ചാഞ്ചാട്ടങ്ങൾക്കിടയിലും പ്രാഥമിക ഓഹരി വിപണിയെ പ്രയോജനപ്പെടുത്താൻ തിടുക്കവുമായി ഇന്ത്യൻ കമ്പനികൾ. 2026 ല്‍ 2.55 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഐ.പി.ഒ. (Initial Public Offering) പൈപ്പ്‌ലൈനാണ് രൂപപ്പെട്ടിരിക്കുന്നത്. 2007 ന് ശേഷം ഏറ്റവും കൂടുതല്‍ ഐ.പി.ഒ കളാണ് ഈ വര്‍ഷം ഉണ്ടായത്. 2025 ലെ മികച്ച പ്രകടനത്തെ തുടർന്നാണ് അടുത്ത വര്‍ഷവും ഈ മുന്നേറ്റം കാണപ്പെടുന്നത്. 2025 ൽ ഏകദേശം 100 ഇന്ത്യൻ കമ്പനികളാണ് മെയിൻബോർഡ് ഓഫറിംഗുകളിലൂടെ 1.77 ലക്ഷം കോടി രൂപ സമാഹരിച്ചത്.
പുതിയ വർഷത്തേക്ക് നീണ്ട നിരയാണ് രൂപപ്പെട്ടിരിക്കുന്നത്.
• 88 കമ്പനികൾ ഏകദേശം 1.16 ലക്ഷം കോടി രൂപയുടെ ഐ.പി.ഒ.കൾക്ക് സെബി (SEBI) അംഗീകാരം നേടിക്കഴിഞ്ഞു.
• 104 കമ്പനികൾ ഏകദേശം 1.4 ലക്ഷം കോടി രൂപ സമാഹരിക്കുന്നതിന് സെബിയുടെ അനുമതി കാത്തിരിക്കുകയാണ്.
ഈ കുതിപ്പിന് കാരണം നിക്ഷേപകരുടെ ഊർജസ്വലമായ മനോഭാവം, ആസ്തികൾ പണമാക്കി മാറ്റാൻ ശ്രമിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി (PE) വെഞ്ച്വർ കാപിറ്റൽ ഫണ്ടുകൾ തുടങ്ങിയവയാണ്. കൂടാതെ പുതിയതും ചെറുതുമായ നിരവധി ബിസിനസുകളാണ് വിപുലീകരണം, പ്രവർത്തനങ്ങൾ സജ്ജമാക്കൽ, ബാധ്യതകൾ തിരിച്ചടയ്ക്കൽ തുടങ്ങിയവയ്ക്കായി മൂലധനം തേടുന്നത്.
വരുന്ന വർഷം പ്രാഥമിക വിപണിയിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രമുഖ കമ്പനികളിൽ എൻ.എസ്.ഇ. (NSE), റിലയൻസ് ജിയോ (Reliance Jio), മണിപ്പാൽ ഹോസ്പിറ്റൽസ് (Manipal Hospitals) എന്നിവയുടെ ഫയലിംഗുകൾ ഉൾപ്പെടുന്നു. 10,000 കോടി രൂപ സമാഹരിക്കാനായി ഡ്രാഫ്റ്റ് പേപ്പറുകൾ സമർപ്പിച്ച ഫോൺപേ (PhonePe) ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ലിസ്റ്റിംഗുകളിൽ ഒന്നാണ്. ഫ്ലിപ്കാർട്ട്, ഒയോ ഹോട്ടൽസ്, എസ്‌ബിഐ എംഎഫ് തുടങ്ങിയവയും 2026 ല്‍ ഐപിഒ ക്ക് ഒരുങ്ങുന്നുണ്ട്. സെപ്‌റ്റോ (Zepto), ബോട്ട് (Boat), ഓഫ്ബിസിനസ് (OffBusiness), കോർഫുഡ്സ് (CoreFoods) തുടങ്ങിയ ന്യൂ-ഏജ് കമ്പനികളും ഐ.പി.ഒ. കലണ്ടറിൽ ആവേശം നിറയ്ക്കാൻ സാധ്യതയുണ്ട്.
നിക്ഷേപക വികാരം കരുത്തോടെ നിലനില്‍ക്കുന്നതിനാല്‍ വിപണി ദുർബലമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറവാണെന്നും, ഇത് മറ്റൊരു ഊർജസ്വലമായ വർഷത്തിന് കളമൊരുക്കുമെന്നുമാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
IPO pipeline of ₹2.55 lakh crore in 2026.
Read DhanamOnline in English
Subscribe to Dhanam Magazine