പ്രാഥമിക ഓഹരി വിപണിയില്‍ അല്‍പ്പം ഇടവേളക്ക് ശേഷം, ഈ ആഴ്ചയില്‍ നിക്ഷേപകര്‍ക്കായി 3,491 കോടി രൂപയുടെ ഓഹരികളാണ് പൊതു വിപണിയിലെത്തുന്നത്. ഇതിൽ ഒരു പ്രധാന മെയിൻബോർഡ് റീറ്റ് (Real Estate Investment Trust, REIT) ഇഷ്യൂവും രണ്ട് എസ്എംഇ (SME) ഓഫറുകളും ആണ് ഉളളത്.
ബാഗ്മനെ പ്രൈം ഓഫീസ് റീറ്റ്: ഈ ആഴ്ച വിപണിയിലെത്തുന്ന കമ്പനികളില്‍ ഏറ്റവും കൂടുതല്‍ തുക 3,405 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ബാഗ്മനെ പ്രൈം ഓഫീസ് റീറ്റ് (Bagmane Prime Office REIT) ആണ്. നാളെ (മെയ് 5) ആരംഭിച്ച് മെയ് 7 ന് അവസാനിക്കുന്ന ഈ ഐപിഒയുടെ പ്രൈസ് ബാൻഡ് യൂണിറ്റ് ഒന്നിന് 95-100 രൂപയാണ്. 2,390 കോടി രൂപയുടെ പുതിയ ഓഹരികളും (Fresh issue) 1,015 കോടി രൂപയുടെ ഓഫർ ഫോർ സെയിലും അടങ്ങുന്നതാണ് ഐപിഒ. ബംഗളൂരുവിലെ ആറ് പ്രീമിയം ബിസിനസ് പാർക്കുകളുടെ പോർട്ട്‌ഫോളിയോയാണ് ഈ റീറ്റിന് സ്വന്തമായുളളത്. ഗൂഗിൾ, ആമസോൺ, എൻവിഡിയ തുടങ്ങിയ പ്രമുഖ ആഗോള ടെക് കമ്പനികളാണ് ഇവിടെ വാടകക്ക് എടുത്തിരിക്കുന്നത്.
എസ്എംഇ വിഭാഗത്തിൽ (SME Segment) രണ്ട് കമ്പനികളാണ് പൊതു വിപണിയിലേക്ക് പ്രവേശിക്കുന്നത്.
വാല്യൂ 360 കമ്മ്യൂണിക്കേഷൻസ്: മെയ് 4 ന് ആരംഭിച്ച് മെയ് 6 ന് ഐപിഒ അവസാനിക്കും. എൻഎസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമിലൂടെ 41.7 കോടി രൂപ സമാഹരിക്കാനാണ് കമ്പനി (Value 360 Communications) ഉദ്ദേശിക്കുന്നത്. ഓഹരിക്ക് 95-98 രൂപയാണ് വില.
റീകോഡ് സ്റ്റുഡിയോസ്: മെയ് 5 ന് ആരംഭിച്ച് മെയ് 7 ന് കമ്പനിയുടെ (Recode Studios) പൊതു ഓഹരി വില്‍പ്പന അവസാനിക്കും. ബിഎസ്ഇ എസ്എംഇ വഴി 44.6 കോടി രൂപ സമാഹരിക്കുന്ന ഓഹരിയുടെ വില 150-158 രൂപയാണ്.
ചാഞ്ചാട്ടം നിലനില്‍ക്കുന്ന ഓഹരി വിപണിയില്‍ നിലവില്‍ റീട്ടെയില്‍ നിക്ഷേപകര്‍ മികച്ച വരുമാനം നല്‍കുന്ന ഓഹരികള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ പ്രാഥമിക ഓഹരി വിപണിയില്‍ എത്തുന്ന കമ്പനികളെ വളരെ ശ്രദ്ധാപൂര്‍വമാണ് നിക്ഷേപകര്‍ സമീപിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine