Infosys 
Markets

ചെലവാക്കുന്നത് ₹18,000 കോടി, ഇന്‍ഫോസിസ് തിരിച്ചു വാങ്ങുന്നത് 10 കോടി ഓഹരികള്‍, ആര്‍ക്കാണ് നേട്ടം? വിലയും മറ്റു വിശദാംശങ്ങളും ഇങ്ങനെ

ആദ്യമായാണ് ഇന്‍ഫോസിസ് ഇത്രയും തുക ഓഹരി തിരിച്ചു വാങ്ങലിനായി ചെലവാക്കുന്നത്

Dhanam News Desk

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനു പിന്നാലെ ഓഹരികള്‍ തിരിച്ചു വാങ്ങല്‍ (Share Buyback) പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ.ടി കമ്പനിയായ ഇന്‍ഫോസിസ്. മൊത്തം 10 കോടി ഓഹരികള്‍ തിരികെ വാങ്ങാനായി 18,000 കോടി രൂപയാണ് ഇന്‍ഫോസിസ് ചെലവാക്കുന്നത്. ആദ്യമായാണ് ഇത്രയും തുക ഓഹരി തിരിച്ചു വാങ്ങലിനായി ചെലവാക്കുന്നത്.

കമ്പനിയുടെ മൊത്തം അടച്ചു തീര്‍ത്ത ഓഹരി മൂലധനത്തിന്റെ 2.41 ശതമാനമാണ് ഇപ്പോള്‍ തിരിച്ചു വാങ്ങുന്നത്. 1,800 രൂപയ്ക്കാണ് ഓഹരികള്‍ തിരികെ വാങ്ങുന്നത്. അതായത്‌ ഇന്നലത്തെ ക്ലോസിംഗ് വിലയേക്കാള്‍ 19 ശതമാനം മുകളില്‍. ബി.എസ്.ഇയില്‍ ഇന്നലെ 1,509.50 രൂപയിലായിരുന്നു ഓഹരി ക്ലോസ് ചെയ്തത്.

ഇന്നലെയാണ് ഇന്‍ഫോസിസ് ബൈബാക്ക് പ്രഖ്യാപനം നടത്തിയത്. ഇന്ന് രാവിലെ വിപണി വ്യാപാരം തുടങ്ങിയശേഷം ഓഹരി വില ഒന്നര ശതമാനത്തിലധികം ഉയര്‍ന്നു.

ആര്‍ക്കാണ് നേട്ടം?

ഓപ്പണ്‍ മാര്‍ക്കറ്റിലുള്ള കമ്പനിയുടെ ഓഹരികള്‍ കുറയ്ക്കുന്നതിനായി കമ്പനികള്‍ സ്വീകരിക്കുന്ന നടപടിയാണ് ഓഹരി തിരികെ വാങ്ങല്‍ അഥവാ ഷെയര്‍ ബൈബാക്ക്. മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ നിശ്ചിത ഓഹരികള്‍ തിരിച്ചു വാങ്ങുകയാണ് ഇവിടെ ചെയ്യുന്നത്. ഇതുവഴി പൊതു നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം കുറയും. നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് നിശ്ചിത കാലാവധിക്കുള്ളില്‍ നേരിട്ട് വാങ്ങിയുമാണ് കമ്പനികള്‍ ഓഹരി തിരിച്ചെടുക്കുന്നത്. നിലവിലുള്ളതിനേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും ഷെയര്‍ ബൈബാക്കിനായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ ഓഹരിയില്‍ നിന്ന് ലഭിച്ചേക്കാവുന്ന നേട്ടം ഇതുവഴി മുന്‍കാറായി ലഭിച്ചേക്കാം. കമ്പനിയുടെ ബിസിനസില്‍ മാനേജ്‌മെന്റിനുള്ള വിശ്വാസം പ്രകടിപ്പിക്കുക കൂടിയാണ് ഓഹരികള്‍ തിരികെ വാങ്ങുന്നതിലൂടെ ചെയ്യുന്നത്.

നിക്ഷേപകര്‍ക്ക് അവരുടെ ഓഹരികള്‍ക്ക് ലഭിക്കുന്ന മൂല്യത്തെക്കുറിച്ച് ഉറപ്പാക്കാനാകും. ടെന്‍ഡര്‍ ചെയ്ത ഓഹരികളടെ എണ്ണം കമ്പനി തിരികെ വാങ്ങാന്‍ ആഗ്രഹിക്കുന്ന എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍, ആനുപാതിക അടിസ്ഥാനത്തിലാകും ഓഹരികള്‍ സ്വീകരിക്കുക.

ആറാം തവണ

ഇന്‍ഫോസിസ് ഇതിനു മുമ്പ് അഞ്ച് തവണ ഓഹരി തിരിച്ചുവാങ്ങല്‍ നടത്തിയിട്ടുണ്ട്. 2017 ലാണ് ആദ്യമായി ഓഹരി ബൈബാക്ക് നടത്തിയത്. അന്ന് 13000 കോടി രൂപയുടെ ഓഹരികള്‍ തിരിച്ചു വാങ്ങി. പിന്നീട്, 2019 ല്‍ 8,260 കോടി രൂപയുടെയും 2021 ല്‍ 9,200 കോടി രൂപയുടെയും 2023ല്‍ 9,300 കോടി രൂപയുടെയും തിരിച്ചവാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ ദീര്‍ഘകാല പണലഭ്യതയിലും വളര്‍ച്ചാ സാധ്യതകളിലും മാനേജ്‌മെന്റിനുള്ള ആത്മവിശ്വാസമാണ് ഈ തിരിച്ചുവാങ്ങല്‍ സൂചിപ്പിക്കുന്നത്. ഇന്‍ഫോസിസിന്റെ ഓഹരി വില ഈ വര്‍ഷം ഇതുവരെ 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ബൈബാക്ക്. എ.ഐയുടെ ആധിപത്യവും ഉപയോക്താക്കള്‍ ചെലവഴിക്കുന്നത് കുറഞ്ഞതും ഇന്‍ഫോസിന് പ്രതിസന്ധിയാകുന്നുണ്ട്.

താരിഫ് ആശങ്കകളും ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങളും നിലനില്‍ക്കുന്നത് ബിസിനസ് അന്തരീക്ഷത്തില്‍ അനിശ്ചിതത്വത്തിനിടയാക്കുന്നുണ്ടെന്നാണ് ബ്രോക്കറേജുകള്‍ അഭിപ്രായപ്പെടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സ്ഥിരമായ കറന്‍സിയില്‍ 1-3% വളര്‍ച്ച കൈവരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ആദ്യ പാദത്തില്‍ ഇന്‍ഫോസിസ് ഏകദേശം 3.8 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ നേടി, അതില്‍ 55% പുതിയതാണ്. രണ്ടാം പാദത്തില്‍ കാര്യമായ മാറ്റമൊന്നും കമ്പനി പ്രതീക്ഷിക്കുന്നില്ല, മാത്രമല്ല പ്രകടനം സമാനമായ നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. 2024 ജൂണ്‍ അവസാനം വരെ കമ്പനിയുടെ കൈവശം പണം, തത്തുല്യ നിക്ഷേപമായി 40,000 കോടിയുണ്ട്. ഇത് അനിശ്ചിതാവസ്ഥകളെ മറികടക്കാന്‍ കമ്പനിക്ക് കരുത്ത് പകരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT