2025നെ പ്രാരംഭ ഓഹരി വില്‍പ്പനകളുടെ (IPO) വര്‍ഷമായാണ് കണക്കാക്കുന്നത്. 103 കമ്പനികള്‍ മെയിന്‍ ബോര്‍ഡ് ഐ.പി.ഒകളാണ് നടന്നത്. ഇതു വഴി സമാഹരിച്ചത് 1.76 ലക്ഷം കോടി രൂപയും. 2024ല്‍ രേഖപ്പെടുത്തിയ ഐ.പി.കളെ അപേക്ഷിച്ച് 10 ശതമാനം വര്‍ധനയുണ്ട്. ഇവിടം കൊണ്ടൊന്നും ഐ.പി.ഒ ആവേശം കുറയുന്നില്ലെന്നാണ് സെബിയുടെ പുതിയ ഡാറ്റകള്‍ കാണിക്കുന്നത്. ഏതാണ്ട് 202 കമ്പനികളാണ് പുതുവര്‍ഷത്തില്‍ ഐ.പി.ഒയാക്കായി തയാറാകുന്നത്. ഇതുവഴി 2.65 ലക്ഷം കോടി രൂപയും സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഇതിനകം തന്നെ 96 ഐ.പി.ഒകള്‍ക്ക് സെബിയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതു വഴി 1.25 ലക്ഷം കോടി രൂപയാണ് സമാഹരിക്കാനൊരുങ്ങുന്നത്.
ഇവിയില്‍ ഏഴെണ്ണം ന്യൂ ഏജ് ടെക് കമ്പനികളാണ്. ഇവ മാത്രം 22,500 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്.
റിലയന്‍സ് ജിയോ, ഫ്‌ളിപ്പ്കാര്‍ട്ട്, ഫോണ്‍പേ, എസ്ബിഐ മ്യൂച്വല്‍ ഫണ്ട് തുടങ്ങിയ വമ്പന്‍ കമ്പനികളാണ് പുതുവര്‍ഷത്തില്‍ ഓഹരി വിപണിയിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുന്നത്.
റിലയന്‍സ് ജിയോ (Reliance Jio): 2026-ലെ ഏറ്റവും വലിയ ലിസ്റ്റിംഗ് റിലയന്‍സ് ജിയോയുടേതാകാനാണ് സാധ്യത. 11 ലക്ഷം കോടി രൂപ മുതല്‍ 14 ലക്ഷം കോടി രൂപ വരെ മൂല്യം കണക്കാക്കുന്ന ജിയോ, ഇന്ത്യന്‍ ഓഹരി വിപണിയിലെ തന്നെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായി മാറും. റിലയന്‍സ് വിവിധ ബിസിനസുകളെ വിഭജിക്കാതെ ഒറ്റക്കമ്പനിക്ക് കീഴില്‍ നിലനിര്‍ത്തുന്ന രീതിയായിരുന്നു തുടര്‍ന്നിരുന്നത്. ധനകാര്യ സേവന ബിസിനസ് വിഭജിച്ചത് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ ലിസ്റ്റ് ചെയ്തതോടെയാണ് ഇതിന് മാറ്റം വന്നത്. ടെലികോം, റീറ്റെയില്‍ മേഖലകളിലെ സബ്‌സിഡിയറികളെയും ലിസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
ഫ്‌ളിപ്പ്കാര്‍ട്ട് (Flipkart): വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ഭീമനായ ഫ്‌ളിപ്പ്കാര്‍ട്ട് 2026-ന്റെ ആദ്യ പകുതിയോടെ വിപണിയിലെത്തിയേക്കും. 60-70 ബില്യണ്‍ ഡോളര്‍ മൂല്യമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സിംഗപ്പൂരില്‍ നിന്ന് ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുന്നത് ഐപിഒ നടപടികള്‍ വേഗത്തിലാക്കി.
ഫോണ്‍പേ (PhonePe): ഡിജിറ്റല്‍ പേയ്മെന്റ് മേഖലയിലെ പ്രമുഖരായ ഫോണ്‍പേ ഇതിനകം തന്നെ സെബിയുടെ (SEBI) അനുമതിക്കായി രഹസ്യ രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. 1.2 ബില്യണ്‍ ഡോളര്‍ മുതല്‍ 1.5 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
എസ്ബിഐ മ്യൂച്വല്‍ ഫണ്ട് (SBI MF): രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്മെന്റ് കമ്പനിയായ എസ്ബിഐ മ്യൂച്വല്‍ ഫണ്ട് ലിസ്റ്റ് ചെയ്യുന്നത് നിക്ഷേപകര്‍ക്ക് വലിയ അവസരമായിരിക്കും. ഫണ്ടിന്റെ 10 ശതമാനം ഓഹരികളാകും ഐപിഒ വഴി വിപണിയിലെത്തുക.
ഓയോ (OYO): ഹോസ്പിറ്റാലിറ്റി സ്റ്റാര്‍ട്ടപ്പായ ഓയോ നേരത്തെ മാറ്റിവെച്ച ഐപിഒ പ്ലാനുകള്‍ പുനരാരംഭിച്ചു കഴിഞ്ഞു. ലാഭക്ഷമത വര്‍ധിച്ചതോടെ നിക്ഷേപകരുടെ താല്‍പ്പര്യവും വര്‍ദ്ധിച്ചിട്ടുണ്ട്.
ദ്രുതഗതിയിലുള്ള വാണിജ്യ സേവനം നല്‍കുന്ന സെപ്റ്റോ (Zepto), പ്രമുഖ ഓഹരി വിപണി തന്നെയായ എന്‍എസ്ഇ (NSE), ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ട് (boAt), ക്ലീന്‍ മാക്സ് എന്‍വിറോ എനര്‍ജി തുടങ്ങിയവരും 2026-ലെ ഐപിഒ പൈപ്പ്ലൈനില്‍ ഉണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine