നിക്ഷേപകര്‍ കാത്തിരുന്ന ബില്യന്‍ബ്രെയിന്‍സ് ഗരാജ് വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ ഐ.പി.ഒ തുടങ്ങി. ഗ്രോ(Groww) എന്ന പേരില്‍ പ്രശസ്തമായ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിന്റെ മാതൃകമ്പനിയാണിത്. നവംബര്‍ ഏഴ് വരെയാണ് ഐ.പി.ഒ സബ്‌സ്‌ക്രിപ്ഷന് അവസരമുള്ളത്. ഓഹരിയൊന്നിന് 95-100 രൂപ വരെയാണ് പ്രൈസ് ബ്രാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 150 ഓഹരികളെങ്കിലും എടുക്കേണ്ടി വരും. 6,632.30 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. 1,060 കോടി രൂപ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്തും ബാക്കി 5,572.30 കോടി രൂപ ഓഫര്‍ ഫോര്‍ സെയിലുമായാണ് സമാഹരിക്കുന്നത്.
അതേസമയം, ഗ്രേ മാര്‍ക്കറ്റിലും കമ്പനിയുടെ ഓഹരികള്‍ക്ക് മികച്ച പ്രതികരണമാണ്. 17 രൂപ പ്രീമിയത്തിലാണ് ഇന്ന് കമ്പനിയുടെ ഓഹരികള്‍ ഗ്രേ മാര്‍ക്കറ്റിലുള്ളതെന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. അതായത് 17 രൂപയാണ് ഗ്രോ ഐ.പി.ഒയുടെ ജി.എം.പി (ഗ്രേ മാര്‍ക്കറ്റ് പ്രീമിയം). ഇഷ്യൂ ചെയ്യുന്ന വിലയേക്കാള്‍ നിക്ഷേപകര്‍ കൂടുതല്‍ കൊടുക്കാന്‍ തയ്യാറാകുന്ന തുകയാണ് ജി.എം.പി. ഓഹരികളുടെ അലോട്ട്‌മെന്റ് നവംബര്‍ എട്ടിനായിരിക്കുമെന്നാണ് വിവരം. ചിലപ്പോള്‍ ഇത് നവംബര്‍ പത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. നവംബര്‍ 12ന് ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കമ്പനിയുടെ മൂല്യം കണക്കാക്കിയതില്‍ വീഴ്ചയുണ്ടെന്ന തരത്തില്‍ വ്യാപക ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ലെന്‍സ്‌കാര്‍ട്ടിന്റെ ഐ.പി.ഒക്ക് രണ്ടാം ദിവസം ലഭിച്ചത് 2.02 മടങ്ങ് ബുക്കിംഗ്. ഒക്ടോബര്‍ 31ന് തുടങ്ങിയ ഐ.പി.ഒ സബ്‌സ്‌ക്രിപ്ഷന്‍ ഇന്ന് അവസാനിക്കും. 382-402 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. 69,700 കോടി മൂല്യം കണക്കാക്കി 7,278 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. ഐ.പി.ഒ അലോട്ട്‌മെന്റ് നവംബര്‍ ആറിന് നടക്കും. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കുള്ള റീഫണ്ട് വെള്ളിയാഴ്ച മുതല്‍ ലഭിച്ച് തുടങ്ങും.
ബി.എസ്.ഇയിലും എന്‍.എസ്.ഇയിലും നവംബര്‍ 10ന് ലെന്‍സ്‌കാര്‍ട്ട് ഓഹരികള്‍ ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഗ്രേ മാര്‍ക്കറ്റിലെ പ്രീമിയം 59 രൂപ വരെ എത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അങ്ങനെയെങ്കില്‍ 14.68 ശതമാനം കൂടുതല്‍ വിലയില്‍ ഓഹരിയൊന്നിന് 461 രൂപക്കെങ്കിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മോട്ടോര്‍ സൈക്കിള്‍ അക്‌സസറി നിര്‍മാതാക്കളായ സ്റ്റഡ്‌സ് അക്‌സസറീസ് ലിമിറ്റഡിന്റെ ഐ.പി.ഒക്ക് ലഭിച്ചത് മികച്ച പ്രതികരണം. സ്റ്റഡ്‌സ് അക്‌സസറീസിന്റെ ഐ.പി.ഒ അലോട്ട്‌മെന്റ് ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ 30ന് തുടങ്ങിയ ഐ.പി.ഒ സബ്‌സ്‌ക്രിപ്ഷന്‍ നവംബര്‍ മൂന്നിന് അവസാനിച്ചിരുന്നു. ഇന്ന് അലോട്ട്‌മെന്റുകള്‍ പ്രഖ്യാപിച്ചാല്‍ നവംബര്‍ ഏഴിന് ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യും. നിക്ഷേപകര്‍ക്ക് എന്‍.എസ്.ഇ, ബി.എസ്.ഇ, ഐ.പി.ഒ രജിസ്റ്റാര്‍ എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഐ.പി.ഒയുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.
77.86 ലക്ഷം ഓഹരികള്‍ ഓഫര്‍ സെയിലിലൂടെ വിറ്റഴിച്ച് 455.49 കോടി രൂപയാണ് സ്റ്റഡ്‌സ് സമാഹരിക്കാന്‍ ഉദ്ദേശിച്ചത്. ഓഹരിയൊന്നിന് 557-585 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരുന്നത്. മികച്ച പ്രതികരണമാണ് ഐ.പി.ഒക്ക് വിപണിയില്‍ ലഭിച്ചത്. സ്റ്റഡ്‌സ്, എസ്.എം.കെ ബ്രാന്‍ഡുകളില്‍ മോട്ടോര്‍സൈക്കിള്‍ ഹെല്‍മെറ്റുകളും അക്‌സസറികളും വിപണിയിലെത്തിക്കുന്ന കമ്പനിയാണിത്.
അതേസമയം, ഗ്രേ മാര്‍ക്കറ്റിലും സ്റ്റഡ്‌സ് ഓഹരികള്‍ക്ക് മികച്ച പ്രതികരണമാണ്. ഓഹരിയൊന്നിന് 70 രൂപ വരെ ജി.എം.പി എത്തിയെന്ന് ഗ്രേ മാര്‍ക്കറ്റ് നിരീക്ഷണ വെബ്‌സൈറ്റുകള്‍ പറയുന്നു. അതായത് ഐ.പി.ഒ ഇഷ്യൂവിനേക്കാള്‍ 70 രൂപ വരെ ഉയര്‍ന്നാകും വിപണിയില്‍ സ്റ്റഡ്‌സിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യാന്‍ സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine