Markets

ഓഹരികള്‍ വാങ്ങാന്‍ നിങ്ങള്‍ക്കുമായേക്കും, ഐപിഎല്‍ ടീമുകള്‍ വില്‍പ്പനയ്‌ക്കൊരുങ്ങുന്നു

ടൂര്‍ണമെന്റിനൊപ്പം ഐപിഎല്ലിലെ ടീമുകളുടെ മൂല്യംവും ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് ടീമുകള്‍ ധനസമാഹരണത്തിന് ഒരുങ്ങുന്നത്

Dhanam News Desk

ഇനി ഐപിഎല്‍ (IPL) പഴയതുപോലെ ആയിരിക്കില്ല. 2023ലെ ഐപിഎല്ലിലെ ഓരോ പന്തെറിയുമ്പോഴും ബിസിസിഐയ്ക്ക് (BCCI) ലഭിക്കുക കുറഞ്ഞത് 49 ലക്ഷം രൂപയാണ്. 48,390 കോടിക്ക് മീഡിയ സംപ്രേഷണാവകാശങ്ങള്‍ വിറ്റുപോയതോടെ ലോകത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ടൂര്‍ണമെന്റായി ഐപിഎല്‍ മാറി. 101 വര്‍ഷം പഴക്കമുള്ള അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗിന് പിന്നിലാണ് വെറും 15 വര്‍ഷം പ്രായം മാത്രമുള്ള ഐപിഎല്ലിന്റെ സ്ഥാനം.

ടൂര്‍ണമെന്റിനൊപ്പം ഐപിഎല്ലിലെ ടീമുകളുടെ മൂല്യംവും ഉയരുകയാണ്. ഈ സാഹചര്യത്തില്‍ ഓഹരി വില്‍പ്പനയിലൂടെ ടീമുകള്‍ ധനസമാഹരണത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌തോ അല്ലെങ്കില്‍ സ്വകാര്യ നിക്ഷേപകരിലൂടെയോ പമം കണ്ടത്താനാണ് ടീമുകള്‍ ശ്രമിക്കുന്നത്. 2023ല്‍ അടുത്ത സീസണ്‍ തുടങ്ങുന്നതിന് മുമ്പ് ഫണ്ടിംഗ് പൂര്‍ത്തിയാക്കുകയാണ് ടീമുകളുടെ ലക്ഷ്യം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ( മുംബൈ ഇന്ത്യന്‍സ്), സണ്‍ ടിവി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), യുണൈറ്റഡ് സ്പിരിറ്റ്‌സ് ( ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ്, ഇന്ത്യ സിമന്റ്‌സ് (ചെ്‌ന്നൈ സൂപ്പര്‍ കിംഗ്‌സ്) എന്നിവയാണ് ഐപിഎല്‍ ടീമുടമകളായ ലിസ്റ്റഡ് കമ്പനികള്‍. റിലയന്‍സിന്റെ നേതൃത്വത്തിലുള്ള വിയാകോം സ്‌പോര്‍ട്‌സ് 18ന്‍ ഐപിഎല്ലിന്റെ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതോടെ ആ നിലയ്ക്കും കമ്പനിക്ക് നേട്ടമുണ്ടാക്കാം.

ജെഎംആര്‍ ഗ്രൂപ്പ് (ഡല്‍ഹി ക്യാപിറ്റല്‍സ്), ആര്‍പിഎസ്ജി വെഞ്ചേഴ്‌സ് (ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ്) സിവിസി ക്യാപിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സ് (ഗുജറാത്ത് ടൈറ്റന്‍സ്), ഷാരുഖ് ഖാന്റെ നേതൃത്വത്തിലുള്ള നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്) എന്നിവയാണ് ഐപിഎല്ലിലെ മറ്റ് ടീം ഉടമകള്‍. 2023 സീസണോടെ പല ടീമുകളുടെയും മൂല്യം 9,000 കോടിവരെ ഉയരുമെന്നാണ് വിലയിരുത്തല്‍. അറ്റാദായത്തിലും 100-200 കോടിയുടെ വര്‍ധനവ് ഉണ്ടായേക്കാം. കൂടാതെ പ്രതിവര്‍ഷം ഓരോ മാച്ചിന്റെയും പരസ്യവരുമാനത്തില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് പ്രതിക്ഷിക്കുന്നത്. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT