്ന് ഐ.പി.ഒകളിലേക്കും ജൂലൈ 27 വരെ നിക്ഷേപകർക്ക് ഓഹരിക്ക് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാം (ബിഡ് ചെയ്യാം). എൻ.എസ്.ഇ, ബി.എസ്.ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ മെയിൻബോർഡ് (Mainboard) വിഭാഗത്തിലായി ഈ മൂന്ന് ഓഹരികളുടേയും ലിസ്റ്റിങ് ജൂലൈ 30-ന് അരങ്ങേറും.
മൊത്തം 5,500 കോടിയിലധികം തുക സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഈ 3 ഐ.പി.ഒകളിലും നിക്ഷേപകർ എന്ത് നിലപാട് സ്വീകരിക്കണമെന്ന് സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് പി. സനൽ (SEBI Reg No: INH000022880) വിശദീകരിക്കുന്നു.
മെറ്റൽ ഇൻജക്ഷൻ മോൾഡിംഗ് (MIM) സാങ്കേതികവിദ്യയിൽ ആഗോള തലത്തിൽ തന്നെ ഏറ്റവും വലിയ ഉത്പാദന ശേഷിയുള്ള ബെംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുൻനിര സ്വകാര്യ കമ്പനിയാണ് ഇൻഡോ-എംഐഎം ലിമിറ്റഡ് (Indo-MIM Ltd). ഇന്ത്യയ്ക്ക് പുറമെ യു.എസ്, യു.കെ, മെക്സിക്കോ തുടങ്ങിയ വിദേശ രാജ്യങ്ങളിലുമായി 15 നിർമ്മാണ ശാലകളും അന്താരാഷ്ട്ര തലത്തിൽ ശക്തമായ വിതരണ ശൃംഖലയും കമ്പനിക്ക് സ്വന്തമായുണ്ട്. പ്രതിരോധം, എയറോസ്‌പേസ്, മെഡിക്കൽ, ഓട്ടോമോട്ടീവ് മേഖലകളിലെ 1,100-ലധികം വൻകിട ഉപഭോക്താക്കൾക്ക് വേണ്ടി 6,400-ലധികം ഉത്പന്നങ്ങളാണ് കമ്പനി നിർമ്മിക്കുന്നത്.
സാമ്പത്തികം: ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (FY26) കമ്പനിയുടെ വരുമാനം 28 ശതമാനം വർധിച്ച് 4,321 കോടി രൂപയും അറ്റാദായം (Net Profit) 26 ശതമാനം ഉയർന്ന് 534 കോടി രൂപയിലുമെത്തി. പ്രവർത്തനലാഭ (EBITDA) മാർജിൻ 25.54 ശതമാനവും ആർ.ഒ.സി.ഇ 26.60 ശതമാനവും എന്നിങ്ങനെ തികച്ചും ആരോഗ്യകരമായ നിലവാരത്തിലാണ് ഉള്ളത്. മൊത്തം കടബാധ്യത 1,090 കോടി രൂപയായി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.
ഐ.പി.ഒ വിശദാംശം: ആകെ 3,811 കോടി രൂപയുടെ ഇൻഡോ-എം.ഐ.എം ഐ.പി.ഒയിൽ 3,311 കോടി രൂപയും ഓഫർ ഫോർ സെയിൽ (OFS) വഴിയാണ് സമാഹരിക്കുന്നത്. ഫ്രഷ് ഇഷ്യൂ മുഖേനയുള്ള 400 കോടി രൂപ കമ്പനിയുടെ കടബാധ്യതകൾ പൂർണ്ണമായും തീർക്കാൻ ഉപയോഗിക്കും. ഓഹരിയുടെ പ്രൈസ് ബാൻഡ് 461 - 485 രൂപ പരിധിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. എൻ.എസ്.ഇ/ബി.എസ്.ഇ എന്നിവിടങ്ങളിൽ ഓഹരി ലിസ്റ്റ് ചെയ്യും.
വാല്യുവേഷൻ വിശകലനം: ഐ.പി.ഒയ്ക്കു ശേഷം ഓഹരിയുടെ പി.ഇ അനുപാതം (Price-to-Earnings Ratio) 44.95 മടങ്ങിലും പി.ബി അനുപാതം (Price-to-Book Ratio) 10.63 മടങ്ങിലും വരുന്ന രീതിയിലാണ് ഇഷ്യൂവിനുള്ള ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഐ.പി.ഒയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ ഇൻഡോ-എം.ഐ.എം കമ്പനിയുടെ വിപണി മൂല്യം ഏകദേശം 24,000 കോടി രൂപയാണ്.
അനലിസ്റ്റ് റേറ്റിംഗ്: ഇൻഡോ-എം.ഐ.എം ഓഹരിയെ ഒരു 'ദീർഘകാല നിക്ഷേപ അവസരമായി' പരിഗണിക്കാമെന്ന് റിസർച്ച് അനലിസ്റ്റ് പി. സനൽ പറഞ്ഞു. പരമ്പരാഗത എഞ്ചിനീയറിംഗ് കമ്പനികളേക്കാൾ വാല്യുവേഷൻ അൽപ്പം കൂടുതലാണെന്ന് തോന്നാമെങ്കിലും എം.ഐ.എം സെക്ടറിലുള്ള കമ്പനിയുടെ വിപണി മേധാവിത്തവും ആർ.ഒ.ഇ അനുപാതം 21 ശതമാനം നിലവാരത്തിലുള്ളതും കണക്കിലെടുക്കുമ്പോൾ ഇത് ന്യായമാണ്. വിപണിയിൽ ചാഞ്ചാട്ടം നിഴലിക്കുന്നതിനാൽ ഹ്രസ്വകാലയളവിലേക്കുള്ള ലിസ്റ്റിംഗ് നേട്ടം (Listing Gain) മാത്രം പ്രതീക്ഷിക്കാതെ, എയറോസ്‌പേസ്-പ്രതിരോധ അനുബന്ധ മേഖലയിലെ ദീർഘകാല വളർച്ച ലക്ഷ്യമിടുന്നവർക്ക് ഈ ഐ.പി.ഒ പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
പോളിപ്രൊപ്പിലീൻ (PP), എച്ച്.ഡി.പി.ഇ (HDPE) ഫാബ്രിക് നിർമ്മാണ ഉപകരണങ്ങൾ ഉൾപ്പെടുന്ന വൂവൻ റാഫിയ മെഷിനറി (Woven Raffia Machinery) മേഖലയിൽ ആഗോള തലത്തിൽ മുൻനിരയിലുള്ള കമ്പനിയാണ് ലൊഹിയ കോർപ്പ് ലിമിറ്റഡ് (Lohia Corp Ltd). 71 ആഭ്യന്തര പേറ്റന്റുകളും 56 അന്താരാഷ്ട്ര പേറ്റന്റുകളും സ്വന്തമായുള്ള ഈ സ്മോൾ ക്യാപ് കമ്പനിക്ക് ബ്രസീൽ, റഷ്യ, യു.എസ്, യു.എ,ഇ തുടങ്ങിയ നിരവധി വിദേശ രാജ്യങ്ങളിൽ നേരിട്ടുള്ള ബിസിനസ് പ്രവർത്തനങ്ങളുണ്ട്.
സാമ്പത്തികം: ഇക്കഴിഞ്ഞ സാമ്പത്തിക വർഷം (FY26) ലൊഹിയ കോർപ്പിന്റെ വരുമാനം 25 ശതമാനം ഉയർന്ന് 1,732 കോടി രൂപയും കമ്പനിയുടെ അറ്റാദായം 64 ശതമാനം കുതിച്ചുയർന്ന് 194 കോടി രൂപയായും വളർച്ച രേഖപ്പെടുത്തി. പ്രവർത്തനലാഭ (EBITDA) മാർജിൻ 19.53 ശതമാനമായി വികസിച്ചപ്പോൾ കമ്പനിയുടെ മൂലധന വിനിയോഗത്തിന്മേലുള്ള ആദായം (ROCE) 40.92 ശതമാനം എന്ന മികച്ച നിലവാരത്തിലേക്ക് മുന്നേറി. കടം-ഓഹരി (D/E Ratio) അനുപാതം 0.23 ആയി കുറച്ച് ബാലൻസ് ഷീറ്റ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ഐ.പി.ഒ വിശദാംശം: പൂർണമായും ഓഫർ ഫോർ സെയിൽ വഴി മുഖേനയാണ് 1,101 കോടി രൂപ സമാഹരിക്കുന്ന ലോഹിയ കോർപ് ഐ.പി.ഒ അരങ്ങേറുന്നത്. ഇതിലൂടെ സമാഹരിക്കുന്ന തുക നിലവിലെ ഓഹരി ഉടമകളിലേക്കാണ് പോകുന്നത്, കമ്പനിയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുന്നില്ല. 404 - 425 രൂപ പരിധിയിലാണ് ഐ.പി.ഒയിൽ ഓഹരിയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.
വാല്യുവേഷൻ വിശകലനം: നിലവിലെ കമ്പനിയുടെ വിശദാംശം നോക്കിയാൽ ലൊഹിയ കോർപ് ഓഹരിയുടെ പി.ഇ അനുപാതം 23.21 മടങ്ങിലാണുള്ളത്. അനാവശ്യ കടബാധ്യതകളില്ലാത്ത, ഉയർന്ന ആർ.ഒ.സി.ഇ അനുപാതം കാണിക്കുന്ന ആഗോള വിപണിയിൽ മുൻനിര സ്ഥാനമുള്ള ഒരു കമ്പനിയെ സംബന്ധിച്ച് ഈ വാല്യുവേഷൻ ന്യായീകരിക്കാവുന്നതാണെന്നും വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു.
അനലിസ്റ്റ് റേറ്റിംഗ്: ലൊഹിയ കോർപ് ഓഹരിയെ ദീർഘമായ കാലയളവിലേക്കുള്ള പോർട്ട്ഫോളിയോയുടെ ഭാഗമായി പരിഗണിക്കാമെന്ന് (Subscribe for Long Term) അനലിസ്റ്റ് പി. സനൽ നിർദേശിക്കുന്നു. പ്രൊമോട്ടർ ഭാഗികമായി ഓഹരികൾ വിറ്റഴിക്കുന്ന ഒ.എഫ്.എസ് വഴിയാണ് ഐ.പി.ഒ അരങ്ങേറുന്നത് എന്ന കാര്യമൊഴിച്ചാൽ, കമ്പനിയുടെ അടിസ്ഥാനപരമായ വളർച്ചയും (Strong Fundamentals) സാങ്കേതിക മേഖലയിലുള്ള ആധിപത്യവും വളരെ ശക്തമാണ്. ടെക്സ്റ്റൈൽ മേഖലയിലെ ക്യാപിറ്റൽ ഗുഡ്സ്/ ഹെവി മെഷീനറി മാനുഫാക്ചറർ എന്ന നിലയിൽ ആർ.ഒ.ഇ അനുപാതം 22 ശതമാനത്തിന് മുകളിലുള്ളത് പോസിറ്റീവ് ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇ.ആർ.പി (ERP) നവീകരണം, ക്ലൗഡ് ഇന്റഗ്രേഷൻ, മാനേജ്ഡ് സർവീസസ്, ഡാറ്റ സെന്റർ മാനേജ്‌മെന്റ് എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉത്തർപ്രദേശിലെ നോയിഡ കേന്ദ്രമാക്കിയുള്ള ഐടി കമ്പനിയാണ് എക്‌സ്ട്രാനെറ്റ് ടെക്‌നോളജീസ് (Xtranet Technologies). ഗവൺമെന്റ് ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (PSU), മറ്റ് വൻകിട എൻ്റർപ്രൈസുകൾ എന്നിവയിൽ നിന്നാണ് കമ്പനിയുടെ ബിസിനസ് കൂടുതലായും വരുന്നത്.
സാമ്പത്തികം: ഇക്കഴിഞ്ഞ സാമ്പത്തിക വർഷം എക്‌സ്ട്രാനെറ്റ് ടെക്‌നോളജീസിന്റെ വരുമാനം 32 ശതമാനം വർധിച്ച് 366 കോടി രൂപയും അറ്റാദായം 36 ശതമാനം വളർച്ചയോടെ 41 കോടി രൂപയിലും എത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കമ്പനിയുടെ അറ്റാദായം 11 കോടിയിൽ നിന്നും 41 കോടിയായി കുത്തനെ വളർന്നത്. കമ്പനിയുടെ ആർ.ഒ.ഇ അനുപാതം 34.78 ശതമാനവും ആർ.ഒ.സി.ഇ അനുപാതം 32.52 ശതമാനം എന്നിങ്ങനെ മികച്ച നിലവാരമാണ് രേഖപ്പെടുത്തുന്നത്.
ഐ.പി.ഒ വിശദാംശം: 167 കോടി രൂപയുടെ പുതിയ ഓഹരികൾ അനുവദിക്കുന്ന ഫ്രഷ് ഇഷ്യൂ (Fresh Issue) മുഖേനയാണ് എക്‌സ്ട്രാനെറ്റ് ടെക്‌നോളജീസ് ഐ.പി.ഒ അരങ്ങേറുന്നത്. ഇതുവഴി ലഭിക്കുന്ന തുക കമ്പനിയുടെ പ്രവർത്തന മൂലധനത്തിന് വേണ്ടിയും (102 കോടി) നിലവിലെ 22 കോടി രൂപയുടെ കടം വീട്ടാനും ഹാർഡ്‌വെയർ ഉപകരണങ്ങൾ വാങ്ങുന്നതിനായും വിനിയോഗിക്കും. ഓഹരി വില 120 - 127 രൂപ പരിധിയിലാണ് നിശ്ചയിച്ചിരിക്കുന്നത്.
വാല്യുവേഷൻ വിശകലനം: ഐ.പി.ഒയ്ക്ക് ശേഷമുള്ള എക്‌സ്ട്രാനെറ്റ് ടെക്‌നോളജീസ് ഓഹരിയുടെ പി.ഇ അനുപാതം 16.3 മടങ്ങിലാണുള്ളത്. പ്രൈസ് ബാൻഡിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ നിലവിലെ വിപണി മൂല്യം 664 കോടി രൂപയാണ്. ഐടി മേഖലയിലെ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ വാല്യുവേഷൻ ആകർഷകമാണെങ്കിലും വരുമാനത്തിനായി സർക്കാർ പദ്ധതികളെ ആശ്രയിക്കുന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്.
അനലിസ്റ്റ് റേറ്റിംഗ്: എക്സ്ട്രാ നെറ്റ് ടെക്നോളജീസ് ഐ.പി.ഒയെ ഒരു 'പോസിറ്റീവ് മീഡിയം-ടു-ലോംഗ് ടേം' അവസരമായാണ് വിലയിരുത്തുന്നത് എന്ന് റിസർച്ച് അനലിസ്റ്റ് പി. സനൽ പറഞ്ഞു. കഴിഞ്ഞ 3 വർഷത്തിനിടെ അറ്റാദായം നാല് മടങ്ങോളമായി കുതിച്ചുയർന്നത് കമ്പനിയുടെ പ്രവർത്തനശേഷി വ്യക്തമാക്കുന്നു. സർക്കാരിന്റെ ഡിജിറ്റലൈസേഷൻ പദ്ധതികൾ തുടരുന്ന സാഹചര്യത്തിൽ, ഹ്രസ്വകാല ലിസ്റ്റിംഗ് നേട്ടങ്ങൾക്കും (Listing Gains) ദീർഘകാല പോർട്ട്‌ഫോളിയോ വളർച്ചയ്ക്കുമായി ഈ ഐ.പി.ഒ പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
(Disclaimer: പി. സനൽ സെബി അംഗീകൃത റിസർച്ച് അനലിസ്റ്റാണ് (SEBI Reg No: INH000022880). ഈ ലേഖനത്തിൽ പ്രതിപാദിച്ചിട്ടുള്ള വിവരങ്ങളും ഐ.പി.ഒ/ഓഹരിയെ സംബന്ധിച്ച വിശകലനങ്ങളും പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇത് നിർദ്ദിഷ്ട ഐ.പി.ഒ/ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നേരിട്ടുള്ള ശുപാർശയല്ല. ഓഹരി നിക്ഷേപം വിപണിയിലെ ലാഭനഷ്ടസാധ്യതകൾക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനങ്ങൾ നടത്തുകയോ നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറിൽ നിന്നും മാർഗനിർദേശം തേടുകയോ ചെയ്യേണ്ടതാണ്.)
Read DhanamOnline in English
Subscribe to Dhanam Magazine