Markets

ഐപിഒ ലക്ഷ്യം: സിംഗപ്പൂര്‍ വിട്ട് ഇന്ത്യയിലേക്ക് മടങ്ങി ഫ്‌ളിപ്കാര്‍ട്ട്, 'റിവേഴ്‌സ് ഫ്‌ളിപ്പ്' പൂര്‍ത്തിയായി

നേരത്തെ ഫോണ്‍പേ, ഗ്രോ തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും ആസ്ഥാനം വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മാറ്റിയിരുന്നു

Dhanam News Desk

ഇന്ത്യന്‍ ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്കാര്‍ട്ട് ആസ്ഥാനം സിംഗപ്പൂരില്‍ നിന്നും ഔദ്യോഗികമായി ഇന്ത്യയിലേക്ക് മാറ്റി (Reverse Flip). ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന്റെ (IPO) മുന്നോടിയായാണ് വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഈ നിര്‍ണായക നീക്കം പൂര്‍ത്തിയാക്കിയത്.

നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെയും (NCLT) കേന്ദ്ര സര്‍ക്കാരിന്റെയും അനുമതി ലഭിച്ചതോടെയാണ് ആസ്ഥാനം മാറ്റുന്ന നടപടികള്‍ അവസാന ഘട്ടത്തിലെത്തിയത്. ഇതോടെ ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ മാതൃകമ്പനിയായി ബംഗളൂരു ആസ്ഥാനമായുള്ള 'ഫ്‌ളിപ്കാര്‍ട്ട് ഇന്റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്' മാറും.

എന്തുകൊണ്ട് ഈ മാറ്റം?

2011-ലായിരുന്നു ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയെ സിംഗപ്പൂരിലേക്ക് മാറ്റിയത്. എന്നാല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും നികുതി നടപടികള്‍ എളുപ്പമാക്കാനും ഇന്ത്യയിലേക്ക് തന്നെ ആസ്ഥാനം മാറ്റുന്നത് ഗുണകരമാകുമെന്ന് കമ്പനി വിലയിരുത്തുന്നു. മിന്ത്ര (Myntra), ഇ-കാര്‍ട്ട് (Ekart), ക്ലിയര്‍ട്രിപ്പ് (Cleartrip) തുടങ്ങിയ ഉപകമ്പനികളെല്ലാം ഇനി ഈ പുതിയ ഇന്ത്യന്‍ ഘടനയ്ക്ക് കീഴിലാകും.

2026-ഓടെ ഐപിഒ നടത്താനാണ് ഫ്‌ളിപ്കാര്‍ട്ട് ലക്ഷ്യമിടുന്നത്. ഇതിനായി പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുമായി കമ്പനി ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 35-36 ബില്യണ്‍ ഡോളര്‍ മൂല്യം കണക്കാക്കുന്ന ഫ്‌ളിപ്കാര്‍ട്ടിന്റെ ഐപിഒ, ഇന്ത്യന്‍ ടെക് മേഖലയിലെ ഏറ്റവും വലിയ പൊതു ഓഹരി വില്‍പ്പനകളില്‍ ഒന്നായിരിക്കും.

നേരത്തെ ഫോണ്‍പേ (PhonePe), ഗ്രോ (Groww) തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകളും ആസ്ഥാനം വിദേശത്തുനിന്നും ഇന്ത്യയിലേക്ക് മാറ്റിയിരുന്നു.

Flipkart has shifted its headquarters from Singapore to India through a reverse flip as it prepares for a major IPO in the Indian stock market.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT