ഇന്ത്യന്‍ ഓഹരി വിപണി വര്‍ഷത്തിന്റെ ആദ്യപകുതി ആടിയുലഞ്ഞും രണ്ടാംപകുതിയില്‍ ചാഞ്ചാട്ടത്തിലൂടെയുമാണ് കടന്നുപോകുന്നത്. വിപണിയുടെ കയറ്റിറക്കങ്ങളൊന്നും പക്ഷേ ഐപിഒകളെ (പ്രാഥമിക ഓഹരി വില്പന) തരിമ്പുപോലും ബാധിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 96 കമ്പനികളാണ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇത് റെക്കോഡാണ്. ഈ വര്‍ഷം ഇതുവരെ സമാഹരിച്ചതാകട്ടെ 1.53 കോടി രൂപയും.
സെക്കന്‍ഡറി വിപണിയില്‍ തിരിച്ചടി നേരിടുമ്പോഴും ഐപിഒകളിലേക്ക് നിക്ഷേപക സ്ഥാപനങ്ങളും റീട്ടെയ്ല്‍ ഇന്‍വെസ്റ്റേഴ്‌സും കൂടുതലായി എത്തുന്നതാണ് ഐപിഒകളുടെ എണ്ണം കൂടാന്‍ കാരണം. ലിസ്റ്റിംഗ് സമയത്ത് വിറ്റ് ലാഭമെടുക്കുകയെന്ന ചിന്തയോടെയാണ് ഭൂരിപക്ഷം റീട്ടെയ്ല്‍ നിക്ഷേപകരും ഐപിഒകള്‍ക്കായി അപേക്ഷിക്കുന്നത്.
വിപണിയുടെ അസ്ഥിരത ഐപിഒകളെ ബാധിക്കാത്തത് കമ്പനികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രാഥമിക ഓഹരി വില്പനയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നതിന്റെ കാരണവും ഇതുതന്നെ. എന്നാല്‍ എല്ലാ ഐപിഒകളും കണ്ണടച്ചു സ്വന്തമാക്കേണ്ടതല്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. സബ്‌സ്‌ക്രിപ്ഷനായി അപേക്ഷിക്കും മുമ്പ് ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം-
ഏറ്റവും പ്രധാനപ്പെട്ട കാര്യമാണിത്. ഐപിഒയ്ക്ക് എത്തിയ കമ്പനി ഏതു രംഗത്താണ് പ്രവര്‍ത്തിക്കുന്നത്, വിപണിയിലെ അവരുടെ സാധ്യത, ഭാവിയിലെ വരുമാന ഉറവിടങ്ങള്‍ സുരക്ഷിതമാണോ, കമ്പനിയുടെ കടബാധ്യതകളെത്ര, വളര്‍ച്ചാ സാധ്യത എത്രമാത്രം ഉണ്ട് എന്ന കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തണം.
കഴിഞ്ഞ മൂന്നു മുതല്‍ അഞ്ചുവര്‍ഷത്തെ വരുമാനം, ലാഭം, കടബാധ്യത, ക്യാഷ് ഫ്‌ളോ എന്നിവ പരിശോധിക്കണം. കമ്പനിക്ക് സ്ഥിരമായി ലാഭം നേടാന്‍ സാധിക്കുന്നുണ്ടോ? വരുമാനം ഉയരുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ വേണം.
അടുത്ത കാലത്ത് ഐപിഒയ്‌ക്കെത്തുന്ന പല കമ്പനികളിലും നിലവിലെ നിക്ഷേപകരുടെ വിഹിതം വിറ്റ് കാശാക്കുന്ന ഓഫര്‍ ഫോര്‍ സെയിലിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്. തങ്ങളുടെ കാര്യം സേഫ് ആക്കുകയെന്ന നയമാണ് ഇതിലൂടെ പ്രമോട്ടര്‍മാര്‍ ചെയ്യുന്നത്. ഓഫര്‍ ഫോര്‍ സെയിലിലിന് കൂടുതല്‍ ഊന്നല്‍ നല്കുന്നത് കമ്പനിക്ക് കാര്യമായ ഗുണമുണ്ടാക്കില്ല. കടം തീര്‍ക്കാനും നിലവിലെ നിക്ഷേപകര്‍ക്ക് ലാഭമെടുക്കാനുമുള്ള ഐപിഒകളില്‍ പെടാതിരിക്കുന്നതാണ് ബുദ്ധിയെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
ഓഹരി വിപണിയില്‍ റീട്ടെയ്ല്‍ നിക്ഷേപകരുടെ താല്പര്യം കൂടിയതോടെ സോഷ്യല്‍മീഡിയ വഴിയുള്ള തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. ഐപിഒകള്‍ക്ക് ഓവര്‍ ഹൈപ്പ് നല്കി കുഴിയില്‍ വീഴിക്കുന്ന സംഘടിത സംഘങ്ങളും സജീവമാണ്. സോഷ്യല്‍മീഡിയ ഹൈപ്പില്‍ കുടുങ്ങി നിക്ഷേപം നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം. വസ്തുതകളും കമ്പനിയുടെ സാമ്പത്തികനിലയും നോക്കി മാത്രം നിക്ഷേപം നടത്തുക. ഇതിനായി ഡ്രാഫ്റ്റ് റെഡ് ഹിയറിംഗ് പ്രോസ്പക്ട്‌സ് (DRHP) കൃത്യമായി വായിച്ച് വിലയിരുത്തല്‍ നടത്തുക.
Read DhanamOnline in English
Subscribe to Dhanam Magazine