Markets

വന്‍ ഐപിഒയ്ക്ക് ഐനോക്‌സ് ക്ലീന്‍ എനര്‍ജി; സമാഹരണ ലക്ഷ്യം ₹10,000 കോടി, വിശദാംശങ്ങള്‍ അറിയാം

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇന്ത്യയിലും വിദേശത്തുമായി പത്തോളം ഏറ്റെടുക്കലുകളാണ് ഐനോക്സ് ക്ലീന്‍ എനര്‍ജി പ്രഖ്യാപിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തത്

Dhanam News Desk

INOXGFL Group ഉടമസ്ഥതയിലുള്ള ഐനോക്‌സ് ക്ലീന്‍ എനര്‍ജി (Inox Clean Energy) ഓഹരിവില്പനയ്ക്ക് ഒരുങ്ങുന്നു. ഈ മാസം അവസാനമോ ഒക്ടോബര്‍ ആദ്യമോ കമ്പനി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (സെബി) കരട് രേഖകള്‍ സമര്‍പ്പിക്കുമെന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 10,000 കോടി രൂപയുടെ ഐപിഒയ്ക്കാണ് കമ്പനി തയാറെടുക്കുന്നത്. ഏകദേശം ഒരു ലക്ഷം കോടി മൂല്യനിര്‍ണയമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് സൂചന

സോളാര്‍ വൈദ്യുതി, സോളാര്‍ സെല്‍ മൊഡ്യൂള്‍ നിര്‍മാണം, കാറ്റാടി-സൗരോര്‍ജ പദ്ധതികള്‍ വൈദ്യുതി വില്പന തുടങ്ങി പ്രകൃതിദത്ത വൈദ്യുത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വലിയ വിപുലീകരണത്തിനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലിയ ഏറ്റെടുക്കലുകള്‍ നടത്തി അതിവേഗ വളര്‍ച്ചയ്ക്കാണ് ഐനോക്‌സിന്റെ പ്ലാന്‍.

വേഗത്തിലുള്ള മുന്നേറ്റം

ഐനോക്‌സ് ഐപിഒ യാഥാര്‍ത്ഥ്യമായാല്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്പനയാകും ഇത്. വാരി എനര്‍ജീസ് (4,300 കോടി), ക്ലീന്‍ മാക്‌സ് എന്‍വീറോ എനര്‍ജി (3,100 കോടി), ജൂണിപെര്‍ ഗ്രീന്‍ (1,800 കോടി) എന്നീ കമ്പനികളാണ് വലിയ സമാഹരണം മുമ്പ് നടത്തിയത്.

പ്രമോട്ടര്‍മാരുടെ കൈവശമാണ് നിലവില്‍ 95 ശതമാനം ഓഹരികളും. ഓഫര്‍ ഫോര്‍ സെയിലിലൂടെ (OFS) 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണ് കമ്പനി തയാറെടുക്കുന്നത്. ഐനോക്‌സ് ഗ്രൂപ്പില്‍ നിന്നുള്ള നാലാമത്തെ ലിസ്റ്റഡ് കമ്പനിയായി ഐനോക്‌സ് ക്ലീന്‍ എനര്‍ജി മാറും. ഗുജറാത്ത് ഫ്‌ളുറോകെമിക്കല്‍സ് (Gujarat Fluorochemicals), ഐനോക്‌സ് വിന്‍ഡ് (Inox wind), ഐനോക്‌സ് ഗ്രീന്‍ എനര്‍ജി സര്‍വീസസ് (Inox Green Energy Services) എന്നിവയാണ് മറ്റ് ലിസ്റ്റഡ് കമ്പനികള്‍.

ഒരുവര്‍ഷത്തിനിടെ പത്ത് ഏറ്റെടുക്കലുകള്‍

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഇന്ത്യയിലും വിദേശത്തുമായി പത്തോളം ഏറ്റെടുക്കലുകളാണ് ഐനോക്സ് ക്ലീന്‍ എനര്‍ജി പ്രഖ്യാപിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തത്. പുനരുപയോഗ വൈദ്യുതി ഉത്പാദനം, സോളാര്‍ മൊഡ്യൂള്‍സെല്‍ നിര്‍മാണം എന്നിവ കേന്ദ്രീകരിച്ചാണ് വിപുലീകരണം.

ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണേഴ്സില്‍നിന്ന് വേന എനര്‍ജി ഇന്ത്യയെ ഏകദേശം 6,000 കോടിക്ക് ഏറ്റെടുത്തതാണ് പ്രധാന ഇടപാട്. വിദേശ വിപുലീകരണത്തിന്റെ ഭാഗമായി Boviet Solarന്റെ അമേരിക്കന്‍ നിര്‍മാണ ആസ്തികള്‍ ഏകദേശം 75 കോടി ഡോളറിന് ഐനോക്സ് ക്ലീന്‍ എനര്‍ജി ഏറ്റെടുത്തിരുന്നു. ഇതിലൂടെ അമേരിക്കയിലെ മൂന്ന് ജിഗാവാട്ട് പ്രവര്‍ത്തനക്ഷമമായ സോളാര്‍ മൊഡ്യൂള്‍ നിര്‍മാണ പ്ലാന്റും മൂന്ന് ജിഗാവാട്ട് ശേഷിയുള്ള സോളാര്‍ സെല്‍ പ്ലാന്റും കമ്പനിക്ക് ലഭിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT