പ്രതീകാത്മക ചിത്രം IPO Red flags
Markets

ഈ 6 സൂചനകൾ കാണുന്നുണ്ടെങ്കിൽ ഐ.പി.ഒയിൽ പണമിറക്കരുത്; കമ്പനി രേഖകളിൽ (RHP) നോക്കേണ്ട പ്രധാന റിസ്ക് ഘടകങ്ങൾ

ഐ.പി.ഒയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് RHP-യിലെ ലാഭക്ഷമത, ക്യാഷ് ഫ്ലോ, ഫണ്ട് വിനിയോഗം, വാല്യുവേഷൻ, ബാധ്യതകൾ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം

Dhanam News Desk

2026-ൽ ഇന്ത്യൻ പ്രാഥമിക വിപണിയിൽ ഐ.പി.ഒകളുടെ കുത്തൊഴുക്ക് തുടരുമ്പോഴും നിക്ഷേപകർക്ക് എല്ലായ്പ്പോഴും നേട്ടമില്ല; 37% ഇഷ്യൂകൾ ലിസ്റ്റിംഗ് ദിനത്തിൽ തന്നെ ഇഷ്യൂ വിലയ്ക്കു താഴെ ക്ലോസ് ചെയ്തു. 2022 മുതൽ ലിസ്റ്റ് ചെയ്ത ഓഹരികളിൽ അഞ്ചിൽ രണ്ടെണ്ണം ഇപ്പോഴും ഇഷ്യൂ വിലയ്ക്കു താഴെയാണ്. അതിനാൽ ആർ.എച്ച്.പി സൂക്ഷ്മമായി വായിച്ച് ലാഭക്ഷമത, ക്യാഷ് ഫ്ലോ, വാല്യുവേഷൻ, ഫണ്ട് വിനിയോഗം, നിയമ റിസ്കുകൾ, പ്രവർത്തന സമ്മർദ്ദം എന്നിവ പരിശോധിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യൻ പ്രാഥമിക വിപണിയിലേക്ക് (Primary Market) കമ്പനികൾ ഐ.പി.ഒകളുമായി (IPO) ഇടമുറിയാതെ കടന്നെത്തുകയാണ്. 2026 ഓഗസ്റ്റ് 26 വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 22,400 കോടി രൂപയാണ് കമ്പനികൾ ഐ.പി.ഒ വഴി സമാഹരിച്ചത്. രാജ്യത്തെ ഓഹരി വിപണിയുടെ നിയന്ത്രകരായ സെബി (SEBI) നൽകിയ അനുമതിയുടെ ഒരു വർഷ കാലാവധി സെപ്റ്റംബർ 30-ന് അവസാനിക്കുന്ന നിരവധി കമ്പനികൾ ഉള്ളതിനാൽ കൂടുതൽ ഐ.പി.ഒകൾ വരുന്ന ആഴ്ചകളിൽ വിപണിയിലെത്താൻ തയ്യാറെടുക്കുകയാണെന്നാണ് വിവരം.

എന്നാൽ ഐ.പി.ഒകളുടെ ഈ കുത്തൊഴുക്കിൽ നിന്നും നിക്ഷേപകർക്ക് എപ്പോഴും മികച്ച നേട്ടം ലഭിക്കണമെന്നില്ല. 2026-ൽ ഇതിനകം പുറത്തുവന്ന ഐ.പി.ഒകളിൽ 37 ശതമാനവും ലിസ്റ്റിംഗ് ദിനത്തിൽ തന്നെ ഓഹരിയുടെ ഇഷ്യൂ വിലയേക്കാൾ താഴെയാണ് ക്ലോസ് ചെയ്തത് (2025-ൽ ഇത് 33 ശതമാനമായിരുന്നു). മാത്രവുമല്ല, 2022 മുതൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികളിൽ അഞ്ചിൽ രണ്ടെണ്ണം വീതം ഇഷ്യൂ വിലയേക്കാൾ താഴെയാണ് നിലവിൽ വ്യാപാരം ചെയ്യപ്പെടുന്നത്.

പൊതുയിടത്തിൽ കാര്യമായ ബിസിനസ് ചരിത്രം ലഭ്യമല്ലാത്ത പുതിയ കമ്പനികളെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (RHP) മാത്രമാണ് നിക്ഷേപകർക്ക് മുന്നിൽ പ്രധാന രേഖയെന്ന നിലയിൽ ലഭ്യമായിട്ടുള്ളത്. നിക്ഷേപം നടത്തുന്നതിന് മുൻപ് ആർ.എച്ച്.പിയിൽ പരിശോധിക്കേണ്ട 6 നിർണായക കാര്യങ്ങൾ താഴെ നൽകുന്നു:

1. വളർച്ചയും ലാഭക്ഷമതയും വാല്യുവേഷനും

ഒരു കമ്പനി വേഗത്തിൽ വളരുന്നുണ്ടെങ്കിലും അതിന്റെ ലാഭക്ഷമതയിൽ കുറവോ വാല്യുവേഷൻ അമിതമോ ആണെങ്കിൽ അത് മികച്ച നിക്ഷേപമായിരിക്കില്ല. കണക്കുകളിൽ ലാഭം (Accounting profit) കാണിക്കുകയും എന്നാൽ പ്രവർത്തനങ്ങളിൽ നിന്ന് യഥാർത്ഥ പണമൊഴുക്ക് ഉണ്ടാകാതിരിക്കുകയും (Negative Cash Flow) ചെയ്യുന്ന കമ്പനികളുടെ ഐ.പി.ഒകൾ കൂടുതൽ സൂക്ഷ്മമായി വിലയിരുത്തണം.

2. ഐ.പി.ഒ വഴി സമാഹരിക്കുന്ന പണം എവിടേക്ക് പോകുന്നു?

സമാഹരിക്കുന്ന ഫണ്ട് ബിസിനസ് വിപുലീകരണത്തിനോ കടം വീട്ടാനോ ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇഷ്യൂവിൽ ഓഫർ ഫോർ സെയിൽ (OFS) വിഹിതമാണ് കൂടുതലെങ്കിൽ, നിലവിലുള്ള നിക്ഷേപകർ തങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് പണമാക്കുകയാണെന്ന് മനസ്സിലാക്കാം. ഇത് കമ്പനിയുടെ വളർച്ചയ്ക്ക് നേരിട്ട് പണം നൽകുന്നില്ല.

3. മുൻകാല ഓഹരി കൈമാറ്റ വിലകൾ

ഐ.പി.ഒയ്ക്ക് ഏതാനും മാസങ്ങൾക്ക് മുൻപ് പ്രൊമോട്ടർമാരും മറ്റ് വലിയ നിക്ഷേപകരും എത്ര രൂപയ്ക്കാണ് ഓഹരികൾ വാങ്ങിയതെന്ന് പരിശോധിക്കുക. ആറുമാസം മുൻപ് ഐ.പി.ഒ വിലയുടെ പകുതിക്ക് ഓഹരി സ്വന്തമാക്കിയെങ്കിൽ, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ മൂല്യം ഇരട്ടിയാകാൻ തക്ക നിർണായക മാറ്റങ്ങൾ ബിസിനസിൽ ഉണ്ടായിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണം.

4. ഉയന്ന ഉദ്യോ​ഗസ്ഥരുടെ ശമ്പളം

പ്രൊമോട്ടർമാർക്കും സീനിയർ മാനേജ്‌മെന്റിനും നൽകുന്ന ശമ്പളവും ആനുകൂല്യങ്ങളും സമാന സെക്ടറിലെ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യണം. കമ്പനിയുടെ വലുപ്പത്തിനും സാമ്പത്തിക പ്രകടനത്തിനും അനുയോജ്യമല്ലാത്തവിധം ഉയർന്ന വേതനം നൽകുന്നത് നെഗറ്റീവ് സൂചനയാണ്.

5. ആകസ്മിക ബാധ്യതകൾ

ബാലൻസ് ഷീറ്റിലെ നേരിട്ടുള്ള കടബാധ്യതകൾ മാത്രമല്ല അപകടം സൃഷ്ടിക്കുന്നത്. തർക്കത്തിലുള്ള നികുതി, തുടരുന്ന കോടതി കേസുകൾ, ഗ്യാരന്റികൾ തുടങ്ങിയ ആകസ്മിക ബാധ്യതകൾ (Contingent Liabilities) ഭാവിയിൽ കമ്പനിക്ക് വലിയ സാമ്പത്തിക തിരിച്ചടിയായേക്കാം. ഇവ ആർ.എച്ച്.പിയിലെ 'റിസ്ക് ഫാക്ടറുകളിൽ' വ്യക്തമായി രേഖപ്പെടുത്തിയിരിക്കും.

6. അടിക്കടിയുള്ള വിൽപ്പനയും പ്രവർത്തന മൂലധന സമ്മർദ്ദവും

അടിക്കടി ഓഹരികൾ വിൽപന നടത്തി (Equity dilution) കമ്പനിയുടെ മൂല്യം ചോർത്തുന്നതും, ദൈനംദിന ചിലവുകൾക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നതും (Working-capital stress) ആ സ്ഥാപനത്തിന്റെ സാമ്പത്തിക അടിത്തറ എത്രത്തോളം ദുർബലമാണെന്ന് വിളിച്ചോതുന്ന ഘടകങ്ങളാണ്.

ശ്രദ്ധിക്കേണ്ട മുഖ്യ ഘടകങ്ങൾ ഒറ്റനോട്ടത്തിൽ:

  • ലാഭക്ഷമത ----------► ക്യാഷ് ഫ്ലോ ഉണ്ടോ എന്ന് പരിശോധിക്കുക.

  • ഫണ്ട് വിനിയോഗം ----------► പണം കമ്പനിയുടെ വികസനത്തിനാണോ (Fresh Issue) അതോ പ്രൊമോട്ടറുടെ പക്കലേക്കോ (OFS)?

  • വാല്യുവേഷൻ ----------► മുൻകാല പ്രീ-ഐ.പി.ഒ വിലകളുമായി താരതമ്യം ചെയ്യുക.

  • നിയമപരമായ റിസ്കുകൾ----------► കണ്ടിൻജന്റ് ലയബിലിറ്റികൾ പരിശോധിക്കുക.

ചുരുക്കത്തിൽ ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം (GMP) മാത്രം നോക്കി ഐ.പി.ഒകളിൽ അപേക്ഷിക്കുന്നതിന് പകരം കമ്പനി പുറത്തിറക്കിയ ആർ.എച്ച്.പി രേഖകൾ വ്യക്തമായി പഠിക്കുന്നത് വഴി നഷ്ടസാധ്യതകൾ വലിയ അളവിൽ ഒഴിവാക്കാൻ സാധിക്കുമെന്ന് സാരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT